കശ്മീര്‍ സര്‍വകക്ഷി യോഗം; കേന്ദ്രം മുഖം തിരിച്ചു; മുന്നോട്ടുള്ള വഴി ചോദ്യചിഹ്നം
text_fieldsന്യൂഡല്‍ഹി: കശ്മീരില്‍ വിവിധ ജനവിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ അടിയന്തര നടപടിക്ക് സര്‍ക്കാര്‍ തയാറാകണമെന്ന സര്‍വകക്ഷി യോഗത്തിലെ ആവശ്യത്തോട് കേന്ദ്ര സര്‍ക്കാര്‍ മുഖംതിരിച്ചതോടെ, കശ്മീര്‍ പ്രശ്നപരിഹാരത്തില്‍ മുന്നോട്ടുള്ള വഴി വലിയൊരു ചോദ്യചിഹ്നമായി. 34 ദിവസമായി സംഘര്‍ഷം നിലനില്‍ക്കുന്ന കശ്മീരിലേക്ക് സര്‍വകക്ഷി സംഘത്തെ അയച്ച് സാന്ത്വന സന്ദേശം നല്‍കാനോ ചര്‍ച്ചക്ക് വഴിതുറക്കാനോ സര്‍ക്കാര്‍ തയാറല്ല എന്നതില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അമ്പരപ്പ് പ്രകടിപ്പിച്ചു. സര്‍വകക്ഷി സംഘത്തെ അയക്കുന്ന വിഷയം കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല.
സുരക്ഷ, അഖണ്ഡത എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ ജമ്മു-കശ്മീരിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പരാതി പരിഗണിക്കാമെന്നാണ് യോഗത്തില്‍ പ്രധാനമന്ത്രി എടുത്ത നിലപാട്. ജനാധിപത്യ മാര്‍ഗത്തില്‍ കശ്മീരിലെ രാഷ്ട്രീയ പ്രക്രിയ പ്രോത്സാഹിപ്പിക്കും. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് അനുസരിച്ച് സമാധാനപരമായ പ്രശ്നപരിഹാരം കണ്ടത്തെുന്നതിന് സര്‍ക്കാര്‍ പ്രതിബദ്ധമാണ്. എന്നാല്‍, അത് എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ചോദ്യം ബാക്കി. വികസനമോ തൊഴിലോ അല്ല, രാഷ്ട്രീയമായ പ്രശ്നപരിഹാരമാണ് കശ്മീര്‍ തേടുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വികസന-തൊഴില്‍ പ്രശ്നങ്ങള്‍ക്ക് നടപടി സ്വീകരിച്ചു വരുന്നത് സ്ഥിതി മാറ്റിയെടുക്കുമെന്നാണ് സര്‍ക്കാര്‍ പക്ഷം. പ്രധാനമന്ത്രി 80,000 കോടി രൂപയുടെ പാക്കേജാണ് കശ്മീരിന് പ്രഖ്യാപിച്ചത്. 10,000 പേരുടെ അര്‍ധസേന രൂപവത്കരിക്കാനുള്ള തീരുമാനം ചെറുപ്പക്കാര്‍ക്ക് തൊഴിലവസരം നല്‍കുന്നുവെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
പാക് അധീന കശ്മീരിലെയും ബലൂചിസ്താനിലെയും മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ സര്‍വകക്ഷി യോഗം പ്രധാനമന്ത്രി ഉപയോഗപ്പെടുത്തി. ഇത് വരുംദിവസങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഇന്ത്യ ശ്രമിക്കും. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന പാക് അധീന കശ്മീരിലെ ജനങ്ങളുമായി ബന്ധപ്പെടാന്‍ വിദേശകാര്യ മന്ത്രാലയം ശ്രമിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. അതുവഴി മേഖലയിലെ ദയനീയ സ്ഥിതിയെക്കുറിച്ച വിശദാംശങ്ങള്‍ ശേഖരിച്ച് അന്താരാഷ്ട്ര സമൂഹവുമായി പങ്കുവെക്കണം.
പ്രതിപക്ഷ നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുകയോ പൂര്‍ണമായി തള്ളുകയോ ചെയ്തില്ളെന്നും അടുത്ത നടപടിക്ക് കാത്തിരിക്കുമെന്നുമാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. കശ്മീരില്‍ സമാധാന സ്ഥിതി പുന$സ്ഥാപിക്കപ്പെടാതെ തൃപ്തരാവില്ളെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.
യുവാവിന്‍െറ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് സുപ്രീംകോടതി
കശ്മീരില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട യുവാവിന്‍െറ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സുപ്രീംകോടതി ഉത്തരവ്. അന്വേഷണം സത്യസന്ധവും സുതാര്യവുമാക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജിമാരുടെ നേതൃത്വത്തിലാവണം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടതെന്ന് പി.സി. ഘോഷ്, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
കഴിഞ്ഞ ജൂലൈ 10നാണ് ശ്രീനഗറിലെ ബാതമലൂ മേഖലയില്‍ തെങ്പോറയില്‍ പൊലീസ് വെടിവെപ്പില്‍ ഷബീര്‍ അഹമ്മദ് മിര്‍ എന്ന 26കാരന്‍ കൊല്ലപ്പെട്ടത്. വീട്ടില്‍ കഴിഞ്ഞിരുന്ന യുവാവിനെയാണ് പൊലീസ് വെടിവെച്ചു കൊന്നതെന്നാണ് ഷബീറിന്‍െറ പിതാവ് അബ്ദുല്‍ റഹ്മാന്‍ മിര്‍ പറയുന്നത്. എന്നാല്‍, താഴ്വരയില്‍ പൊലീസിനെതിരെ നടന്ന പ്രക്ഷോഭത്തിനിടയിലാണ് യുവാവിന് വെടിയേറ്റതെന്നാണ് പൊലീസ് ഭാഷ്യം. ശ്രീനഗര്‍ ജില്ലാ, സെഷന്‍സ് ജഡ്ജിമാരുടെ മേല്‍നോട്ടത്തിലായിരിക്കണമെന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്ന ഉദ്യോഗസ്ഥന്മാരെ നിയോഗിക്കാനുള്ള സ്വാതന്ത്ര്യം ജഡ്ജിമാര്‍ക്കുണ്ടെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ അഞ്ചിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കശ്മീര്‍ എം.എല്‍.എ കസ്റ്റഡിയില്‍
കശ്മീരിനോടുള്ള കേന്ദ്രത്തിന്‍െറ അവഗണനയില്‍ പ്രതിഷേധിച്ച് 72 മണിക്കൂര്‍ ധര്‍ണക്കൊരുങ്ങിയ എം.എല്‍.എ ഷെയ്ഖ് അബ്ദുല്‍ റഷീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി അനുയായികളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രസ് കോളനിയില്‍ ധര്‍ണ നടത്താനാണ് അവാമി ഇത്തിഹാദ് പാര്‍ട്ടി എം.എല്‍.എയായ റഷീദ് തയാറെടുത്തത്.
കര്‍ഫ്യൂ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു
വിഘടനവാദികള്‍ ആഹ്വാനം ചെയ്ത മാര്‍ച്ചിന്‍െറ പശ്ചാത്തലത്തില്‍ കശ്മീരിലെ കൂടുതല്‍ ഭാഗങ്ങളിലേക്ക് കര്‍ഫ്യൂ വ്യാപിപ്പിച്ചു.
മറ്റിടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീനഗര്‍ ജില്ലയുടെ മുഴുവന്‍ ഭാഗങ്ങളിലും അനന്ത്നാഗ്, ഷോപിയാന്‍, ബാരമുല്ല, അവന്തിപോറ, പാംപോര്‍, ഗന്ദെര്‍ബാല്‍, ബുദ്ഗാം, ചനൂര, മാഗം, കുന്‍സെര്‍, ടാങ്മാര്‍ഗ്, പഠാന്‍ എന്നിവിടങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ ജനങ്ങളുടെ സഞ്ചാരത്തിന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കിംവദന്തികള്‍ പ്രചരിക്കുന്നത് തടയാന്‍ മൊബൈല്‍ ഫോണ്‍ സേവനം വിച്ഛേദിച്ചിരിക്കുകയാണ്.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തത്തെുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ നീറിപ്പുകയുകയാണ് സംസ്ഥാനം. കര്‍ഫ്യൂവും വിഘടനവാദികള്‍ ആഹ്വാനം ചെയ്ത ബന്ദും കാരണം തുടര്‍ച്ചയായ 35ാം ദിവസവും സാധാരണ ജീവിതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.