ഇറോം ശര്‍മിളയുടെ സമരം ഏറ്റെടുത്ത് വീട്ടമ്മ; മരണം വരെ നിരാഹാര സമരം നടത്തും
text_fieldsഇംഫാൽ: ഇറോം ശര്‍മിള 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ സമരം ഏറ്റെടുത്ത് 32 കാരിയായ മണിപ്പൂരി വനിത രംഗത്തെത്തി. സൈന്യത്തിന്‍റെ പ്രത്യേകാധികാര നിയമത്തിനെതിരെ മരണംവരെ നിരാഹാര സമരം നടത്തുമെന്നാണ് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ ആറംബാം റോബിത ലെയ്മ അറിയിച്ചിരിക്കുന്നത്.
ഇറോം ശർമിളയോടു തനിക്ക് ആദരവുണ്ടെന്നും അവർക്കു പൂർത്തീകരിക്കാൻ കഴിയാതെ പോയ ദൗത്യവുമായി താൻ മുന്നോട്ടുപോകുമെന്നും റോബിത പറഞ്ഞു. അതിനിടെ, നിരാഹാര സമരം നടത്താനുള്ള റോബിതയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും ഇതിൽനിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ട് നിരവധി വനിതാ സംഘടനകളുടെ നേതാക്കൾ രംഗത്തെത്തി. എന്നാൽ തന്‍റെ തീരുമാനത്തിൽനിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണു റോബിത.
ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കമ്യൂണിറ്റി ഹാളില്‍ ശനിയാഴ്ച രാവിലെ പത്തിന് അവര്‍ നിരാഹാര സമരം തുടങ്ങി.
ആഗസ്റ്റ് ഒമ്പതിനാണ് ഇറോം ശര്‍മിള 16 വർഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചത്. 2000 നവംബർ അഞ്ചിന് 28-ാം വയസ്സിലാണ് ഇറോം നിരാഹാരസമരം ആരംഭിക്കുന്നത്. ഇംഫാൽ വിമാനത്താവളത്തിനു സമീപം 10 പേർ അസം റൈഫിൾസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതു വ്യാജ ഏറ്റുമുട്ടൽ ആണെന്ന് ആരോപിച്ചാണു സൈന്യത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെ ഇറോം മരണം വരെ നിരാഹാരം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.