ബലൂചിസ്താന്‍: നയം മാറ്റം തിരിച്ചടിക്കുന്നു
text_fieldsന്യൂഡല്‍ഹി: മറ്റൊരു രാജ്യത്തിന്‍െറ ആഭ്യന്തര കാര്യത്തില്‍ ഇടപെടില്ളെന്ന പ്രഖ്യാപിത നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍ പാകിസ്താനിലെ ബലൂചിസ്താന്‍ പ്രശ്നം ഏറ്റുപിടിച്ചത് തിരിച്ചടിക്കുന്നു. കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാറിന്‍െറ കാലത്തെന്നപോലെ വീണ്ടുമൊരു ഇന്ത്യ-പാക് യുദ്ധജ്വരം സൃഷ്ടിക്കുന്നുവെന്ന പ്രതീതിയും ഇതിനൊപ്പം ഉയരുകയാണ്. cകശ്മീര്‍ വിഷയത്തില്‍ അടിക്കടി ഇടപെടുന്ന പാകിസ്താന് മറുമരുന്ന് എന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്താന്‍ എടുത്തിട്ടത്. എന്നാല്‍, ഈ നയംമാറ്റം ഇന്ത്യന്‍ നയതന്ത്ര, രാഷ്ട്രീയ വൃത്തങ്ങളില്‍ ഭിന്നാഭിപ്രായമാണ് ഉയര്‍ത്തിവിട്ടത്. ബലൂചിസ്താനില്‍നിന്നുതന്നെ എതിരഭിപ്രായം പൊന്തി. കശ്മീര്‍ വിഷയത്തില്‍ കൈകടത്താന്‍ പാകിസ്താന് കൂടുതല്‍ അവസരം നല്‍കുകയാണ് കേന്ദ്രം ചെയ്തതെന്ന കാഴ്ചപ്പാട് ശക്തമായി.
പാകിസ്താനില്‍ തങ്ങള്‍ക്കനുകൂലമായ വികാരം രൂപപ്പെടുത്താന്‍ മോദിയുടെ പ്രസ്താവന അവിടത്തെ നേതാക്കള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രകോപനമുണ്ടാക്കുന്ന, നിരുത്തരവാദപരമായ പ്രസ്താവനയാണ് മോദിയുടേതെന്ന് പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭുട്ടോ പറഞ്ഞു. കശ്മീരികള്‍, മുസ്ലിംകള്‍, ദലിതുകള്‍ എന്നിവര്‍ക്കെതിരെ നിര്‍ബാധം നടക്കുന്ന അതിക്രമങ്ങളുടെ കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ പ്രതിബദ്ധത കാട്ടുകയാണ് മോദി ആദ്യം ചെയ്യേണ്ടതെന്ന് ബിലാവല്‍ പറഞ്ഞു.
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ബലൂചിസ്താനില്‍ ഭീകരത വളര്‍ത്തുന്നുവെന്ന പാകിസ്താന്‍െറ നിലപാട് ശരിവെക്കുന്നതാണ് മോദിയുടെ പ്രസ്താവനയെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പ്രതികരിച്ചു. ഇന്ത്യയുടെ ഇടപെടലിന് തെളിവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെന്ന് ബലൂചിസ്താന്‍ പ്രവിശ്യാ ഭരണകൂട വക്താവ് അന്‍വാറുല്‍ ഹഖ് കാകര്‍ ജര്‍മന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ബലൂച് തീവ്രവാദികളെ പിന്തുണച്ച് പാകിസ്താനെ അസ്ഥിരപ്പെടുത്താന്‍ ഇന്ത്യയുടെയും അഫ്ഗാനിസ്താന്‍െറയും ചാരസംഘടനകള്‍ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ബലൂചിസ്താനില്‍ ഇന്ത്യക്ക് ഒരു പങ്കും വഹിക്കാനില്ളെന്ന് അവിടത്തെ മറ്റൊരു നേതാവും മുന്‍മുഖ്യമന്ത്രിയുമായ അതാവുല്ല മെംഗല്‍ പറഞ്ഞു. എന്നാല്‍, ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നതിന് ബലൂചിലെ നിരവധി ഗ്രൂപ്പുകള്‍ നന്ദി പറഞ്ഞതായി മോദി സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ ചെങ്കോട്ട പ്രസംഗത്തില്‍ അവകാശപ്പെട്ടിരുന്നു. പാക് അധീന കശ്മീരിന്‍െറ കാര്യത്തില്‍ ഇന്ത്യക്കുള്ള അവകാശവാദത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് മോദിയുടെ ബലൂചിസ്താന്‍ പരാമര്‍ശമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു. അവ്യക്തമായ വിഷയങ്ങള്‍ അനാവശ്യമായി ഉയര്‍ത്തുകയാണ് മോദി ചെയ്തതെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍ പറഞ്ഞു. ചെങ്കോട്ട പ്രസംഗത്തില്‍ ഈ വിഷയം ഉന്നയിക്കാന്‍ ആരാണ് മോദിയെ ഉപദേശിച്ചതെന്ന ചോദ്യവും കപില്‍ സിബല്‍ ഉയര്‍ത്തി.
എന്നാല്‍, കോണ്‍ഗ്രസ് ഒൗദ്യോഗികമായി ഈ രണ്ടു നേതാക്കള്‍ക്കുമൊപ്പമല്ല. പാകിസ്താന്‍ ഉദ്ദേശിച്ച വഴിക്ക് ഇന്ത്യയെ കൊണ്ടുപോകുന്നതാണ് മോദിയുടെ പ്രസ്താവനയെന്ന് നയതന്ത്ര രംഗത്തുള്ളവര്‍ വിലയിരുത്തുന്നു. കശ്മീരിലെ പാകിസ്താന്‍ കൈകടത്തലിനെ എതിര്‍ക്കാനുള്ള ധാര്‍മിക ശക്തി ഇന്ത്യക്ക് നഷ്ടപ്പെടുകയാണ് ചെയ്തത്്. ബലൂചിസ്താന്‍ വിഷയം ഉയര്‍ത്തിക്കാട്ടുന്നതു കൊണ്ട് കശ്മീരിലെ വെല്ലുവിളികള്‍ ഇല്ലാതാവുകയില്ല. രണ്ടു രാജ്യങ്ങളും സമാധാന സംഭാഷണങ്ങള്‍ക്ക് ഒരു മേശക്ക് ചുറ്റുമിരിക്കാനുള്ള അന്തരീക്ഷം ഇല്ലാതായിരിക്കുന്നുവെന്നും നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.