ഞാൻ വായ തുറന്നാൽ രാജ്യം കിടുങ്ങും; ദാവൂദ് ബന്ധത്തിൽ രാജിവെച്ച ബി.ജെ.പി മന്ത്രി
text_fieldsമുംബൈ: താൻ വായ തുറന്നാൽ രാജ്യം മുഴുവൻ കിടുങ്ങുമെന്ന് ‘ദാവൂദ് ബന്ധ’ത്തിെൻറ പേരിൽ മന്ത്രിസ്ഥാനം രാജിവെച്ച മഹാരാഷ്ട്ര ബി.ജെ.പി നേതാവ് ഏക്നാഥ് ഖഡ്സെ. എനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഞാൻ രാജിവച്ചു. പക്ഷെ, ഞാൻ വായ തുറന്നാൽ ഈ രാജ്യം മുഴുവൻ കിടുങ്ങും – ഖഡ്സെ പറഞ്ഞു.
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിെൻറ വീട്ടിൽനിന്ന് ഖഡ്സെയുടെ ഫോണിലേക്കു നിരവധി തവണ വിളി വന്ന സംഭവത്തെ തുടർന്നാണ് ഖഡ്സെ രാജിവെച്ചത്. രാജിവച്ച് ഒരു മാസത്തിന് ശേഷമാണ് ഖഡ്സെയുടെ പ്രതികരണം. സ്വന്തം നിയമസഭ മണ്ഡലമായ ജാലഗണിൽ തെൻറ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് വിവാദമായേക്കാവുന്ന പ്രസ്താവന ഖഡ്സെ നടത്തിയത്.
മഹാരാഷ്ട്ര റവന്യൂ മന്ത്രിയും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന ഏക്നാഥ് ഖഡ്സെയുടെ രാജി ഏറെ ചർച്ചയായിരുന്നു. ദാവൂദ് ബന്ധത്തിന് പുറമെ സർക്കാർ ഭൂമി കുറഞ്ഞ വിലക്കു ഭാര്യക്കും മരുമകനും കൈമാറിയതും രാജിക്ക് കാരണമായി.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ലക്ഷ്യംവെച്ചും ഖഡ്സെ സംസാരിച്ചു. മഹാരാഷ്ട്രയിൽ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിൽ താൻ വഹിച്ച പങ്ക് വളരെ വലുതാണ്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിക്കാൻ താനാണ് മുൻകൈയെടുത്തത്. സഖ്യം ഉപേക്ഷിച്ചില്ലായിരുന്നെങ്കിൽ മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് മുഖ്യമന്ത്രിയുണ്ടാവില്ലായിരുന്നു. പകരം ശിവസേനയുടെ മുഖ്യമന്ത്രിയാകും ഉണ്ടാവുകയെന്നും ഖഡ്സെ കൂട്ടിച്ചേർത്തു.
അതേസമയം, ഖഡ്സെയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് കോൺഗ്രസും എൻ.സി.പിയും ആവശ്യപ്പെട്ടു. ഖഡ്സെക്ക് ദാവൂദുമായോ ഭീകരസംഘടനകളുമായോ ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അറിയാം. ഇത് മനസിലാക്കാൻ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ്(എ.ടി.എസ്) ഖഡ്സെയെ ചോദ്യം ചെയ്യണമെന്ന് കോൺഗ്രസ് വക്താവ് അൽ നസീർ സഖറിയ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.