ഉത്തരാഖണ്ഡില്‍ മേഘസ്ഫോടനം: 30 മരണം
text_fieldsഡെറാഡൂണ്‍: മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 30 പേര്‍ മരിച്ചു. 25 പേരെ കാണാതാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും.
പിത്തോറഘട്ട്, ചമോലി, സിങ്ഗാലി പ്രദേശങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. നിരവധി ഗ്രാമങ്ങള്‍ നാമാവശേഷമായി. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് പൊടുന്നനെ വെള്ളപ്പൊക്കമുണ്ടാകുകയും നദികള്‍ കരകവിഞ്ഞ് ഒഴുകുകയുമായിരുന്നു. പ്രത്യേകപ്രദേശത്ത് ഇടിമിന്നലിനെതുടര്‍ന്ന് മേഘപാളികളുടെ അകമ്പടിയോടെയുള്ള കനത്ത മഴയാണ് മേഘവിസ്ഫോടനം. നൂറുകണക്കിന് വീടുകളും പാലങ്ങളും റോഡുകളും ഒലിച്ചുപോയി. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് നന്ദപ്രയാഗില്‍ ജലനിരപ്പുയര്‍ന്നു. അളകനന്ദ, മന്ദാകിനി നദികളുടെ ഇരുകരകളിലെയും വീടുകള്‍ അപകടഭീഷണിയിലാണ്. ചമോലി ജില്ലയിലെ ഗട്ടില്‍ വീടുകള്‍ നദിയില്‍ ഒലിച്ചുപോയി. മണ്ണിടിച്ചില്‍ രൂക്ഷമായ പിത്തോറഘട്ടില്‍നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ദാര്‍ഛുലയില്‍ സുര ഗ്രാമത്തിലെ ആയിരക്കണക്കിന് ഏക്കര്‍ കൃഷി പൂര്‍ണമായും നശിക്കുകയും മൂന്ന് പാലങ്ങള്‍ തകരുകയും ചെയ്തു. സിങ്ഗാലി ഭാഗത്ത് 25 പേരെ കാണാതായി. ഒഗ്ല, താല്‍ എന്നിവിടങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്.
ഋഷികേശ്-ബദരിനാഥ് ദേശീയപാത 58 ദേവപ്രയാഗിനുസമീപം അടച്ചു. പ്രമുഖ തീര്‍ഥാടന കേന്ദ്രമായ കേദാര്‍നാഥിലേക്കുള്ള ഹൈവേയില്‍ വലിയ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. യമുനോത്രി ഹൈവേയിലും ഗതാഗതം തടസ്സപ്പെട്ടു. ദുരന്തഭൂമിയിലേക്ക് ദേശീയ ദുരന്തനിവാരണ സേനയെ അയച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ അയക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തുമായി സംസാരിച്ച് സ്ഥിതിഗതി വിലയിരുത്തിയതായും സഹായം വാഗ്ദാനം ചെയ്തതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി രണ്ടുലക്ഷം രൂപവീതം പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം 54 മില്ലി മീറ്റര്‍ മഴയാണ് ഉത്തരാഖണ്ഡില്‍ രേഖപ്പെടുത്തിയത്. പ്രധാന നദികളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. നൈനിതാള്‍, ഉദ്ദംസിങ് നഗര്‍, ചമ്പാവാത്, അല്‍മോറ, പുരി, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അടുത്ത 74 മണിക്കൂറില്‍ കനത്ത മഴക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.