ഷീന ബോറയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ഡ്രൈവറുടെ മൊഴി
text_fieldsമുംബൈ: ഇന്ദ്രാണി മുഖര്‍ജി മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയുമായി ചേര്‍ന്നാണ് മകള്‍ ഷീന ബോറയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് ഇന്ദ്രാണിയുടെ മുന്‍ ഡ്രൈവറായ ശ്യാംവര്‍ റായിയുടെ കുറ്റസമ്മത മൊഴി. ഇവരെ താന്‍ സഹായിച്ചിരുന്നതായും ശ്യാംവര്‍ റായ് പറയുന്നു. മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
“2012 ഏപ്രില്‍ 24 ന് കാറിനുള്ളില്‍ വെച്ചാണ് മകള്‍ ഷീനയെ ഇന്ദ്രാണി കൊലപ്പെടുത്തിയത്. കാറിനുള്ളില്‍വെച്ച് ഇന്ദ്രാണി ഷീനയെ കഴുത്ത് ഞെരിച്ചു. താൻ അപ്പോള്‍ ഷീനയുടെ വായ അമർത്തിപിടിച്ചു. സഞ്ജീവ് ഖന്ന ഷീനയെ ബലമായി പിടിച്ചു വെച്ചിരിക്കുകയായിരുന്നു. ഇന്ദ്രാണി ഷീനയുടെ പുറത്ത് കയറിയിരുന്നാണ് കഴുത്ത് ഞെരിച്ചത്. ഇതിനിടയില്‍ ഷീന എന്റെ വിരല്‍ കടിച്ചുമുറിച്ചു.” മൊഴിയില്‍ ശ്യാംവര്‍ റായി പറയുന്നു.
സംഭവത്തിനിടെ ഇന്ദ്രാണിയും ഖന്നയും തമ്മില്‍ ഇന്ദ്രാണിയുടെ മകനെയും പീറ്റര്‍ മുഖര്‍ജിയുടെ മകനെയും കുറിച്ച് ഇംഗ്ലീഷില്‍ എന്തൊക്കെയോ സംസാരിച്ചെന്നും ശ്യാംവര്‍ റായി പറഞ്ഞു. കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്യുമ്പോള്‍ തന്റെ കൈയ്യില്‍ നിന്നും കണ്ടെടുത്ത തോക്ക് ഇന്ദ്രാണിയുടെ നിർദേശ പ്രകാരം തനിക്ക് കൈമാറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസം കേസില്‍ മാപ്പുസാക്ഷിയാകാന്‍ പ്രത്യേക സി.ബി.ഐ കോടതി ശ്യാംവര്‍ റായിക്ക് അനുവാദം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.