പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റൊഴിക്കല്‍: സെക്രട്ടറിതല ചര്‍ച്ച നാളെ
text_fieldsന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റൊഴിക്കണമെന്ന നിതി ആയോഗ് ശിപാര്‍ശയില്‍ കേന്ദ്രം നടപടികളാരംഭിക്കുന്നു. ആദായകരമല്ളെന്നും അടച്ചുപൂട്ടുകയോ ഓഹരി വിറ്റൊഴിക്കുകയോ ചെയ്യണമെന്ന് നിര്‍ദേശിച്ച് സമര്‍പ്പിച്ച സ്ഥാപനങ്ങളുടെ പട്ടിക പരിശോധിച്ച് തരംതിരിക്കാന്‍ മന്ത്രാലയതല സെക്രട്ടറിമാരുടെ സുപ്രധാന യോഗം ചൊവ്വാഴ്ച തലസ്ഥാനത്ത് നടക്കും.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 76 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 26 എണ്ണം അടച്ചുപൂട്ടണമെന്നും 22 എണ്ണത്തിന്‍െറ ഓഹരികള്‍ വിറ്റൊഴിക്കണമെന്നും ഹോട്ടലുകള്‍ ദീര്‍ഘകാല പാട്ടത്തിന് കൊടുക്കണമെന്നുമാണ് ആയോഗ് അധ്യക്ഷന്‍ അരവിന്ദ് പനഗിരിയുടെ നേതൃത്വത്തിലെ സമിതി പ്രധാനമന്ത്രിയുടെ ഓഫിസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നത്.
ഇതുവഴി 56,500 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. വിറ്റൊഴിക്കലിന് നിര്‍ദേശിച്ച സ്ഥാപനങ്ങളില്‍ എയര്‍ ഇന്ത്യ, ഫാക്ട്, ചെന്നൈ പെട്രോളിയം തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, പ്രതിപക്ഷപാര്‍ട്ടികളുടെ സംഘടിത പ്രതിഷേധമോ തൊഴിലാളി സംഘടനകളുടെ പ്രക്ഷോഭങ്ങളോ വിവാദങ്ങളോ ഉണ്ടാകാത്ത രീതിയില്‍ തന്ത്രപരമായ ഓഹരി ഒഴിയല്‍ ആണ് ആദ്യഘട്ടത്തില്‍ കേന്ദ്രം നടപ്പാക്കുക. ചില സ്ഥാപനങ്ങളെ ലയിപ്പിക്കാനും ശ്രമമുണ്ട്.
ഫാക്ട് വില്‍പനയല്ല, കൂടുതല്‍ ഉല്‍പാദനക്ഷമമാക്കുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നത് എന്നാണ് രാസ-വളം മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. എയര്‍ ഇന്ത്യയിലും തല്‍ക്കാലം കൈവെക്കാന്‍ ഇടയില്ല. എന്നാല്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷന്‍, നാഷനല്‍ ടെക്സ്റ്റൈല്‍ മില്‍സ്, സിമന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ഗോവ ആന്‍റിബയോട്ടിക്സ്, ഒറീസ ഡ്രഗ്സ് ആന്‍ഡ് കെമിക്കല്‍സ്, രാജസ്ഥാന്‍ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, സാംഭര്‍ സാള്‍ട്സ്, ഹിന്ദുസ്ഥാന്‍ സാള്‍ട്സ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ കേന്ദ്രത്തിന്‍െറ ഓഹരി വിറ്റൊഴിക്കുമെന്ന് ഉറപ്പാണ്. ഇവയുടെ ഓഹരി കേന്ദ്രസര്‍ക്കാര്‍ കൈവശം വെക്കേണ്ടതില്ല എന്നാണ് ആദ്യഘട്ട നിഗമനം.
അടച്ചുപൂട്ടുന്ന സ്ഥാപനങ്ങളുടെ ഭൂസ്വത്ത് വിറ്റ് വിഭവസമാഹരണം നടത്താനും ജീവനക്കാര്‍ക്ക് സ്വയംവിരമിക്കല്‍ പദ്ധതി നടപ്പാക്കാനുമാണ് ആലോചന. സാമ്പത്തിക പരിഷ്കരണ നടപടികളില്‍ പിന്നോട്ടില്ളെന്ന സന്ദേശം നിക്ഷേപകര്‍ക്ക് കൈമാറുകയാണ് ഓഹരി ഒഴിയല്‍ വഴി കേന്ദ്രം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.