ഡോ. സാക്കിര്‍ നായിക് സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തില്‍
text_fieldsന്യൂഡല്‍ഹി: പ്രശസ്ത ഇസ്ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായിക് കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തില്‍. ധാക്കയിലെ ഭീകരാക്രമണത്തില്‍ പങ്കാളിയായവരില്‍ ഒരാളുടെ ഫേസ്ബുക് പോസ്റ്റില്‍ സാക്കിര്‍ നായികിന്‍െറ പ്രസംഗത്തില്‍നിന്നുള്ള ഉദ്ധരണി കണ്ടത്തെിയെന്ന് ബംഗ്ളാദേശ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഭീകരര്‍ക്ക് പ്രചോദനമാകുമെന്ന സംശയത്തില്‍ സുരക്ഷാ ഏജന്‍സികള്‍ സാക്കിറിനെതിരെ തിരിഞ്ഞത്.
മുംബൈ സ്വദേശിയായ 50കാരന്‍ സാക്കിര്‍ നായിക് വിവിധ മതങ്ങളില്‍ പാണ്ഡിത്യമുള്ളയാളാണ്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തുന്ന ഇദ്ദേഹത്തിന് പീസ് ടി.വി എന്ന സ്വന്തം ചാനലുമുണ്ട്. ഇപ്പോള്‍ സൗദിയിലുള്ള അദ്ദേഹം തിരിച്ചത്തെിയാലുടന്‍ ചോദ്യംചെയ്യാനൊരുങ്ങുകയാണ് സുരക്ഷാ ഏജന്‍സികള്‍.
സാക്കിര്‍ നായിക് പ്രസിഡന്‍റായ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍െറ ദക്ഷിണ മുംബൈയിലെ ഡോംഗ്രിയിലുള്ള ഓഫിസ് പരിസരത്ത് പൊലീസിനെ വിന്യസിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സാക്കിര്‍ നായികുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആശങ്കക്ക് വകയുള്ളതാണെന്നും സുരക്ഷാ ഏജന്‍സികള്‍ അക്കാര്യം പരിശോധിച്ചുവരുകയാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. നായികിനെതിരെ എന്തുനടപടിയാണ് ഉണ്ടാവുകയെന്ന് മന്ത്രിയെന്നനിലക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ളെന്നും അദ്ദേഹം വ്യക്തമാക്കി. സാക്കിര്‍ നായികിന്‍െറ പ്രഭാഷണങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും പറഞ്ഞു.
അതിനിടെ, നായികിനെതിരെ തെളിവുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആവശ്യപ്പെട്ടു. പൊതുപരിപാടിയില്‍ ദിഗ്വിജയ് സിങ് സാക്കിര്‍ നായികിനെ ആലിംഗനം ചെയ്യുന്ന ചിത്രം സഹിതം വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് ദിഗ്വിജയ് ട്വിറ്ററില്‍ രംഗത്തുവന്നത്.
അതിനിടെ, സാക്കിര്‍ നായികിനെ തീവ്രവാദിയായി മുദ്രകുത്തുകയാണ് മാധ്യമങ്ങളെന്ന ആക്ഷേപവും ഉയര്‍ന്നു. ഇതുസംബന്ധിച്ച് പ്രസ് കൗണ്‍സിലിന് മുമ്പാകെ വെച്ച ഓണ്‍ലൈന്‍ പരാതിയില്‍ 15,000ലേറെ പേര്‍ ഒപ്പിട്ടു.
അതേസമയം, സാക്കിര്‍ നായികിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. നേരിട്ടോ അല്ലാതെയോ ഭീകരവാദത്തിന് പ്രേരണ നല്‍കുന്നത് കുറ്റകരമാണെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു. ദേശവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ അവര്‍ ആരായാലും സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.