ശ്രീനഗറിൽ നിരോധനാജ്ഞ; ഇൻറർനെറ്റിന് നിയന്ത്രണം
text_fieldsശ്രീനഗര്‍: യുവ ഹിസ്ബ് നേതാവിനെ ഏറ്റുമുട്ടലില്‍ വധിച്ചതിനെ തുടർന്ന് ശ്രീനഗർ നഗരത്തിൻെറ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പടിഞ്ഞാറൻ കശ്മീരിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. കുപ് വാരയിൽ പൊലീസിൻെറയും സൈന്യത്തിൻെറയും സുരക്ഷാ ചെക്ക് പോസ്റ്റുകൾക്ക് നേരെ തദ്ദേശീയരുടെ ആക്രമണമുണ്ടായി. കശ്മീർ താഴ്വരയിൽ മൊബൈൽ ഇൻറർനെറ്റിന് താൽക്കാലിത നിരോധം ഏർപെടുത്തി. അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ജമ്മു വഴിയുള്ള തീർത്ഥാടകരെ അമർനാഥിലേക്ക് കടത്തിവിടുന്നില്ല. ഇന്ന് സംസ്ഥാനത്ത് നടക്കാനിരുന്ന സ്കൂൾ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. വിവിധ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപെടുത്തി. ശ്രീനഗർ- ജമ്മു ദേശീയപാത അധികൃതർ അടച്ചിട്ടുണ്ട്.
വാനിയെ വധിച്ചതിൽ പ്രതിഷേധിച്ച് കശ്മീർ സ്തംഭിപ്പിക്കാൻ സയ്യിദ് അലി ഗീലാനി, മിർവൈസ് ഉമർ ഫാറൂഖ് എന്നീ വിഘടനവാദി നേതാക്കൾ ആഹ്വാനം ചെയ്തു. ഇവരെ പിന്നീട് വീട്ടുതടങ്കലിലാക്കി. ബുര്‍ഹാന്‍ വാനിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്ക്കാര ചടങ്ങിനെത്തുടർന്ന് സംഘർഷം ഉടലെടുക്കാതിരിക്കാൻ പ്രദേശത്ത് സുരക്ഷ കർശനമാക്കി.
സാമൂഹിക മാധ്യമങ്ങളിലൂടെ സായുധഗ്രൂപ്പുകളില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് കുപ്രസിദ്ധനായ ബുര്‍ഹാന്‍ വാനിയെ സൈന്യം ഇന്നലെയാണ് വധിച്ചത്. കോകര്‍നാഗ് പ്രദേശത്ത് നടന്ന ഓപറേഷനില്‍ 21കാരനായ ബുര്‍ഹാനും രണ്ട് കൂട്ടാളികളുമാണ് കൊല്ലപ്പെട്ടത്. ബംഡൂര ഗ്രാമത്തില്‍ കഴിഞ്ഞദിവസം രാവിലെ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഇയാളെ വധിക്കാനായത്. അനന്ത്നാഗില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടതിനുശേഷമാണ് ഇയാളുടെ അവസാന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്നും ഇത്തരം ആക്രമണങ്ങള്‍ നടത്താനാണ് ഇതില്‍ ആഹ്വാനം ചെയ്തിരുന്നത്. തന്‍െറ സഹോദരന്‍ സുരക്ഷാസേനയാല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ബുര്‍ഹാന്‍ ഇത്തരത്തില്‍ സുരക്ഷാസേനക്കെതിരെ ആക്രമണത്തിന് ആഹ്വാനം തുടങ്ങിയതെന്ന് പറയപ്പെടുന്നു. സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇയാളുടെ നിരവധി ചിത്രങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എടുത്തുകളഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.