സൽമാൻ വിവാദം: മേനക ഗാന്ധിയും ലളിത കുമാരമംഗലവും ഏറ്റുമുട്ടുന്നു
text_fieldsന്യൂഡൽഹി: വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ലളിത കുമാരമംഗലവും തമ്മിൽ വീണ്ടും ഏറ്റുമുട്ടുന്നു. ബലാൽസംഗ പരാമർശത്തിൽ സൽമാൻ ഖാൻ ഹാജരാകണമെന്ന വനിതാ കമ്മീഷന്‍റെ നിർദേശമാണ് ഇത്തവണ മന്ത്രിയെ ചൊടിപ്പിച്ചത്. കമ്മീഷന്‍റെ മുന്നിൽ നിരവധി ബലാൽസംഗ കേസുകൾ നിലനിൽക്കെ സെലിബ്രിറ്റികളുടെ കേസുകൾക്ക് മുൻഗണന നൽകേണ്ട കാര്യമില്ലെന്ന് ലളിത കുമാരമംഗലത്തോട് ഒരു യോഗത്തിൽ വെച്ച് മന്ത്രി തുറന്നടിച്ചെന്നാണ് റിപ്പോർട്ട്.
സൽമാന്‍റെ വിഷയത്തിൽ മൃദുസമീപനം സ്വീകരിച്ചാൽ അതൊരു കീഴ്വഴക്കമാകുമെന്നും കമീഷന്‍റെ നിർദേശങ്ങൾ അവഗണിക്കാൻ മറ്റുള്ളവർക്കും പ്രേരണ നൽകുമെന്നുമായിരുന്നു കുമാരമംഗലത്തിന്‍റെ മറുപടി.
എന്നാൽ, സൽമാനെതിരെ സമൻസ് അയക്കുന്നതിന് മുമ്പ് കൂടിയാലോചിക്കാത്തതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന.
ട്രോളിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് പരാതി നല്‍കുന്നതിന് വേണ്ടി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയ മന്ത്രിയുടെ തീരുമാനത്തെ കമീഷൻ അധ്യക്ഷ നേരത്തേ എതിർത്തിരുന്നു.
അതേസമയം, ബലാൽസംഗ പരാമർശവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയും സൽമാൻ ഖാൻ വനിതാ കമ്മീഷന് മുന്നിൽ ഹാജരായില്ല. സൽമാന്‍റെ ലീഗൽ സംഘത്തിന്‍റെ പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിച്ചു വരികയാണെന്നും ലളിത കുമാരമംഗലം മാധ്യമപ്രവർത്തകരെ അറിയിച്ചു.
വിഷയത്തിൽ നടനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് അവർ വ്യക്തമാക്കിയില്ല. മാപ്പ് പറയുകയോ കമീഷന് മുന്നിൽ ഹാജരാകുകയോ ചെയ്തില്ലെങ്കിൽ സൽമാനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അധ്യക്ഷ നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.