ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ വധം: കശ്മീരില്‍ വ്യാപക സംഘര്‍ഷം; 12 മരണം
text_fieldsശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് കശ്മീരില്‍ വ്യാപക സംഘര്‍ഷം. വിവിധ സംഭവങ്ങളില്‍ 12 പേര്‍ കൊല്ലപ്പെടുകയും 94 പൊലീസുകാരടക്കം 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏഴുപേര്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നും ഒരാള്‍ സംഘര്‍ഷത്തിനിടെ നദിയില്‍ വീണ് മരിക്കുകയായിരുന്നെന്നും അധികൃതര്‍ അറിയിച്ചു. മൂന്നു പൊലീസുകാരെ കാണാതായി. ഇവര്‍ കൊല്ലപ്പെട്ടതായി സംശയമുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്.
താഴ്വരയില്‍ പൊലീസും ജനക്കൂട്ടവും ഏറ്റുമുട്ടല്‍ തുടരുകയാണ്. ദക്ഷിണ കശ്മീരില്‍ സ്ഥിതി ഗുരുതരമാണ്. അനന്ത്നാഗ്, കുല്‍ഗാം, വാര്‍പോറ, ബാരാമുല്ല ജില്ലകളില്‍ സുരക്ഷാസേനക്കും പൊലീസിനുംനേരെ ശക്തമായ കല്ളേറുണ്ടായി. കുല്‍ഗാമിലെ ബി.ജെ.പി ഓഫിസിനുനേരെയും ആക്രമണമുണ്ടായി. എന്നാല്‍, ജമ്മുവിലെ മിക്ക ഭാഗങ്ങളും ശാന്തമാണ്.
അതിനിടെ, കൊല്ലപ്പെട്ട ബുര്‍ഹാന്‍െറ മൃതദേഹം ത്രാലില്‍ ഖബറടക്കി. വെള്ളിയാഴ്ച രാത്രിയോടെയാണ് മൃതദേഹം കുടുംബത്തിന് കൈമാറിയത്. മൃതദേഹം കാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. 40,000ത്തിലേറെ പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തതായാണ് ഒൗദ്യോഗിക വിവരം. പ്രശ്നങ്ങളൊഴിവാക്കാന്‍ ഖബറടക്കം നടന്ന പ്രദേശത്തുനിന്ന് പൊലീസും സൈന്യവും മാറിനിന്നു. ഒരു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സഹോദരന്‍ ഖാലിദിന്‍െറ ഖബറിടത്തിനു സമീപമാണ് ബുര്‍ഹാന്‍െറ ഖബറിടം ഒരുക്കിയത്. സഹോദരനും സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
ബുര്‍ഹാന്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് കശ്മീരില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, ബാങ്കുകള്‍ തുടങ്ങിയവ പ്രവര്‍ത്തിച്ചില്ല. ശ്രീനഗറിലും ദക്ഷിണ കശ്മീരിലെ പല ഭാഗങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍, ഇന്‍റര്‍നെറ്റ് സൗകര്യങ്ങളും തടഞ്ഞു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചു.
അമര്‍നാഥ് തീര്‍ഥാടകരെയടക്കം ഹൈവേയിലൂടെ സഞ്ചരിക്കുന്നത് തടഞ്ഞു. താഴ്വരയില്‍ സമാധാനം പുന$സ്ഥാപിക്കുന്നതുവരെ അമര്‍നാഥ് യാത്ര അനുവദിക്കില്ളെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ട്രെയിന്‍ സര്‍വിസും നിര്‍ത്തിവെച്ചിരിക്കയാണ്. ഞായറാഴ്ച നടക്കുന്ന യു.ജി.സി നെറ്റ് പരീക്ഷ സംസ്ഥാനത്ത് മാറ്റിവെച്ചു. പലയിടത്തും പ്രതിഷേധക്കാര്‍ റോഡുകളില്‍ തടസ്സം സൃഷ്ടിച്ചിരിക്കയാണ്. വിഘടനവാദി നേതാക്കളില്‍ ചിലര്‍ മുന്‍കരുതല്‍ തടങ്കലിലും ചിലര്‍ വീട്ടുതടങ്കലിലുമാണ്.
2014ലാണ് ബുര്‍ഹാന്‍ തന്‍െറ ആയുധം ധരിച്ചുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുതുടങ്ങിയത്. ബുര്‍ഹാന്‍െറ ചിത്രങ്ങള്‍ കശ്മീരില്‍ വ്യാപകമായി പ്രചരിച്ചതോടെ കൂടുതല്‍ യുവാക്കള്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ഗ്രൂപ്പില്‍ എത്തിച്ചേരാനുള്ള സാധ്യത വര്‍ധിച്ചു. തീവ്രഗ്രൂപ്പുകള്‍ പ്രചാരണത്തിന് ബുര്‍ഹാന്‍െറ മരണം ഉപയോഗിക്കുമെന്നും സുരക്ഷാവൃത്തങ്ങള്‍ ഭയക്കുന്നുണ്ട്.
കശ്മീരിലെ സംഘര്‍ഷം ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബുര്‍ഹാന്‍ തീവ്രവാദിയായിരുന്നെന്നും അയാളുടെ മരണത്തില്‍ ജനങ്ങള്‍ അനുശോചിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബുര്‍ഹാന്‍െറ വധം സായുധവിഭാഗങ്ങളെ ശക്തിപ്പെടുത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.