കോണ്‍ഗ്രസ് അയയുന്നു; ജി.എസ്.ടി കുരുക്ക് അഴിഞ്ഞേക്കും
text_fieldsന്യൂഡല്‍ഹി: ഏകീകൃത ചരക്ക്-സേവന നികുതി (ജി.എസ്.ടി) സംബന്ധിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ തര്‍ക്കം അയയുന്നു. ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കാന്‍ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളിലൊന്ന് കോണ്‍ഗ്രസ് പിന്‍വലിച്ചേക്കും. പരമാവധി നികുതിനിരക്ക് 18 ശതമാനം എന്നത് നിയമ ഭേദഗതിയില്‍ എഴുതിച്ചേര്‍ക്കണമെന്ന ആവശ്യത്തില്‍ ചര്‍ച്ചയാകാമെന്ന് രാജ്യസഭയിലെ കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവും മുന്‍ മന്ത്രിയുമായ ആനന്ദ് ശര്‍മ പറഞ്ഞു. നിബന്ധനകളില്‍നിന്ന് പിന്നോട്ടില്ളെന്ന കോണ്‍ഗ്രസിന്‍െറയും അതൊന്നും അംഗീകരിക്കാനാവില്ളെന്ന സര്‍ക്കാറിന്‍െറയും നിലപാടിനെ തുടര്‍ന്ന് ഇതുവരെ ജി.എസ്.ടി സംബന്ധിച്ച ചര്‍ച്ച വഴിമുട്ടി നില്‍ക്കുകയായിരുന്നു.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്ക പരിഹാരത്തിന് സംവിധാനം വേണം, പെട്രോള്‍-ഡീസല്‍, മദ്യം, പുകയില, വൈദ്യുതി എന്നിവയും ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്നിവയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ച മറ്റ് രണ്ട് ആവശ്യങ്ങള്‍. കോണ്‍ഗ്രസ് നിലപാടില്‍ അയവുവന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാവുകയും അവശേഷിക്കുന്ന രണ്ട് ആവശ്യങ്ങളില്‍ സമവായം ഉണ്ടാവുകയും ചെയ്താല്‍ നികുതിഘടനയില്‍ രാജ്യത്ത് പുതിയയുഗത്തിന് വഴിതുറക്കുന്ന ജി.എസ്.ടി ഭരണഘ ടനാ ഭേദഗതി ജൂലൈ 18ന് ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനത്തില്‍ പാസാകുമെന്നാണ് പ്രതീക്ഷ. കേരളം ഉള്‍പ്പെടെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് നേട്ടമായി മാറുന്ന ജി.എസ്.ടിക്ക് തമിഴ്നാട്ടിലെ എ.ഐ.ഡി.എം.കെ ഒഴികെയുള്ള പാര്‍ട്ടികളെല്ലാം അനുകൂലമാണ്.
ജി.എസ്.ടി എന്ന ആശയം കൊണ്ടുവന്നതും ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറായിരുന്നു. അന്ന് ബി.ജെ.പി അത് തടസ്സപ്പെടുത്തി. അധികാരത്തിലേറിയതോടെ തലകീഴ് മറിഞ്ഞ ബി.ജെ.പി, കോണ്‍ഗ്രസിന്‍െറ ജി.എസ്.ടി ബില്‍ പരിഷ്കരിച്ച് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. എന്നാല്‍, മൂന്ന് ആവശ്യങ്ങളുന്നയിച്ച് ഉടക്കിയ കോണ്‍ഗ്രസ് ബില്‍ പാസാക്കുന്നത് തടസ്സപ്പെടുത്തി തിരിച്ചടിച്ചു.
ലോക്സഭയില്‍ ബി.ജെ.പി സഖ്യത്തിന് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. അതുകൊണ്ടുതന്നെ മറ്റ് പാര്‍ട്ടികളെല്ലാം പിന്തുണച്ചാലും ഭരണഘടനാ ഭേദഗതി രാജ്യസഭ കടക്കാന്‍ കോണ്‍ഗ്രസിന്‍െറ പിന്തുണ മോദി സര്‍ക്കാറിന് അനിവാര്യമാണ്. കോണ്‍ഗ്രസിന് വഴങ്ങേണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച് ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ ചര്‍ച്ച വഴിമുട്ടിയത്.
കേരളത്തിലെയും അസമിലെയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തോല്‍വി കോണ്‍ഗ്രസിനെ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ദുര്‍ബലമാക്കിയിട്ടുണ്ട്. ജി.എസ്.ടി മുടക്കുന്നത് ഉയര്‍ത്തിക്കാട്ടി മോദിയും ബി.ജെ.പിയും നടത്തുന്ന കടന്നാക്രമണം പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നുവെന്ന് ഹൈകമാന്‍ഡ് തിരിച്ചറിയുന്നു.
മാത്രമല്ല, മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ജി.എസ്.ടിക്കുവേണ്ടി നിലകൊള്ളുമ്പോള്‍ എതിര്‍പ്പ് ഇനിയും തുടര്‍ന്നാല്‍ പ്രതിപക്ഷനിരയില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് ജി.എസ്.ടി വിഷയത്തില്‍ അയയുന്നത്. എന്നാല്‍, കോണ്‍ഗ്രസിന്‍െറ മറ്റ് ആവശ്യങ്ങളില്‍ സമവായ ചര്‍ച്ചക്ക് തയാറാകുന്നതിന്‍െറ സൂചന ഇതുവരെ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.