കശ്മീരിൽ സംഘർഷം തുടരുന്നു; മരണം 23
text_fieldsശ്രീനഗര്‍ : ഹിസ്ബുൽ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. 96 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇരുനൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണങ്ങളില്‍ പരിക്കേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറുപേര്‍ ഞായറാഴ്ച മരിച്ചു.
ശ്രീനഗർ അടക്കം കശ്മീർ താഴ് വരയിലെ 10 ജില്ലകളിൽ കർഫ്യൂ തുടരുകയാണ്. പരിക്കേറ്റ 300 പേരിൽ 90 പേർ സുരക്ഷാ ഉദ്യോഗസ്ഥരാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ജമ്മുവില്‍നിന്നുള്ള അമര്‍നാഥ് യാത്രക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചിക്കാത്ത സാഹചര്യത്തിൽ 15,000 ത്തോളം തീർഥാടകർ ജമ്മുവിലെ ക്യാമ്പിൽ തുടരുകയാണ്. തീർഥാടകർ കൂടുതലായി ഈ ക്യാമ്പിലേക്ക് എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണെങ്കിലും ഇന്നും യാത്ര തുടരാനാവില്ല.
ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം സാഹചര്യങ്ങള്‍ വിലയിരുത്തി. അര്‍ധ സൈനിക വിഭാഗത്തില്‍നിന്ന് 1200 പേരെക്കൂടി താഴ്വരയിലേക്ക് അയക്കാന്‍ യോഗം തീരുമാനിച്ചു. ക്രമസമാധാനനില നിയന്ത്രണവിധേയമാക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് ആഭ്യന്തരമന്ത്രി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ അറിയിച്ചു.
താഴ്വരയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും മരവിപ്പിച്ചിരിക്കുകയാണ്. ശ്രീനഗർ-ജമ്മു ദേശീയപാത ദിവസങ്ങളായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ട്രെയിനുകളും സർവീസ് നടത്തുന്നില്ല. സ്കൂളുകളിലെ പരീക്ഷകൾ മാറ്റിവെച്ചിരിക്കുകയാണ്.
എന്നാൽ ഞായറാഴ്ച നടന്ന ബുർഹാൻ വാനിയുടെ ശവസംസ്കാര ചടങ്ങിൽ നിരോധനാജ്ഞ മറികടന്ന് ആയിരങ്ങൾ പങ്കെടുത്തത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.