തന്ത്രം പിഴച്ചു; കശ്മീരില്‍ തീയണക്കാന്‍ കഴിയാതെ സര്‍ക്കാര്‍
text_fieldsന്യൂഡല്‍ഹി: കശ്മീരിലെ തീയണക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷപാര്‍ട്ടികളുടെയും സംസ്ഥാന സര്‍ക്കാര്‍ വിമത വിഭാഗങ്ങളുടെയും സഹായം തേടി. ബുര്‍ഹാന്‍ വാനിയെ വെടിവെച്ചുകൊല്ലുകയും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ അമര്‍ച്ചചെയ്യുന്നതിന് കടുത്ത ബലപ്രയോഗം നടത്തുകയും ചെയ്തതുവഴി സൈന്യത്തിനും ഭരണകൂടത്തിനും പിഴച്ചുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണിത്.
ഡല്‍ഹിയില്‍ ബന്ധപ്പെട്ടവരുടെ പ്രത്യേക യോഗം വിളിച്ചതിനു പിന്നാലെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല എന്നിവരെ ഫോണില്‍ വിളിച്ച് സമാധാനമുണ്ടാക്കാന്‍ സഹകരണം തേടുകയായിരുന്നു. തികച്ചും അസാധാരണമായ സഹായാഭ്യര്‍ഥനയാണ് ആഭ്യന്തരമന്ത്രിയില്‍നിന്ന് ഉണ്ടായത്. മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി, ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാക്കളുമായും ബന്ധപ്പെട്ടു.
പുകയുന്ന കശ്മീരില്‍ സേനക്കും ഭരണകൂടത്തിനും തലവേദന ഉയര്‍ത്തിയ ബുര്‍ഹാന്‍ വാനിയെ ജീവനോടെ പിടികൂടാന്‍ ശ്രമിക്കുന്നതിനു പകരം, സൈനികനീക്കത്തിലൂടെ ബോധപൂര്‍വം വകവരുത്തിയെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. മഹ്ബൂബ മുഫ്തിയുടെ ഉപതെരഞ്ഞെടുപ്പുഫലം പുറത്തുവരാന്‍ വേണ്ടി മാത്രം കാത്തുനില്‍ക്കുകയും തൊട്ടുപിന്നാലെ സൈനികനീക്കം ഉണ്ടാവുകയും ചെയ്തെന്നാണ് ആരോപണം.
ഇതിന് ബോധപൂര്‍വം പദ്ധതി നീക്കിയെന്ന് സംസ്ഥാനത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുര്‍ഹാന്‍ വാനി ജീവിച്ചിരിക്കുന്നതിനെക്കാള്‍ വലിയ അപകടമാണ് കൊലപാതകം നടന്നതിലൂടെ കശ്മീരിന് ഉണ്ടായിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സൈന്യത്തിന്‍െറ അതിക്രമങ്ങളോടുള്ള രോഷം വീണ്ടും അണപൊട്ടുന്നതിനാണ് ബുര്‍ഹാന്‍െറ കൊല വഴിവെച്ചത്. വിലക്കുകള്‍ തട്ടിമാറ്റി ആയിരങ്ങളാണ് ഖബറടക്ക ചടങ്ങിലും പ്രതിഷേധങ്ങളിലും പങ്കെടുത്തത്.
1990ലും 2010ലും ഉണ്ടായതിനു സമാനമായ കടുത്ത സംഘര്‍ഷത്തിലേക്കാണ് കശ്മീര്‍ താഴ്വര എടുത്തെറിയപ്പെട്ടിരിക്കുന്നത്. 15 പേര്‍ക്ക് ഒരാളെന്ന തോതില്‍ സൈന്യത്തിന്‍െറ സാന്നിധ്യവും, സേനക്ക് പ്രത്യേകാധികാരവും നിലവിലുള്ള ജമ്മു-കശ്മീരിലേക്ക് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ച മോദിസര്‍ക്കാര്‍, തീയണക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടുകയല്ലാതെ മാര്‍ഗമില്ളെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സഹായം അഭ്യര്‍ഥിച്ചത്.
കശ്മീര്‍പ്രശ്നത്തെ സൈനികബലംകൊണ്ട് അടിച്ചമര്‍ത്തുന്നതിനപ്പുറം, രാഷ്ട്രീയമായ പരിഹാരം തേടുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍മപരിപാടി എവിടെയും ദൃശ്യമല്ല. സേനക്ക് പ്രത്യേകാധികാരം നല്‍കുന്ന ‘അഫ്സ്പ’ നിയമം പിന്‍വലിക്കാനുള്ള സാധ്യത തേടുമെന്ന ബി.ജെ.പി-പി.ഡി.പി സര്‍ക്കാര്‍ വാഗ്ദാനം കഴമ്പില്ലാത്ത ഒന്നായി മാറി.
കശ്മീര്‍ ജനതയുടെ വിശ്വാസമാര്‍ജിക്കാനുള്ള നടപടികള്‍ ഒന്നുമില്ല. ബി.ജെ.പിയുമായി കൂട്ടുചേര്‍ന്നതോടെ പി.ഡി.പിയോടുള്ള വിശ്വാസ്യതയിലും വന്‍ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇതത്രയും കശ്മീരിലെ തീ കൂടുതല്‍ ആളിക്കത്തിക്കുന്ന ഘടകങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.