കശ്മീര്‍ സംഘര്‍ഷം: പ്രധാനമന്ത്രിയുടെ യോഗത്തില്‍ കശ്മീരിന് പ്രാതിനിധ്യമില്ലെന്ന് ഉമര്‍ അബ്ദുല്ല
text_fieldsന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആഫ്രിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് ഇന്ന് തിരിച്ചത്തെിയശേഷമാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉന്നതതലയോഗം. അതേ സമയം യോഗത്തില്‍ കാശ്മീരില്‍ നിന്നുള്ള ഒരു പ്രതിനിധിയെയും പങ്കെടുപ്പിക്കാത്തതിനെതിരെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല രംഗത്തുവന്നു.
‘ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് ഇപ്പോള്‍ സംസ്ഥാനം വിട്ട് പോകാനാവില്ല. എന്നാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയെങ്കിലും സംസ്ഥാന മുഖ്യമന്ത്രിയെ യോഗത്തില്‍ പങ്കെടുപ്പിക്കാമായിരുന്നു. ആവശ്യമില്ലാത്ത നിരവധി കാര്യങ്ങള്‍ക്കായി നാം വിഡിയോ കോണ്‍ഫറന്‍സ് ഉപയോഗിക്കുന്നുണ്ട്. പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളിലായിരുന്നു അത് ഉപയോഗിക്കേണ്ടത്’-ഉന്നതതല യോഗത്തില്‍ സംസ്ഥാനത്തിന് പ്രാതിനിധ്യം നല്‍കാത്തതിനെ വിമര്‍ശിച്ച് ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ തുടങ്ങിയവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.
ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപുറപ്പെട്ട കശ്മീരില്‍ നാലാം ദിവസവും കര്‍ഫ്യൂ തുടരുകയാണ്. സംഘര്‍ഷങ്ങളില്‍ ഇതുവരെ 30 പേര്‍ മരിച്ചു. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ 300 കടന്നു. തിങ്കളാഴ്ചയും താഴ്വരയിലെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാസേനയും പ്രക്ഷോഭകരും ഏറ്റുമുട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.