Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരുണാചലിൽ കോൺഗ്രസ്...

അരുണാചലിൽ കോൺഗ്രസ് സർക്കാറിനെ സുപ്രീംകോടതി പുന:സ്ഥാപിച്ചു

text_fields
bookmark_border
അരുണാചലിൽ കോൺഗ്രസ് സർക്കാറിനെ സുപ്രീംകോടതി പുന:സ്ഥാപിച്ചു
cancel

ന്യൂഡല്‍ഹി: പിരിച്ചുവിടപ്പെട്ട സര്‍ക്കാറിനെ തല്‍സ്ഥാനത്ത് പുന$സ്ഥാപിച്ച് സുപ്രീംകോടതിയുടെ അപൂര്‍വ വിധി. അരുണാചല്‍ പ്രദേശിലെ നബാം തുകിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെയാണ് ജസ്റ്റിസുമാരായ ജെ.എസ്. ഖേഹാര്‍, ദീപക് മിശ്ര, മദന്‍ ബി ലോക്കൂര്‍, പി.സി ഘോസെ, എന്‍.വി. രമണ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുന$സ്ഥാപിച്ചത്. വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രിയായി നബാം തുകി ചുമതലയേറ്റു. ഡല്‍ഹി അരുണാചല്‍ ഭവനിലായിരുന്നു സ്ഥാനാരോഹണച്ചടങ്ങ്. രാജ്യത്താദ്യമായാണ് ഒരു സര്‍ക്കാറിനെ മാറ്റി പഴയ സര്‍ക്കാറിനെ ആ സ്ഥാനത്ത് കൊണ്ടുവരുന്ന ചരിത്രവിധി സുപ്രീംകോടതിയില്‍നിന്ന് ഉണ്ടാകുന്നത്. അതേസമയം, നബാം തുകി സര്‍ക്കാറിനെ മറിച്ചിട്ട് പുതിയ സര്‍ക്കാറിന് അണിയറനീക്കം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കും സുപ്രീംകോടതി ഇടപെടല്‍ കനത്ത പ്രഹരമായി. അരുണാചല്‍ ഗവര്‍ണര്‍ രാജ്കോവയെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച സുപ്രീംകോടതി, ഗവര്‍ണര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാകരുതെന്ന് മുന്നറിയിപ്പ് നല്‍കി.   60 അംഗ അരുണാചല്‍ പ്രദേശ് സര്‍ക്കാറില്‍ 47 പേരുടെ പിന്തുണയുമായി ഭരണം നടത്തുകയായിരുന്ന കോണ്‍ഗ്രസിലുണ്ടായ ഭിന്നത ഗവര്‍ണറുടെ സഹായത്തോടെ മോദിയും അമിത് ഷായും ഉപയോഗപ്പെടുത്തിയതാണ് നിയമയുദ്ധത്തിലേക്ക് നയിച്ചത്.

മുഖ്യമന്ത്രി നബാം തുകിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരംപോലും നല്‍കാതെ തങ്ങളുടെ 11 എം.എല്‍.എമാരെയും 21 വിമത കോണ്‍ഗ്രസ് എം.എല്‍.എമാരെയും രണ്ട് സ്വതന്ത്രരെയും കൂട്ടി ബി.ജെ.പിയുണ്ടാക്കിയ സര്‍ക്കാറിനെയാണ് സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയത്.
ഗവര്‍ണര്‍ സ്വയം രാഷ്ട്രീയ കലഹത്തിനിറങ്ങരുതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍നിന്നും രാഷ്ട്രീയ കൗശലങ്ങളില്‍നിന്നും ഗവര്‍ണര്‍ മാറിനില്‍ക്കണം. പാര്‍ട്ടികള്‍ തമ്മിലോ പാര്‍ട്ടികള്‍ക്കുള്ളിലോയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടില്ല. 47 എം.എല്‍.എമാരുണ്ടായിരുന്ന കോണ്‍ഗ്രസില്‍ വിഘടിച്ചുനിന്ന 21 പേര്‍ക്ക് നിയമത്തിന്‍െറ പിന്‍ബലമില്ല. അത്തരമൊരു ഗ്രൂപ്പിനെ ഗവര്‍ണര്‍ പിന്തുണക്കേണ്ട കാര്യമില്ല.

നബാം തുകിക്കും കോണ്‍ഗ്രസിനും അംഗബലമില്ലായിരുന്നുവെങ്കില്‍ നിയമസഭയില്‍  ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ഗവര്‍ണര്‍ രാജ്കോവ ചെയ്യേണ്ടിയിരുന്നത്. വിഘടിച്ചുനിന്ന ഗ്രൂപ്പിന് അനുസൃതമായ ഗവര്‍ണറുടെ പ്രവര്‍ത്തനം ഭരണഘടനാവിരുദ്ധമാണെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചു. എം.എല്‍.എമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് ഒരധികാരവുമില്ല. അതിനുള്ള സ്പീക്കറുടെ അധികാരത്തില്‍ ഇടപെടാനുമാവില്ല. സ്വന്തം ഇഷ്ടപ്രകാരം നിയമസഭാ സമ്മേളനം നിശ്ചയിക്കാനും അജണ്ട തീരുമാനിക്കാനുമുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. അതിനാല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത ഡിസംബര്‍ ഒമ്പതിലെ ഗവര്‍ണറുടെ ഉത്തരവും സ്പീക്കറെ നീക്കം ചെയ്യാനായി അയച്ച അനുബന്ധ അജണ്ടയും ഭരണഘടനാവിരുദ്ധമാണെന്നും അത് റദ്ദാക്കുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.  അതിനിടെ, നബാം തുകി സര്‍ക്കാറിനെ പുന$സ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞു. 

കഴിഞ്ഞ നവംബറിൽ നബാം ടുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ ഗവര്‍ണര്‍ പുറത്താക്കുകയും പിന്നീട്​ ഇൗ നടപടി ഹൈകോടതി റദ്ദാക്കുകയും ചെയ്​തതിനെ തുടർന്നാണ് അരുണാചലിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നയങ്ങളിൽ പ്രതിഷേധിച്ച്​ നിയമസഭാകക്ഷി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ പ്രഖ്യാപിച്ചതോടെയാണ് കുഴപ്പങ്ങള്‍ തുടങ്ങിയത്. അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 47ഉം ബി.ജെ.പി.ക്ക് 11 അംഗങ്ങളുമാണുള്ളത്.

പ്രതിപക്ഷമായ ബി.ജെ.പി.ക്കൊപ്പം കോണ്‍ഗ്രസ്സിലെ വിമത എം.എല്‍.എ.മാരും ചേര്‍ന്ന് അവിശ്വാസ പ്രമേയം പാസാക്കിയാണ് നബാം ടുക്കി സര്‍ക്കാറിനെ പുറത്താക്കിയത്. പിന്നീട് ഇവര്‍ ചേര്‍ന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ കാലിഖോ പുളിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. കഴിഞ്ഞ ഡിസംബര്‍ 16ന് 21 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറി 11 ബി.ജെ.പി എം.എല്‍.എമാര്‍ക്കും രണ്ടു സ്വതന്ത്രന്മാര്‍ക്കുമൊപ്പം ചേര്‍ന്ന് സ്പീക്കറെ ഇംപീച് ചെയ്തു. സ്പീക്കറുടെ അനുമതിയില്ലാതെ ഗവര്‍ണര്‍ ഇതിനായി നിയമസഭക്ക് പുറത്ത് ഒരു ഹോട്ടലില്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുകയായിരുന്നു. എന്നാല്‍, ഇതടക്കം നിയമസഭയെടുത്ത എല്ലാ തീരുമാനങ്ങളും ഗുവാഹതി ഹൈകോടതി റദ്ദാക്കി.

തുടർന്ന് കേന്ദ്ര മന്ത്രിസഭയുടെ ശിപാർശ പ്രകാരം അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. ഇതിനിടെ കാലിഖോ പുളിന്‍റെ നേതൃത്വത്തില്‍ 31 എം.എല്‍.എമാര്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശമുന്നയിച്ച് ഗവര്‍ണറെ കണ്ടതിനെ തുടര്‍ന്നാണ് രാഷ്ട്രപതിഭരണം അവസാനിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. എന്നാൽ, രാഷ്ട്രപതിഭരണം ഏർപ്പെടുത്താനുള്ള ശിപാര്‍ശ ചോദ്യംചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme courtArunachal Pradesh
Next Story