കശ്മീർ സർക്കാറും ജനങ്ങളും തമ്മിലുള്ള അകൽച്ചയാണ് പ്രശ്നം: ഉവൈസി
text_fieldsശ്രീനഗർ: ജനങ്ങളിൽ നിന്ന് സർക്കാർ അകന്നതാണ് കശ്മീരിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമിൻ പ്രസിഡന്‍റ് അസദുദീൻ ഉവൈസി. ജനങ്ങളുടെ ഒറ്റപ്പെടലും മോശം ഭരണവും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതും കശ്മീരിൽ പ്രശ്നങ്ങൾ വഷളാക്കുന്നുവെന്ന് ഹിന്ദു ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഉവൈസി വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്‍റെ ജനാസ നമസ്കാരത്തിൽ ഏതാനും ആയിരങ്ങളാണ് പങ്കെടുത്തത്. എന്നാൽ അന്ന് തന്നെ നടന്ന ഒരു തീവ്രവാദിയുടെ ജനാസ നമസ്കാരത്തിൽ 40,000ത്തോളം പേരാണ് പങ്കെടുത്തത്. ഭീകരവാദികൾ കൊല്ലപ്പെടുമ്പോൾ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. ജനങ്ങളും സർക്കാറും തമ്മിലുള്ള അകൽച്ചയാണ് ഇത് സൂചിപ്പിക്കുന്നതെന്നും മൂന്ന് തവണ പാർലമെന്‍റ് അംഗമായ ഉവൈസി പറഞ്ഞു.
കഴിഞ്ഞ മുന്ന് നാല് ദിവസങ്ങൾക്കുള്ളിൽ മുപ്പതോളം പേരാണ് കശ്മീരിൽ കൊല്ലപ്പെട്ടത്. മുൻ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്‍റെ മരണം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് കശ്മീരിൽ വീണ്ടും മെഹബൂബ സർക്കാർ രൂപവത്ക്കരിച്ചത്. ബി.ജെ.പി സർക്കാർ അധികാരത്തിലിരിക്കെ പുതിയ സർക്കാർ അധികാരമേറ്റെടുക്കാൻ ഇത്രയും സമയമെടുത്തത് എന്തിനായിരുന്നു എന്നും ഉവൈസി ചോദിച്ചു.
മുസ് ലിം നേതാവ് എന്ന നിലയിൽ താൻ ഐ.എസിനെ എതിർക്കുന്നു. എന്നാൽ ഐ.എസെന്ന പേരിൽ കുറ്റം ചുമത്തപ്പെട്ടവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയാണ് തെറ്റുകാരെ ശിക്ഷിക്കേണ്ടതെന്നും ഉവൈസി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.