പ്രതിക്കൂട്ടില്‍ മൂന്നു ഭരണഘടനാ കേന്ദ്രങ്ങള്‍
text_fieldsന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് മന്ത്രിസഭ പുന$സ്ഥാപിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ബി.ജെ.പിക്കും മോദി സര്‍ക്കാറിനും കനത്ത തിരിച്ചടിയായതിനൊപ്പം, മൂന്നു ഭരണഘടനാ സ്ഥാപനങ്ങള്‍ പ്രയോഗിച്ച വിവേചനാധികാരവും ചോദ്യം ചെയ്യുന്നു. കോണ്‍ഗ്രസിലെ പോര് മുതലാക്കി മന്ത്രിസഭ മറിച്ചിടാന്‍ കേന്ദ്രഭരണത്തിന്‍െറ സൗകര്യം ഉപയോഗപ്പെടുത്തിയ പ്രധാനമന്ത്രിയുടെ ഓഫിസാണ് സുപ്രീംകോടതി വിധിയോടെ ആദ്യം പ്രതിക്കൂട്ടിലായത്. ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാറിന്‍െറയും താല്‍പര്യങ്ങളില്‍ പങ്കാളിയാവുംവിധം കരുനീക്കം നടത്തി ഗവര്‍ണര്‍ പാവ മാത്രമായി. സ്പീക്കറുടെ തീരുമാനം മറികടന്ന് നിയമസഭാ സമ്മേളനം നേരത്തേയാക്കിയ ഗവര്‍ണറുടെ നടപടി അടക്കം നിരവധി ഭരണഘടനാ വിഷയങ്ങള്‍ ഉയര്‍ന്നിട്ടു പോലും രാഷ്ട്രപതി ഭരണത്തിനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് വിശദീകരണം ചോദിക്കുകപോലും ചെയ്യാതെ ഒപ്പുവെക്കുകയാണ് രാഷ്ട്രപതി ചെയ്തത്.
ഭരണകക്ഷിയുടെ ശിപാര്‍ശക്ക് മുന്‍തൂക്കം നല്‍കി നിയമസഭാ സമ്മേളനം വിളിക്കാന്‍ സ്പീക്കര്‍ക്ക് പരമാധികാരമുണ്ട്. എന്നാല്‍, അത് അസാധുവാക്കുന്നവിധം, നിശ്ചയിച്ചതിലും ഒരു മാസം മുമ്പേ നിയമസഭാ സമ്മേളനം ഒരു താല്‍ക്കാലിക വേദിയില്‍ വിളിപ്പിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. ഈ കടന്നുകയറ്റത്തെ സുപ്രീംകോടതി അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് ഗവര്‍ണര്‍ അവസരം നല്‍കിയില്ല. റിപ്പബ്ളിക് ദിനമാണെന്ന കാര്യംപോലും ബാധകമാകാതെയാണ് അരുണാചല്‍ പ്രദേശില്‍ ജനുവരി 26ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. സര്‍ക്കാറിനെ മറിച്ചിടാനുള്ള കേന്ദ്രത്തിന്‍െറ വ്യഗ്രതയും ധിറുതിയും ഇവിടെയെല്ലാം പ്രകടമായിരുന്നു.
വിമതശല്യം നേരിടുന്ന കോണ്‍ഗ്രസിന്‍െറ മന്ത്രിസഭകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ച മോദിസര്‍ക്കാറിന് രണ്ടു മാസത്തിനിടയില്‍ രണ്ടാം തവണയാണ് സുപ്രീംകോടതിയില്‍നിന്ന് കനത്ത തിരിച്ചടിയേറ്റത്. ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് മന്ത്രിസഭ അട്ടിമറിച്ചതിനെതിരായ സുപ്രീംകോടതി വിധിയും കേന്ദ്രത്തിന്‍െറ സ്വേച്ഛാപരമായ ഭരണഘടനാ ദുരുപയോഗത്തെ കടന്നാക്രമിച്ചു. സുപ്രീംകോടതി ഇടപെടലിനൊടുവില്‍ കോണ്‍ഗ്രസ് വീണ്ടും ഭരണത്തില്‍ വരുകയും ചെയ്തു.
ബി.ജെ.പിയിതര സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കാനും വേട്ടയാടാനും ബി.ജെ.പിയും മോദിസര്‍ക്കാറും പിന്നാമ്പുറ കരുനീക്കവും കുതിരക്കച്ചവടവും നടത്തുന്ന പ്രശ്നം അടുത്തയാഴ്ച തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ബഹളങ്ങള്‍ക്ക് വഴിവെക്കും. ഈ വിഷയത്തില്‍ ബി.ജെ.പിയും മോദി സര്‍ക്കാറും ഒറ്റപ്പെട്ട നിലയിലാണ്.
രാജ്ഭവനുകളില്‍ ആര്‍.എസ്.എസുകാരെ പ്രതിഷ്ഠിച്ച ബി.ജെ.പി സ്വന്തം അജണ്ട മുന്നോട്ടുനീക്കാന്‍ ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തുകയാണെന്നാണ് ആക്ഷേപം. ഫെഡറല്‍ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന വാഗ്ദാനം അധികാരമേറ്റപ്പോള്‍ മുന്നോട്ടുവെച്ച നരേന്ദ്ര മോദി സര്‍ക്കാര്‍, ജനാധിപത്യവിരുദ്ധമായി സംസ്ഥാനങ്ങളോട് പെരുമാറുന്നുവെന്ന് കോണ്‍ഗ്രസിനൊപ്പം വിവിധ പ്രതിപക്ഷ പാര്‍ട്ടികളും കുറ്റപ്പെടുത്തുന്നു. ഉത്തരാഖണ്ഡിനും അരുണാചല്‍ പ്രദേശിനും പിന്നാലെ മണിപ്പൂരിലെ വിമതപ്രശ്നം മുതലാക്കാനുള്ള ശ്രമത്തില്‍നിന്ന് ബി.ജെ.പി പിന്മാറുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. അന്വേഷണ ഏജന്‍സികള്‍ പിടിമുറുക്കുന്ന സ്ഥിതിയാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിങ് നേരിടുന്നത്. ഇതിനുമൊരു ഇടക്കാലാശ്വാസം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.