അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍
text_fieldsന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ നബാം തുകിയുടെ ഗവണ്‍മെന്‍റിനോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ രാജ്കോവ ആവശ്യപ്പെട്ടു. അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 47ഉം ബി.ജെ.പി.ക്ക് 11 അംഗങ്ങളുമാണുള്ളത്.
കഴിഞ്ഞ ദിവസം പിരിച്ചുവിടപ്പെട്ട സര്‍ക്കാറിനെ തല്‍സ്ഥാനത്ത് പുന$സ്ഥാപിച്ച് സുപ്രീംകോടതിയുടെ അപൂര്‍വ വിധിയുണ്ടായത്. അരുണാചല്‍ പ്രദേശിലെ നബാം തുകിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെയാണ് ജസ്റ്റിസുമാരായ ജെ.എസ്. ഖേഹാര്‍, ദീപക് മിശ്ര, മദന്‍ ബി ലോക്കൂര്‍, പി.സി ഘോസെ, എന്‍.വി. രമണ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുന$സ്ഥാപിച്ചത്.
വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രിയായി നബാം തുകി ചുമതലയേറ്റു. ഡല്‍ഹി അരുണാചല്‍ ഭവനിലായിരുന്നു സ്ഥാനാരോഹണച്ചടങ്ങ്. രാജ്യത്താദ്യമായാണ് ഒരു സര്‍ക്കാറിനെ മാറ്റി പഴയ സര്‍ക്കാറിനെ ആ സ്ഥാനത്ത് കൊണ്ടുവരുന്ന ചരിത്രവിധി സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായത്. അതേസമയം, നബാം തുകി സര്‍ക്കാറിനെ മറിച്ചിട്ട് പുതിയ സര്‍ക്കാറിന് അണിയറനീക്കം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കും സുപ്രീംകോടതി ഇടപെടല്‍ കനത്ത പ്രഹരമായി. അരുണാചല്‍ ഗവര്‍ണര്‍ രാജ്കോവയെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച സുപ്രീംകോടതി, ഗവര്‍ണര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
60 അംഗ അരുണാചല്‍ പ്രദേശ് സര്‍ക്കാറില്‍ 47 പേരുടെ പിന്തുണയുമായി ഭരണം നടത്തുകയായിരുന്ന കോണ്‍ഗ്രസിലുണ്ടായ ഭിന്നത ഗവര്‍ണറുടെ സഹായത്തോടെ മോദിയും അമിത് ഷായും ഉപയോഗപ്പെടുത്തിയതാണ് നിയമയുദ്ധത്തിലേക്ക് നയിച്ചത്.
മുഖ്യമന്ത്രി നബാം തുകിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരംപോലും നല്‍കാതെ തങ്ങളുടെ 11 എം.എല്‍.എമാരെയും 21 വിമത കോണ്‍ഗ്രസ് എം.എല്‍.എമാരെയും രണ്ട് സ്വതന്ത്രരേയും കൂട്ടി ബി.ജെ.പിയുണ്ടാക്കിയ സര്‍ക്കാറിനെയാണ് സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയത്.
ഗവര്‍ണര്‍ സ്വയം രാഷ്ട്രീയ കലഹത്തിനിറങ്ങരുതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍നിന്നും രാഷ്ട്രീയ കൗശലങ്ങളില്‍നിന്നും ഗവര്‍ണര്‍ മാറിനില്‍ക്കണം. പാര്‍ട്ടികള്‍ തമ്മിലോ പാര്‍ട്ടികള്‍ക്കുള്ളിലോയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടില്ല. 47 എം.എല്‍.എമാരുണ്ടായിരുന്ന കോണ്‍ഗ്രസില്‍ വിഘടിച്ചുനിന്ന 21 പേര്‍ക്ക് നിയമത്തിന്‍െറ പിന്‍ബലമില്ല. അത്തരമൊരു ഗ്രൂപ്പിനെ ഗവര്‍ണര്‍ പിന്തുണക്കേണ്ട കാര്യമില്ല.
കഴിഞ്ഞ നവംബറില്‍ നബാം ടുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ ഗവര്‍ണര്‍ പുറത്താക്കുകയും പിന്നീട് ഈ നടപടി ഹൈകോടതി റദ്ദാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അരുണാചലില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നയങ്ങളില്‍ പ്രതിഷേധിച്ച് നിയമസഭാകക്ഷി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ പ്രഖ്യാപിച്ചതോടെയാണ് കുഴപ്പങ്ങള്‍ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.