യു.പിയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഷീല ദീക്ഷിത്
text_fieldsന്യൂഡല്‍ഹി: ആറുമാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന യു.പിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍െറ പേര് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എന്നാല്‍, അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി, ബി.ജെ.പി എന്നിവക്കു പിന്നിലായി 403ല്‍ 25 സീറ്റുമായി നാലാം സ്ഥാനത്തേക്ക് ഒതുങ്ങിപ്പോയ കോണ്‍ഗ്രസ് മികച്ച നേതൃത്വത്തെ തേടുകയായിരുന്നു.
ഷീല ദീക്ഷിതിനെ നേതൃമുഖമായി അവതരിപ്പിക്കുന്നത് മൂന്നു സവിശേഷതകള്‍ കൊണ്ടാണ്. ഒന്ന്, ഡല്‍ഹിയില്‍ മൂന്നുവട്ടം മുഖ്യമന്ത്രിയായിരുന്നു. രണ്ട്, ബ്രാഹ്മണ മുഖം. മൂന്ന്, കോണ്‍ഗ്രസിന്‍െറ പ്രതാപകാലത്ത് യു.പിയില്‍ നേതാവായിരുന്ന ഉമാശങ്കര്‍ ദീക്ഷിതിന്‍െറ മരുമകളാണ് അവര്‍. ബ്രാഹ്മണ മുഖം പാര്‍ട്ടിയെ യു.പിയില്‍ നയിക്കണമെന്ന പ്രധാന നിര്‍ദേശമാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു തന്ത്രം രൂപപ്പെടുത്തുന്ന പ്രശാന്ത് കിഷോര്‍ ഹൈകമാന്‍ഡിന് മുന്നില്‍ വെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പു വിജയത്തില്‍ വലിയ പങ്കുവഹിച്ച തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍െറ ഉപദേശം സ്വീകരിക്കാന്‍ നേതൃത്വം തീരുമാനിച്ചു. രാമക്ഷേത്ര പ്രക്ഷോഭവുമായി ഇറങ്ങുന്നതിനുമുമ്പ് യു.പിയിലെ നല്ല പങ്ക് ബ്രാഹ്മണരും കോണ്‍ഗ്രസിനൊപ്പമായിരുന്നു.
കേവല ഭൂരിപക്ഷം കിട്ടിയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെതന്നെ മുഖ്യമന്ത്രിയാക്കാമെന്നാണ് ഷീല ദീക്ഷിതിനെ നേതൃമുഖമാക്കുന്ന തീരുമാനം വെളിപ്പെടുത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് വിശദീകരിച്ചത്. ഫലത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്നതിനേക്കാള്‍ പറ്റിയ നേതൃമുഖമെന്ന നിലയിലാണ് ഷീല ദീക്ഷിതിനെ അവതരിപ്പിക്കുന്നത്. ഡല്‍ഹിയില്‍ വലിയ സ്വീകാര്യതയാണ് ഷീല ദീക്ഷിതിനുണ്ടായിരുന്നത്. എന്നാല്‍, കോമണ്‍വെല്‍ത്ത് അഴിമതി വിഷയങ്ങള്‍ ഉയര്‍ന്നുവന്നത് പ്രതിച്ഛായ ഇടിച്ചു. ആം ആദ്മി പാര്‍ട്ടിയെ നയിച്ച അരവിന്ദ് കെജ്രിവാളിന്‍െറ മുന്നേറ്റത്തിനിടയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. 78കാരിയായ ഷീല ദീക്ഷിത് കേരള ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.സി.സി പ്രസിഡന്‍റായി രാജ്ബബ്ബറിനെ കഴിഞ്ഞദിവസം നിയോഗിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമത്തേിയിലെ രാജകുടുംബാംഗമായ സഞ്ജയ് സിങ്ങാണ് പ്രചാരണസമിതി ചെയര്‍മാന്‍.
കോണ്‍ഗ്രസിന് അധികാരത്തില്‍ വരാന്‍കഴിയില്ളെന്ന് ഉറപ്പുള്ള യു.പി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷീല ദീക്ഷിതിന് മടിയായിരുന്നു. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നതെന്നും അത് ഏല്‍പിച്ച ഹൈകമാന്‍ഡിനോട് നന്ദിയുണ്ടെന്നും പ്രഖ്യാപനത്തിനുശേഷം ഷീല ദീക്ഷിത് പ്രതികരിച്ചു. അമത്തേിയിലും റായ്ബറേലിയിലുമായി ഒതുങ്ങാതെ, യു.പിയില്‍ വ്യാപക പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധി ഇറങ്ങുമെന്ന പ്രതീക്ഷയും അവര്‍ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.