കശ്മീര്‍ ചോദിക്കുന്നത് സ്വാതന്ത്ര്യം –അരുന്ധതി റോയ്
text_fieldsന്യൂഡല്‍ഹി: സ്വാതന്ത്ര്യം എന്ന ആവശ്യം കശ്മീര്‍ ജനത വീണ്ടും ഉയര്‍ത്തുന്നതാണ് അവിടത്തെ ഇപ്പോഴത്തെ കാഴ്ചയെന്ന് പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടം സൈനികമായി അടിച്ചമര്‍ത്തുന്നതു വഴിയുള്ള ഒഴിച്ചുകൂടാനാവാത്ത പ്രത്യാഘാതങ്ങളാണ് ഉണ്ടാവുന്നതെന്ന് അരുന്ധതി വിലയിരുത്തി. നിയമവാഴ്ച ഉണ്ടായിക്കാണാനോ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാനോ അല്ല കശ്മീരികള്‍ പോരാടുന്നതെന്ന് ‘ഒൗട്ട്ലുക്’ ഇംഗ്ളീഷ് വാരികയില്‍ എഴുതിയ ലേഖനത്തില്‍ അരുന്ധതി പറഞ്ഞു. നിരായുധരായ പ്രതിഷേധകരെ വെടിവെച്ചിടുന്നതും പെല്ലറ്റ് തോക്കുകള്‍ കൊണ്ട് യുവാക്കളെ അന്ധരാക്കുന്നതുമൊക്കെ അപലപിക്കുമ്പോള്‍ തന്നെ, സുരക്ഷാ സേന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മാത്രമല്ല യഥാര്‍ഥത്തില്‍ ചര്‍ച്ചയാകേണ്ടത്.
കശ്മീരികള്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് പോരാടുന്നത്. അതിനു വേണ്ടി വെടിയുണ്ടയെ കല്ലുകൊണ്ട് നേരിടാന്‍ അവര്‍ തയാറാണ്. കൂട്ടത്തോടെ മരിക്കാന്‍ തയാറാണ്. ലോകത്തെ തന്നെ ഏറ്റവും കനത്ത സൈനിക മേഖലയില്‍ പരസ്യമായ വെല്ലുവിളി ഉയര്‍ത്തി മരണമോ തടങ്കലോ അനുഭവിക്കാനും അവര്‍ തയാറാണ്. ചെറുപ്പത്തിലേ മരിച്ചുവീഴുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ, ആയുധമെടുക്കാനും മരണം വരെ പോരാടാനും തയാര്‍. പതിവായി ആവര്‍ത്തിക്കുന്ന ദുരന്തങ്ങളിലൂടെ അവര്‍ അതു തെളിയിച്ചിട്ടുണ്ടെന്ന് അരുന്ധതി പറഞ്ഞു.
ഇന്ത്യന്‍ ഭരണകൂടത്തിനു മുമ്പിലെ ക്രമസമാധാന പ്രശ്നം മാത്രമല്ല അത്. രണ്ട് ആണവ ശക്തികള്‍ക്കിടയില്‍ ഞെരുങ്ങുന്ന ഒരു മേഖലക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത അപകടകരമായൊരു പ്രതിസന്ധിയാണത്. ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍, കൊല്ലും കൊലയും നിര്‍ത്തണം. സത്യസന്ധമായ സംഭാഷണങ്ങള്‍ നടക്കണം. അതിന്‍െറ വിഷയം ‘ആസാദി’ ആയിരിക്കണം.
കശ്മീരികള്‍ക്ക് ആസാദിയെന്നാല്‍ ശരിക്കും എന്താണ്? എന്തുകൊണ്ട് അത് ചര്‍ച്ചചെയ്തുകൂടാ? എന്നുമുതലാണ് ഭൂപടങ്ങള്‍ പവിത്രമായത്? എന്തു വിലകൊടുത്തും സ്വയംനിര്‍ണയത്തിനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കണമോ? ബോധമണ്ഡലത്തില്‍ ആയിരക്കണക്കായ സാധാരണക്കാരുടെ ചോരകൊണ്ടുനടക്കാന്‍ ഇന്ത്യന്‍ ജനത തയാറാണോ? കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കുള്ളില്‍ ഉണ്ടെന്നു പറയുന്ന സമവായം യഥാര്‍ഥത്തില്‍ ഉള്ളതോ, കെട്ടിച്ചമച്ചതോ? -അരുന്ധതി ചോദിക്കുന്നു. അങ്ങേയറ്റം സമാധാനപരമായി, ജനാധിപത്യ മാര്‍ഗത്തില്‍, സുതാര്യമായി, സമവായത്തില്‍ എത്താമെന്നതാണ് വിഷയം. അനന്തവും ഭയാനകവുമായൊരു ദുരന്തത്തിന് പോംവഴി വേണമെങ്കില്‍, വ്യക്തമായി ചിന്തിക്കാനും സ്വതന്ത്രമായി സംസാരിക്കാനും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ നിര്‍ഭയം ശ്രദ്ധിക്കാനും നമുക്ക് കഴിയണം. പുതിയൊരു ഉള്‍ക്കാഴ്ച നമുക്കുണ്ടാകണം. തര്‍ക്കത്തില്‍ ഉള്‍പ്പെട്ടുനില്‍ക്കുന്ന എല്ലാവര്‍ക്കും അത് ബാധകമാണ്. അതിലൂടെ മനോഹരമായ ചിലത് പുറത്തുവന്നേക്കാം -അരുന്ധതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.