ഉര്‍ദുഗാനും തുര്‍ക്കി ജനതക്കും ജമാഅത്തിന്‍െറ അഭിനന്ദനം
text_fieldsന്യൂഡല്‍ഹി: സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ പട്ടാള അട്ടിമറി വിഫലമാക്കിയ തുര്‍ക്കിയിലെ ജനങ്ങളെയും പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെയും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീര്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി അഭിനന്ദിച്ചു. തുര്‍ക്കിയില്‍ ജനാധിപത്യമാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമത്തെ ഉമരി അപലപിക്കുകയും ചെയ്തു.
സ്വന്തം ജനതക്ക് സാമ്പത്തിക അഭിവൃദ്ധി പ്രദാനം ചെയ്ത മേഖലയിലെ പ്രധാന ശക്തിയാണ് തുര്‍ക്കിയെന്ന് ജമാഅത്ത് അമീര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തുര്‍ക്കിക്ക് ഭരണസ്ഥിരത നല്‍കിയ ഈ സര്‍ക്കാര്‍ മേഖലയിലെ സ്ഥിരതക്കും സമാധാനത്തിനും ഒഴിച്ചുകൂടാനാകാത്ത പങ്കാളിയാണ്. എന്നാല്‍, ശക്തമായ തുര്‍ക്കിയെ ആഗ്രഹിക്കാത്ത, പശ്ചിമേഷ്യയില്‍ അസ്ഥിരതക്ക് വെമ്പല്‍കൊള്ളുന്ന നിരവധി അധികാരകേന്ദ്രങ്ങളുണ്ടെന്നും അവരാണ് മേഖലയില്‍ സമാധാനം നശിപ്പിക്കുന്ന ശക്തികള്‍ക്ക് ആയുധങ്ങള്‍ നല്‍കിവരുന്നതെന്നും ഉമരി കുറ്റപ്പെടുത്തി. ഇത്തരം ശക്തികള്‍ നടത്തിയ അട്ടിമറിശ്രമത്തെ ശക്തമായി അപലപിച്ച ജമാഅത്ത് അമീര്‍ ഉര്‍ദുഗാന്‍െറ ആഹ്വാനം ഉള്‍ക്കൊണ്ട് മിലിട്ടറി ടാങ്കുകളെയും ഹെലികോപ്ടറുകളെയും ചെറുത്ത് രാജ്യത്തെ രക്ഷിച്ച തുര്‍ക്കി ജനതയെ അഭിനന്ദിച്ചു. സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടട്ടെ എന്ന് ആശംസിച്ച ജമാഅത്ത് നേതാവ് കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.