വിമാനം കാണാതായ സംഭവം; പ്രതിരോധ മന്ത്രി ചെന്നൈയിലെത്തും
text_fieldsചെന്നൈ: ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളയറിലേക്ക് 29 പേരുമായി പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേനാ വിമാനം ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍വെച്ച് കാണാതായ സംഭവത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്ന് താംമ്പരം എയര്‍ ബേസ് സന്ദര്‍ശിക്കും. എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രഹയുമായി പരീക്കര്‍ കൂടിക്കാഴ്ച നടത്തും. വിമാനത്തിനായി വ്യോമസേനയും നാവികസേനയും തീരരക്ഷാ സേനയും സംയുക്തമായി നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളും സന്നാഹങ്ങളും പ്രതിരോധ മന്ത്രി വിലയിരുത്തും.
13 നാവികസേന, തീരരക്ഷാ സേനാ കപ്പലുകളും ഒരു മുങ്ങികപ്പലും എട്ട് വിമാനങ്ങളും ബംഗാള്‍ ഉള്‍ക്കടലില്‍ തെരച്ചില്‍ നടത്തുകയാണ്. 24 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ വിമാനത്തിന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളും ദൗത്യത്തില്‍ പങ്കാളികളാവും.
ഇന്ത്യക്ക് സൈനികത്താവളമുള്ള മലാക്ക കടലിടുക്കിന് സമീപത്തെ തന്ത്രപ്രധാന ദ്വീപുകളിലേക്ക് സേനാംഗങ്ങളെ കൊണ്ടുപോവുകയായിരുന്നു വ്യേമസേനാ എ.എന്‍ 32 വിമാനമാണ് കാണാതായത്. ചെന്നൈയിലെ താമ്പരം എയര്‍ ബേസില്‍ നിന്നും 8.30 ന് പുറപ്പെട്ട വിമാനം11.30ന് പോര്‍ട്ട്ബ്ളയറില്‍ എത്തേണ്ടതായിരുന്നു. രണ്ട് പൈലറ്റുമാരുള്‍പ്പെടെ ആറു ജീവനക്കാര്‍, 11 വ്യോമസേനാംഗങ്ങള്‍, കരസേനയില്‍നിന്നുള്ള രണ്ടുപേര്‍, തീരരക്ഷാ സേനയില്‍നിന്നുള്ള ഒരാള്‍, ഒമ്പത് നാവികസേന അംഗങ്ങള്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. കോഴിക്കോട് സ്വദേശികളായ രണ്ടുപേരും കാണാതായവരിലുണ്ട്. കക്കോടി ചെറിയാറമ്പത്ത് പരേതനായ പി. വാസു നായരുടെ മകന്‍ ഐ.പി. വിമല്‍, കാക്കൂര്‍ നെല്ലിക്കുന്നുമ്മല്‍ തട്ടൂര് രാജന്‍െറ മകന്‍ സജീവ്കുമാര്‍ എന്നിവരാണ് വിമാനത്തിലുള്ളത്. പതിവായി ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളയറിലേക്ക് സര്‍വിസ് നടത്തുന്ന കൊറിയര്‍ വിമാനമാണ് ഇത്.
കാണാതാകുമ്പോള്‍ വിമാനം 23,000 അടി ഉയരത്തിലായിരുന്നു. ഒരുതവണ ഇന്ധനം നിറച്ചാല്‍ തുടര്‍ച്ചയായി നാലുമണിക്കൂര്‍ വരെ പറക്കാന്‍ ശേഷിയുള്ള വിമാനമാണിത്. വിമാനം കണ്ടത്തൊന്‍ എല്ലാ ശ്രമവും നടത്തിവരുകയാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ പറഞ്ഞു.
ചെന്നൈയില്‍നിന്നും പോര്‍ട്ട്ബ്ളയറില്‍നിന്നുമായി നാല് കപ്പലുകളാണ് തീരരക്ഷാ സേന തിരച്ചിലിനായി അയച്ചിരിക്കുന്നത്. രാത്രിയോടെയാണ് കപ്പലുകള്‍ വിമാനം കാണാതായെതെന്ന് കരുതുന്ന സ്ഥലത്തത്തെിയത്. സഹായിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയോട് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.
ഇരട്ട എന്‍ജിനുള്ള റഷ്യന്‍ നിര്‍മിത കാര്‍ഗോ വിമാനമാണ് എ.എന്‍-32. അത്യാധുനിക സംവിധാനങ്ങളുള്ള വിമാനത്തിന് 7.5 ടണ്‍ ചരക്കുകള്‍ അല്ളെങ്കില്‍ 50 യാത്രക്കാരെ വഹിക്കാന്‍ കഴിയും. നൂറിലധികം എ.എന്‍ യുദ്ധവിമാനം വ്യോമസേനക്കുണ്ട്. ഒരു തവണ ഇന്ധനം നിറച്ചാല്‍ ഏത് കാലാവസ്ഥയിലും നാല് മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ ശേഷിയുള്ള വിമാനത്തില്‍ ആധുനിക സംവിധാനങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ വിമാനം സ്ഥിതി ചെയ്യന്ന സ്ഥലം തിരിച്ചറിയാനുള്ള ബീക്കര്‍ ലൊക്കേറ്ററും വിമാനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.