കാണാതായ വിമാനത്തിലെ പൈലറ്റ് ദിശ മാറ്റാൻ അനുമതി തേടിയിരുന്നതായി വിവരം
text_fieldsചെന്നൈ: ബംഗാൾ ഉൾക്കടലിൽ കാണാതായ വ്യോമസേനാ വിമാനത്തിലെ പൈലറ്റ് കാലാവസ്ഥ മോശമായതിനെ തുടർന്ന് ദിശ മാറ്റാൻ അനുമതി തേടിയിരുന്നതായി റിപ്പോർട്ട്. പ്രതികൂല കാലാവസ്ഥക്കിടെ ദിശ മാറ്റാൻ ശ്രമിച്ചപ്പോഴുണ്ടായ സാങ്കേതിക തകരാർ മൂലം വിമാനം കടലിൽ പതിച്ചതാവാമെന്നാണ് നിഗമനം.
മൂന്നു ദിവസം നടത്തിയ തിരച്ചിലിൽ നിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർപ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്നും നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബെ മാധ്യമങ്ങളോട് പറഞ്ഞു. പിഴവ് വരാത്തവിധത്തിലാണ് സേനകളുടെ സംയുക്ത തിരച്ചിലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യോമ, നാവിക, തീരസംരക്ഷണ സേനകളുടെ സംയുക്ത തിരച്ചിൽ നാലാം ദിവസത്തിലേക്ക് കടന്നുവെങ്കിലും വിമാനത്തെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, രക്ഷാപ്രവർത്തനത്തിന് "ഒാപ്പറേഷൻ തലാഷ്" എന്ന് പേരിട്ട് തിരച്ചിൽ ഊർജിതമാക്കി. ആറ് നാവികസേനാ കപ്പലും ഒരു മുങ്ങിക്കപ്പലും തീരസംരക്ഷണ സേനയുടെ നാല് കപ്പലും വ്യോമസേനയുടെ ആറ് യുദ്ധവിമാനങ്ങളും തിരച്ചിലിൽ സജീവമാണ്.
ചെന്നൈ തീരത്തു നിന്ന് കിഴക്ക് 280 കിലോമീറ്റർ (151 നോട്ടിക്കൽ മൈൽ) അകലെ 555 കിലോമീറ്റർ ചുറ്റളവിലാണ് പ്രധാനമായും തിരിച്ചിൽ പുരോഗമിക്കുന്നത്. പോര്‍ട്ട്ബ്ലയര്‍ തീരം അടക്കമുള്ള മറ്റ് മേഖലകളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ ഐ.എസ്.ആര്‍.ഒയുടെ റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ്) സംവിധാനവും തിരച്ചിലിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ 8.30ന് താംബരത്തെ വ്യോമസേനാ താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ബംഗാൾ ഉൾക്കടലിൽവെച്ചാണ് കാണാതായത്. രണ്ട് മലയാളികൾ അടക്കം 29 സൈനിക ഉദ്യോഗസ്ഥരാണ് വിമാനത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.