സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ശരീഅ മാതൃക നടപ്പാക്കണം –രാജ് താക്കറെ
text_fields
അഹ്മദ്നഗര്‍: മഹാരാഷ്ട്രയിലെ അഹ്മദ്നഗറില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ ബി.ജെ.പി സര്‍ക്കാറിനെ വിമര്‍ശിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ്താക്കറെ രംഗത്ത്. ക്രമസമാധാനനില തകര്‍ന്ന സംസ്ഥാനത്ത് ശരീഅ നിയമം പോലുള്ളവ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജൂലൈ 13നാണ് കൊപാര്‍ഡി ഗ്രാമത്തില്‍ 15 വയസ്സുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊന്നത്. ബലാത്സംഗം ചെയ്ത് കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്നവരുടെ കൈയും കാലും ഛേദിക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ കഴിഞ്ഞ കോണ്‍ഗ്രസ്-എന്‍.സി.പി സര്‍ക്കാറിനെക്കാള്‍ മോശമാണ് ബി.ജെ.പി സര്‍ക്കാര്‍. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ശിക്ഷ വിധിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നത് ക്രിമിനലുകള്‍ക്ക് ധൈര്യമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭീകരത: കേന്ദ്ര സര്‍ക്കാര്‍ പരാജയമെന്ന് ഉദ്ധവ് താക്കറെ
മുംബൈ: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ശിവസേനാ പ്രസിഡന്‍റ് ഉദ്ധവ് താക്കറെ. എന്നാല്‍, നരേന്ദ്ര മോദി സര്‍ക്കാര്‍ എല്ലാം ശരിയാക്കുമെന്നും അവസാന പ്രതീക്ഷ മോദിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്ന അഭിമുഖത്തിലാണ് പരാമര്‍ശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.