ചരക്കുസേവന നികുതി ബില്‍ വഴിമുട്ടി
text_fieldsന്യൂഡല്‍ഹി: അനാവശ്യസമയത്ത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച നരേന്ദ്ര മോദി സര്‍ക്കാര്‍, പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനത്തില്‍ ചരക്കുസേവന നികുതി ബില്‍ പാസാക്കുന്നതിനുള്ള വഴിമുട്ടി. പ്രതികാര രാഷ്ട്രീയവും സഹകരണവും ഒത്തുപോകില്ളെന്ന് മനസ്സിലാക്കണമെന്ന് മോദി സര്‍ക്കാറിനെ ഉപദേശിച്ച രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാക്കള്‍, ഈ സമ്മേളനത്തില്‍ ഇനി ചരക്കുസേവന നികുതി ബില്‍ പാസാക്കാന്‍ അനുവദിക്കില്ളെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചതിനിടയിലാണ് ചരക്കുസേവന നികുതി ബില്ലില്‍ സമവായത്തിലത്തൊന്‍ ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ ധനമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്രയുടെ അധ്യക്ഷതയിലാണ് യോഗം.
കോണ്‍ഗ്രസിന് രാഷ്ട്രീയ തിരിച്ചടി നല്‍കാന്‍ വെള്ളിയാഴ്ച ഭരണകക്ഷി തന്നെ സഭ സ്തംഭിപ്പിച്ചതും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ ഹൂഡക്ക് എതിരെ അനധികൃത പണമിടപാടിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയതുമാണ് പുതിയ പ്രകോപനം. ആന്ധ്രപ്രദേശിന് പ്രത്യേക കേന്ദ്ര സഹായത്തിനുള്ള തടസ്സം നീക്കാന്‍ പാര്‍ട്ടി എം.പി രാമചന്ദ്രറാവു കൊണ്ടുവന്ന സ്വകാര്യ ബില്‍ പാസാകുന്നത് തടയാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും നേരിട്ടിറങ്ങിയത് പാര്‍ട്ടിയെ നന്നായി ചൊടിപ്പിച്ചു.
പ്രതിപക്ഷത്തിന്‍െറ സഹകരണം തേടുന്നതിന് പകരം ഏറ്റുമുട്ടലിന്‍െറ പാതയാണ് സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. സര്‍ക്കാര്‍ ബോധപൂര്‍വം കോണ്‍ഗ്രസ് പാര്‍ട്ടിയെ അനാവശ്യമായി ലക്ഷ്യമിടുകയാണ്. സഹകരണവും പ്രതികാര രാഷ്ട്രീയവും ഒരേ സമയം ഒത്തുപോകില്ളെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. സ്വത്ത് തിരിച്ചുപിടിച്ച സംഭവത്തില്‍ അനധികൃത പണമിടപാടിന് കേസെടുക്കുന്നതെങ്ങനെയാണെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി കൂടിയായ ഹൂഡയുടെ കാര്യം ചുണ്ടിക്കാട്ടി ആനന്ദ് ശര്‍മ ചോദിച്ചു.
രാജ്യസഭയുടെ കാര്യോപദേശക സമിതി യോഗത്തില്‍ ചരക്കുസേവന നികുതി ബില്‍ അജണ്ടയാക്കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചിട്ടില്ളെന്ന് ആനന്ദ് ശര്‍മ തുടര്‍ന്നു. ആനന്ദ് ശര്‍മക്ക് പിറകെ മാധ്യമപ്രവര്‍ത്തകരെ കണ്ട ജയറാം രമേശും ഈ സമ്മേളനത്തില്‍ ചരക്കുസേവന നികുതി ബില്‍ പാസാക്കാതിരിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്ന് കുറ്റപ്പെടുത്തി. ചോദ്യോത്തരവും ശൂന്യവേളയും നടത്താന്‍ അനുവദിക്കാമെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബില്‍ പാസാക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ജയറാം രമേശ് തയാറായതുമില്ല.
കോണ്‍ഗ്രസിന്‍െറ നീക്കത്തില്‍ പ്രതിരോധത്തിലായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ഇടതുപക്ഷത്തെയും ജനതാദള്‍ യുവിനെയും അടര്‍ത്തി കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെങ്കിലൂം സീതാറാം യെച്ചൂരിയും ശരത് യാദവും വഴങ്ങിയില്ല. അവരുടെ പിന്തുണ ലഭിച്ചാല്‍പോലും ഭരണഘടനാ ഭേദഗതിക്കാവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കോണ്‍ഗ്രസില്ലാതെ തരപ്പെടുത്താനാവില്ല. തിങ്കളാഴ്ച രാജ്യസഭയുടെ അജണ്ടയില്‍പ്പെടുത്താതിരുന്ന ചരക്കുസേവന നികുതി ബില്‍ ചൊവ്വാഴ്ചയും ഉള്‍പ്പെടുത്തില്ളെന്ന് രാജ്യസഭ കാര്യോപദേശക സമിതിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.