ഇറോം:സ്വാതന്ത്ര്യത്തിലേക്ക് ചിറകടിക്കുന്ന പക്ഷി
text_fieldsഇംഫാല്‍: കാലില്‍ ചങ്ങലുമായി കഴിയുന്ന പക്ഷി ഒരു രൂപകമാണ്. മണിപ്പൂരിന്‍െറ ധീരോദാത്ത പോരാളി ഇറോം ചാനു ശര്‍മിളയുടെ കവിതയിലെ പ്രശസ്തമായ വരി കൂടിയാണത്. പക്ഷിയായി ജനിച്ചുവെന്നത് മാത്രമാണ് തന്‍െറ കുറ്റമെന്ന് കവിത പറയുന്നു. എന്നാല്‍, മണിപ്പൂരിന്‍െറ നിസ്സഹയായ പക്ഷിയല്ല ഇറോം ശര്‍മിള. ഒരു പക്ഷേ, ലോകം കണ്ട ഏറ്റവും ദീര്‍ഘമായ ജനാധിപത്യ-സഹന പോരാട്ടത്തിലെ നായിക.
മണിപ്പൂരിനെ അടിച്ചമര്‍ത്തുന്ന പ്രത്യേക സായുധ അധികാര നിയമം (‘അഫ്സ്പ’) പിന്‍വലിക്കണമെന്നാണ് ഇറോം ശര്‍മിള 16 വര്‍ഷമായി ആവശ്യപ്പെട്ടത്; പോരാടിയത്. നിരാഹാര സമരത്തിലൂടെ അവര്‍ ഭരണകൂടത്തിനുമേല്‍ വളരെ മുന്നേ ധാര്‍മികവിജയം നേടിയിരുന്നു എന്നതാണ് വാസ്തവം. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ കോങ്പാലില്‍ തീര്‍ത്തും സാധാരണമായ കുടുംബത്തിലാണ് ശര്‍മിള ജനിച്ചത്-1972 മാര്‍ച്ച് 14 ന്. സഹോദരന്‍ സിങ്ഹാജിത് ഓര്‍ക്കുന്നു; ‘മറ്റു കുട്ടികളില്‍നിന്ന് വ്യത്യസ്തയായിരുന്നില്ല ശര്‍മിള. പത്താംക്ളാസ് ജയിച്ചശേഷം യോഗയും പ്രകൃതി ചികിത്സയും പരിശീലിച്ചു. പൂര്‍ണ സസ്യാഹാരി. മൂന്നു നാല് സുഹൃത്തുക്കളേ ഉണ്ടായിരുന്നുള്ളൂ. ഒറ്റക്കിരുന്ന് റേഡിയോ കേള്‍ക്കാനും കവിത എഴുതാനും ഇഷ്ടം.’
2000 ഒക്ടോബറില്‍ ‘അഫ്സ്പ’യെക്കുറിച്ച് അന്വേഷിക്കാന്‍ കമീഷന്‍ എത്തിയതോടെയാണ് ശര്‍മിളയുടെ ജീവിതം മാറുന്നത്. 2000 ഒക്ടോബര്‍ 25നാണ് കമീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയായത്. ആ നവംബര്‍ രണ്ടിന് മണിപ്പൂരിലെ മാലോംമില്‍ ബസ്സ്റ്റോപ്പിന് സമീപം അര്‍ധസൈനിക വിഭാഗം നടത്തിയ വെടിവെപ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. ഈ വെടിവെപ്പിന്‍െറ ഭീകരത ശര്‍മിളയെ ഉലച്ചു. കൂട്ടക്കൊല നടന്ന ഉടനെ സുഹൃത്തുക്കളോട് ഉപവാസം തുടങ്ങുന്നതിനെപ്പറ്റി ശര്‍മിള സൂചിപ്പിച്ചു. പിന്നെ അമ്മയുടെ അനുവാദം വാങ്ങി. അഞ്ചാം തീയതി കൂട്ടക്കൊല നടന്ന സ്ഥലത്ത് 28 കാരിയായ ശര്‍മിളയുടെ നിരാഹാര സമരം തുടങ്ങി. ‘അഫ്സ്പ’ പിന്‍വലിക്കാതെ ഭക്ഷണം കഴിക്കില്ല, മുടി ചീകില്ല എന്നതായിരുന്നു നിശ്ചയം. നിരാഹാര സമരത്തിനിടെ തനിക്കെന്തെങ്കിലും സംഭവിച്ചാലുണ്ടാവുന്ന ജനങ്ങളുടെ അക്രമത്തെപ്പറ്റി ഗാന്ധിജിക്ക് ഉറപ്പുണ്ടായിരുന്നു.
ആ ഉറപ്പിന്‍െറ ബലമില്ലാതെയായിരുന്നു ശര്‍മിള സമരം തുടങ്ങിയത്. തൊട്ടടുത്ത ദിവസം അറസ്റ്റിലായെങ്കിലും ശര്‍മിള നിരാഹാരം തുടര്‍ന്നു. ആരോഗ്യം ക്ഷയിച്ചപ്പോള്‍, ജീവന്‍ നിലനിര്‍ത്താന്‍ ഭരണകൂടം മൂക്കിലൂടെ ട്യൂബ് കടത്തി. അത് 16 വര്‍ഷം തുടര്‍ന്നു. മൂക്കില്‍ ട്യൂബുമായി പൊലീസ് വലയത്തില്‍ കഴിയുന്ന ശര്‍മിളയുടെ ചിത്രങ്ങള്‍ നൂറായിരമായി രാജ്യമെങ്ങും നിറഞ്ഞു.
ഇറോം ശര്‍മിളയുടെ സമരം മണിപ്പൂരില്‍ വലിയ ചലനങ്ങളുണ്ടാക്കി. 2004 ജൂലൈ 11ന് അസം റൈഫ്ള്‍സിന്‍െറ കസ്റ്റഡിയില്‍ തഞ്ജംമ മനോമര എന്ന യുവതി കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം ‘ഞങ്ങളെ ബലാല്‍സംഗം ചെയ്യൂ’ എന്നാക്രോശിച്ച് ഒമ്പത് മണിപ്പൂരി സ്ത്രീകള്‍ പൂര്‍ണനഗ്നരായി അസം റൈഫ്ള്‍സ് ഓഫിസിലേക്ക് മാര്‍ച്ചുനടത്തി. സമരം ശക്തിപ്രാപിച്ചതിനെതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചെങ്കിലും ഭാഗികമായ നിര്‍ദേശങ്ങള്‍ സംഘടനകള്‍ തള്ളിക്കളയുകയായിരുന്നു.
ഇതിനിടെ, ആത്മഹത്യാ ശ്രമത്തിന് പലവട്ടം കേസ്. 2006 ഒക്ടോബര്‍ രണ്ടിന് ഡല്‍ഹിയില്‍ ഗാന്ധിജിക്ക് പ്രണാമമര്‍പ്പിക്കാനത്തെിയ ശര്‍മിള ജന്തര്‍മന്തറില്‍ നിരാഹാരം തുടങ്ങി. ആത്മഹത്യാശ്രമത്തിന് ഒക്ടോബര്‍ ആറിന് അറസ്റ്റിലായി. ഡല്‍ഹി എ.ഐ.എം.എസില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഒടുവില്‍ 2014 ആഗസ്റ്റ് 19 ന് കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കാന്‍ കോടതി ഉത്തരവ്. നിരാഹാരം തുടര്‍ന്നതിന് 2014 ആഗസ്റ്റ് 22 ന് വീണ്ടും അറസ്റ്റ്. എന്നാല്‍, അടുത്തിടെ ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി 2006ല്‍ പൊലീസ് എടുത്ത ആത്മഹത്യാകേസില്‍നിന്ന് ശര്‍മിളയെ കുറ്റവിമുക്തയാക്കി.
സംസ്ഥാനത്ത് സായുധ അധികാര നിയമം പിന്‍വലിച്ചശേഷമേ വിശ്രമമുള്ളൂവെന്ന നിലപാടിലാണിവര്‍. തന്‍െറ പോരാട്ടം ഇന്ത്യക്കോ ഇന്ത്യന്‍ സമൂഹത്തിന് മാത്രമോ അല്ല ഗുണം ചെയ്യുക, മൊത്തം മനുഷ്യസമൂഹത്തിനാണെന്ന് അവര്‍ പറയുന്നു. യുവജനങ്ങള്‍ക്ക് വിപ്ളവകാരികളായിരിക്കാനുള്ള അവകാശമുണ്ടെന്നും ശര്‍മിള വാദിച്ചു. അയര്‍ലന്‍ഡില്‍നിന്നുള്ള ദേശി കൗണ്ടിനോയുമായി പ്രണയത്തിലാണെന്നും വ്യക്തമാക്കി. ദൗത്യം പൂര്‍ത്തീകരിച്ചശേഷം അദ്ദേഹമൊത്ത് ലോകം ചുറ്റാന്‍ പോകുന്നത് സ്വപ്നം കാണുന്നുവെന്നും പറഞ്ഞു.
ശര്‍മിളയുടെ സമരമാണ് മണിപ്പൂരിലെ സൈനികാധിപത്യത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. രവീന്ദ്രനാഥ ടാഗോര്‍ സമാധാന പുരസ്കാരം, ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് കമീഷന്‍െറ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്, കോവിലന്‍ ട്രസ്റ്റിന്‍െറ പ്രഥമ കോവിലന്‍ സ്മാരക ആക്റ്റിവിസ്റ്റ് ഇന്ത്യ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. ജനാധിപത്യം സാധ്യമാകുന്നതുവരെ സമരം തുടരുമെന്നു തന്നെയാണ് ശര്‍മിള ഇപ്പോഴും വ്യക്തമാക്കുന്നത്. സമരം തുടര്‍ന്നേ മതിയാകൂ. കാരണം, സ്വാതന്ത്ര്യത്തിലേക്ക് മണിപ്പൂരിന്‍െറ പക്ഷികള്‍ക്ക് പറന്നുയര്‍ന്നേ മതിയാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.