രാജ്യസഭാ തെരഞ്ഞെടുപ്പ്: സീഡി രാജ്യസഭാ ചെയര്‍മാന് കൈമാറാന്‍ നിര്‍ദേശം
text_fieldsന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പൊലീസിനെ ഉപയോഗിച്ച് എം.എല്‍.എമാരെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിപ്പിച്ചെന്ന ആരോപണം രാജ്യസഭയില്‍ വന്‍ ബഹളത്തിനിടയാക്കി. എം.എല്‍.എമാരെ ഭീഷണിപ്പെടുത്തിയതിന്‍െറ സീഡി കൈവശമുണ്ടെന്ന് എം.പി വ്യക്തമാക്കിയതോടെ അത് ചെയര്‍മാന് കൈമാറാന്‍ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ നിര്‍ദേശിച്ചു. ശൂന്യവേളയില്‍ വിഷയമുന്നയിച്ച ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ സഞ്ജീവ് കുമാര്‍, രാജ്യസഭാ തെരഞ്ഞെടുപ്പു വേളയില്‍ രണ്ടു പ്രതിപക്ഷ എം.എല്‍.എമാരെ പഴയ രണ്ട് കേസുകളുടെ പേരില്‍ പീഡിപ്പിച്ചുവെന്നും ഒരു ജെ.എം.എം എം.എല്‍.എയെ അറസ്റ്റ് ചെയ്തുവെന്നും പറഞ്ഞു.
ജയിലില്‍ കഴിയുന്ന മറ്റു എം.എല്‍.എമാരെ വോട്ടുചെയ്യാന്‍ അനുവദിച്ച ഝാര്‍ഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ ഈ മൂന്ന് എം.എല്‍.എമാരെയും അതിന് അനുവദിച്ചില്ല. പൊലീസ് എ.ഡി.ജി.പി ഒരു എം.എല്‍.എയുടെ ഭര്‍ത്താവിനെ നേരില്‍ വിളിച്ച് ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടതിന്‍െറ ശബ്ദരേഖ തങ്ങളുടെ സീഡിയിലുണ്ടെന്നും അത് സഭയില്‍ വെക്കാന്‍ തയാറാണെന്നും സഞ്ജീവ് കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എ നിര്‍മല ദേവിയുടെ ഭര്‍ത്താവ് യോഗേന്ദ്ര സാവുവിനെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയത്.
സീഡി കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നല്‍കാമെന്നു പറഞ്ഞ സഞ്ജീവ് കുമാര്‍, സംഭവം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെട്ട പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭരണകക്ഷി തെരഞ്ഞെടുപ്പ് ജയിക്കാനുള്ള മാര്‍ഗമാക്കിയിരിക്കുയാണെന്നും ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും വിഷയം അന്വേഷിക്കാന്‍ സഭാ സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, ജനതാദള്‍ -യു നേതാവ് ശരദ് യാദവ്, സി.പി.എം നേതാവ് സീതാറാം യെച്ചൂരി എന്നിവരും സീഡി കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ആരോപണം തള്ളിക്കളഞ്ഞ കേന്ദ്ര പാര്‍ലമെന്‍ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പ്രതിപക്ഷത്തിന്‍െറ തൃപ്തിക്ക് വേണമെങ്കില്‍ അന്വേഷണം നടത്താമെന്ന് വ്യക്തമാക്കി. ആരോപണവിധേയരായവര്‍ തന്നെ സീഡി പരിശോധിച്ചാല്‍ എങ്ങനെ നീതി ലഭ്യമാകുമെന്ന് ആനന്ദ് ശര്‍മ ചോദിച്ചപ്പോള്‍ സീഡി ചെയര്‍മാന് കൈമാറാന്‍ കുര്യന്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.