സ്കൂളിലെ അറബിഭാഷാ പഠനം ശ്രീരാമസേന തടഞ്ഞു
text_fieldsമംഗളൂരു: കുട്ടികളെ അറബി ഭാഷ പഠിപ്പിക്കുന്നെന്ന് ആരോപിച്ച് ശ്രീരാമസേന പ്രവര്‍ത്തകര്‍ എയ്ഡഡ് സ്കൂളിൽ ഇരച്ചുകയറി ക്ലാസുകൾ തടസ്സപ്പെടുത്തി. മംഗളൂരു സെന്‍റ് തോമസ് എയ്ഡഡ് ഹയര്‍ പ്രൈമറി സ്കൂളിലെ ഭാഷാ പഠനമാണ് ശ്രീരാമസേനാ പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. ശനിയാഴ്ച വിദേശ ഭാഷാ പഠനം നടക്കുന്നതിനിടെയാണ് സ്കൂളിൽ അതിക്രമം നടന്നത്.
കുട്ടികളെ നിര്‍ബന്ധിച്ച് അറബിയും ഉര്‍ദുവും പഠിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് 60ഓളം പേര്‍ ശനിയാഴ്ച രാവിലെ വിദ്യാലയത്തിലേക്ക് ഇരച്ചുകയറിയത്. വിദ്യാർഥികളിൽ നിന്ന് അറബിക് പാഠപുസ്തകം പിടിച്ചുവാങ്ങിയ അക്രമികൾ അറബി പഠനം തുടരാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഇനി സ്കൂളിലേക്ക് വരരുതെന്ന് ഭാഷാധ്യാപകനെ ഭീഷണിപ്പെടുത്തി.
പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടാത്ത അറബിയും ഉര്‍ദുവും പഠിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ശ്രീരാമസേന നേതാക്കൾ പറഞ്ഞു. ഭഗവദ്ഗീതയും വേദപഠനങ്ങളും ഉള്‍പ്പെടുത്തുകയാണെങ്കിൽ അറബിക്കും ഉർദും പഠിപ്പിക്കാമെന്നും സേന നേതാക്കൾ ആവശ്യപ്പെട്ടു.
അതേസമയം താൽപര്യമുള്ള വിദ്യാർഥികൾക്ക് ഫ്രഞ്ച്, ജർമൻ, അറബ് ഭാഷകൾ പഠിപ്പിക്കുന്നുണ്ടെന്ന് ഹെഡ്മാസ്റ്റര്‍ മെല്‍വിന്‍ ബ്രാഗ്സ് അറിയിച്ചു. സ്കൂളിൽ ഉർദു പഠിപ്പിക്കുന്നില്ലെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു. പിടിഎ കമ്മിറ്റിയുടെ അനുമതിയോടെ, അധിക സമയം കണ്ടെത്തിയാണ് വിദേശ ഭാഷാ ക്ലാസ് നടത്തുന്നത്. കരാട്ടേയും പരിശീലിപ്പിക്കുന്നുണ്ട്. മുസ്ലിം കുട്ടികൾ മാത്രമാണ് അറബി ഭാഷാ പഠനത്തിൽ പെങ്കടുക്കുന്നതെന്നും ഹെഡ്മാസ്റ്റർ അറിയിച്ചു. ഇതിന് ആരെയും നിര്‍ബന്ധിക്കാറില്ല. അക്രമികൾക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.