ബുർഹാൻ വാനിയുടെ കൊലപാതകം യാദൃശ്ചികമെന്ന് കശ്മീർ ഉപമുഖ്യമന്ത്രി
text_fieldsശ്രീനഗർ: ഹിസ്ബുല്‍ മുജാഹിദീന്‍ തലവനായിരുന്ന ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ച സംഭവം യാദൃശ്ചികമായി സംഭവിച്ചതാണെന്ന് ബി.ജെ.പി നേതാവും കശ്മീർ ഉപമുഖ്യമന്ത്രിയുമായ നിർമൽ സിങ്.
അത് അപകടം മാത്രമായിരുന്നു. നേരത്ത ഇക്കാര്യം അറിയുമായിരുന്നുവെങ്കിൽ കുറേക്കൂടി കരുതലോടെയുള്ള നടപടികൾ സ്വീകരിക്കാമായിരുന്നുവെന്നും നിർമൽ സിങ് പറഞ്ഞു. എന്നാൽ പ്രസ്താവന വിവാദമായതോടെ തിരുത്തുമായി മന്ത്രി തന്നെ രംഗത്തെത്തി. തന്‍റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു.
അവിചാരിതമായാണ് ബുര്‍ഹാന്‍ വാനി സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് പി.ഡി.പി നേതാവും മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു.തീവ്രവാദികള്‍ക്കെതിരെ സൈന്യം നടത്തിയ റെയ്ഡിനിടയിലാണ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. റെയ്ഡ് നടത്തിയ സ്ഥലത്ത് ബുര്‍ഹാന്‍ വാനി ഉണ്ടായിരുന്നതായി സൈന്യത്തിന് അറിവില്ലായിരുന്നു. മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ കുറേക്കൂടി കരുതലോടെയുള്ള നടപടികളേ സൈന്യം സ്വീകരിക്കുമായിരുന്നുള്ളൂവെന്നും മഹ്ബൂബ പറഞ്ഞിരുന്നു.
ബുര്‍ഹാന്‍ വാനിയുടെ വധം സൈന്യത്തിന്‍റെ വിജയമാണെന്നും അദ്ദേഹത്തിന്‍െറ സാന്നിധ്യം മുന്‍കൂട്ടി അറിഞ്ഞാണ് സൈന്യം ആക്രമണം നടത്തിയതെന്നുമാണ് ബി.ജെ.പി നേതാവ് സത് ശര്‍മ ശനിയാഴ്ച പറഞ്ഞത്. മുന്നറിയിപ്പില്ലാതെ സുരക്ഷാസേന പ്രവര്‍ത്തിക്കില്ല. രാജ്യത്തെ വിഭജിക്കാന്‍വേണ്ടി തോക്കെടുത്തവര്‍ ജമ്മു-കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നില്ല. അവര്‍ ഭീകരരാണ്. അവര്‍ കൊല്ലപ്പെടാന്‍ അര്‍ഹരാണ്. ഭീകരരെ ഉന്മൂലനം ചെയ്യുന്ന സൈന്യം പ്രശംസയര്‍ഹിക്കുന്നു -ശര്‍മ പറഞ്ഞു.
ജൂലൈ ഒമ്പതിന് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ 47 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.