ആമിറിന്‍റെ അസഹിഷ്ണുത പരാമർശത്തെ വിമർശിച്ച് മനോഹർ പരീക്കർ
text_fieldsന്യൂഡൽഹി: ബോളിവുഡ് താരം ആമിർ ഖാന്‍റെ അസഹിഷ്ണുതാ പരാമർശത്തെ വിമർശിച്ച് പ്രതിരോധമന്ത്രി മനോഹർ പരീക്കർ. തന്‍റെ ഭാര്യക്ക് രാജ്യം വിടണമെന്ന് ആഗ്രഹമുണ്ടെന്ന് മുമ്പ് ഒരു നടൻ പറഞ്ഞിരുന്നു. അഹങ്കാരം നിറഞ്ഞ പ്രസ്താവനയാണിത്. രാജ്യത്തെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തുന്നവരെ ഒരു പാഠം പഠിപ്പിക്കുകയാണ് വേണ്ടതെന്നും പരീക്കർ അമിർ ഖാന്‍റെ പേര് പറയാതെ വിമർശിച്ചു.
മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ നിതിൻ ഗോഖലെ സിയാച്ചിൻ ഗ്ലേസിയറിനെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ മറാത്തി പരിഭാഷ പുറത്തിറക്കുന്ന ചടങ്ങിലാണ് പരീക്കർ ഇക്കാര്യം പറഞ്ഞത്.
ആമിറിന്‍റെ പ്രസ്താവനക്കെതിരെ വലിയ ജനരോഷമാണ് ഉണ്ടായത്. പ്രതിഷേധസൂചകമായി പലരും നടന്‍ ബ്രാന്‍ഡ് അംബാസിഡറായ കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഉപേക്ഷിച്ചു. അദ്ദേഹം അഭിനയിച്ച പരസ്യങ്ങൾ ആ കമ്പനിക്കു പിൻവലിക്കേണ്ടി വന്നു, പരീക്കർ കൂട്ടിച്ചേർത്തു.
എന്നാൽ പരീക്കറിന്‍റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം സ്വന്തം ജനങ്ങളെ ഭീഷണിപ്പെടുത്താനാണ് പരീക്കർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു. ബി.ജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരു ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിന്‍റെ പ്രവര്‍ത്തനം അട്ടിമറിച്ച കാര്യമാണ് പരീക്കര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം നവംബറിലാണ് അസഹിഷ്ണുതയെത്തുടർന്നുള്ള അക്രമസംഭവങ്ങൾ രാജ്യത്തു നിരന്തരം അരങ്ങേറുന്നതിനാൽ ഇനി രാജ്യംവിട്ടുപോകേണ്ടി വരുമോയെന്ന ആശങ്ക ഭാര്യ കിരൺ ആമിറിനോട് പങ്കുവെച്ചുവെന്ന് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.