വ്യാപാര കേന്ദ്രങ്ങള്‍ക്ക് മുഴുസമയവും തുറക്കാം
text_fieldsന്യൂഡല്‍ഹി: വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍, സിനിമാശാലകള്‍ തുടങ്ങിയവക്ക് മുഴുസമയവും പ്രവര്‍ത്തിക്കാന്‍ അനുവാദംനല്‍കുന്ന വ്യവസ്ഥകളോടെ തയാറാക്കിയ മാതൃകാ വ്യാപാരസ്ഥാപന തൊഴില്‍-സേവന വ്യവസ്ഥാ നിയന്ത്രണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാനങ്ങളുടെ അഭിപ്രായംതേടാന്‍ തീരുമാനിച്ചു. തുടര്‍ന്ന് പാര്‍ലമെന്‍റിന്‍െറ അംഗീകാരവും തേടണം.
പത്തോ അതില്‍ കൂടുതലോ ജീവനക്കാരുള്ള നിര്‍മാണേതര വ്യാപാരസ്ഥാപനങ്ങളെ ഉദ്ദേശിച്ചാണ് നിയമനിര്‍മാണ നീക്കം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് വര്‍ഷത്തില്‍ 365 ദിവസവും ദിവസത്തില്‍ 24 മണിക്കൂറും തുറന്നുവെക്കാം. സുരക്ഷിതത്വവും ആയാസരഹിതമായ ജോലിസാഹചര്യവും നല്‍കുമെങ്കില്‍ സ്ത്രീകളെ നൈറ്റ് ഡ്യൂട്ടിക്ക് നിയോഗിക്കാം. നിയമനത്തിലോ പരിശീലനത്തിലോ പ്രമോഷനിലോ വിവേചനം പാടില്ല.
ജീവനക്കാരുടെ സുരക്ഷിതത്വത്തിനുതകുന്ന നിയമനിര്‍മാണത്തിന് സര്‍ക്കാറിന് അധികാരമുണ്ടായിരിക്കും. സംസ്ഥാനങ്ങളാണ് നിയമം നടപ്പാക്കേണ്ടതെന്നിരിക്കേ, സംസ്ഥാനങ്ങളില്‍നിന്ന് കിട്ടുന്ന നിര്‍ദേശങ്ങളുടെകൂടി അടിസ്ഥാനത്തില്‍ ബില്ലിന് അന്തിമരൂപം നല്‍കും. വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യവും കൂടുതല്‍ തൊഴിലവസരവും ലക്ഷ്യമിടുന്നതാണ് ബില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.