കോവിഡ് ചികിത്സ: നേതാക്കൾക്ക് പ്രിയം സ്വകാര്യ ആശുപത്രികൾ, പക്ഷേ പരിശോധനക്ക് സർക്കാർ ഡോക്ടർമാർ വേണം
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് ചികിത്സയിൽ കഴിയുന്ന അമിത്ഷാ ഉൾപ്പെടെയുള്ള നേതാക്കൾക്ക് താത്പര്യം സ്വകാര്യ ആശുപത്രികളോട്, പക്ഷേ പരിശോധനക്ക് സർക്കാർ ഡോക്ടർമാർ തന്നെ വേണം. സാധാരണക്കാരായ കോവിഡ് രോഗികളോട് സർക്കാർ സംവിധാനങ്ങളെക്കുറിച്ചും ആശുപത്രികളെകുറിച്ചും വാചാലരാവുന്ന നേതാക്കളാവട്ടെ ചികിത്സക്കായി സ്വകാര്യ ആശുപത്രികൾ തേടുന്നത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൻ വിമർശനത്തിനാണ് വഴിവെച്ചത്.
നേരത്തേ ആരോഗ്യ വകുപ്പ് ജീവനക്കാരോടും സർക്കാർ ആശുപത്രികളോടുമുള്ള ആദരവിന്‍റെ ഭാഗമായി പുഷ്പാർച്ചന നടത്താനും അവരെ മുക്തകണ്ഠം പ്രശംസിക്കാനും മുൻപന്തിയിലുണ്ടായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വരെ കോവിഡ് ചികിത്സക്കായി തെരഞ്ഞെടുത്തത് സ്വകാര്യ ആശുപത്രിയാണ്. രാജ്യത്തെ പൊതുജനാരോഗ്യരംഗത്തെ ശക്തിപ്പെടുത്തേണ്ടവർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിനെതിരെ വൻവിമർശനമാണ് സമൂഹമാധ്യമത്തിൽ ഉയരുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്. സാധാരണ കേന്ദ്ര മന്ത്രിമാർ ഡൽഹിയിലെ സർക്കാർ ആശുപത്രികളായ എയിംസിലോ സഫ്ദർജംഗിലോ ആണ് ചികിത്സ തേടാറുള്ളത്. എന്നാൽ ഷാ തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയിലെ സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയായ മേദാന്തയിലേക്കാണ് ചികിത്സക്കായി പോയത്.
പ്രമേഹ ബാധിതനായ അദ്ദേഹത്തിന് പ്രത്യേക പരിചരണം ആവശ്യമുള്ളതിനാലാണ് ആശുപത്രി മാറ്റമെന്നാണ് വിവരം. എന്നാൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാരും അമിത് ഷായുടെ ചികിത്സാ മേൽനോട്ടം വഹിക്കാൻ മേദാന്തയിലെത്തുന്നുണ്ട്. കോവിഡ് ചികിത്സക്കായി മാത്രം 260 ഓളം ബെഡുകളൊരുക്കി രാജ്യത്തെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന ആശുപത്രികളിലൊന്നാണ് എയിംസ്.
അമിത് ഷാ ചികിത്സക്കായി സ്വകാര്യ ആശുപത്രി തെരഞ്ഞെടുത്തതിനെതിരെ മുതിർന്ന േകാൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ രംഗത്ത് വന്നിരുന്നു. ട്വിറ്ററിലൂടെയായിരുന്നു തരൂരിെൻറ വിമർശനം.'എന്തുകൊണ്ട് നമ്മുടെ ആഭ്യന്തരമന്ത്രി എയിംസ് തെരഞ്ഞെടുക്കാതെ തൊട്ടടുത്ത സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നതിൽ അത്ഭുതപ്പെടുന്നു. ഭരണവർഗം പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാൽ മാത്രമേ പൊതുജനങ്ങൾ അവയെ സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യൂ. അധികാരത്തിലുള്ളവരുടെ പരിലാളനയും രക്ഷാകർതൃത്വവും പൊതു സ്ഥാപനങ്ങൾക്കും ആവശ്യമാണ്.' -എന്നായിരുന്നു ശശി തരൂർ ട്വിറ്ററിൽ കുറിച്ചത്.
നേരത്തേ സർക്കാർ ആശുപത്രികൾ, ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരെ പ്രകീർത്തിച്ചും അവരുടെ മികച്ച സേവനത്തെ പുകഴ്ത്തിയും ഷാ ഉൾപ്പെടെ രംഗത്തുവന്നിരുന്നു. എപ്രിൽ 14ന് കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ഇന്ത്യൻ എയർഫോഴ്സ് ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ആദരവ് അർപ്പിച്ച് പുഷ്പവൃഷ്ടിയും നടത്തിയിരുന്നു. അന്ന് രാജ്യത്തു നിന്ന് കോവിഡിനെ തുരത്തി ആരോഗ്യ രംഗത്ത് രാജ്യം മികച്ച നേട്ടം കൈവരിക്കുമെന്നും ഷാ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഷാ അന്ന് പറഞ്ഞതിൽ വിപരീതമായി രാജ്യത്തിന്‍റെ കോവിഡ് പ്രതിരോധ ഭടന്മാരായ ആരോഗ്യപ്രവർത്തകരെ അപമാനിക്കുന്നതാണ് സ്വകാര്യ ആശുപത്രി തെരഞ്ഞെടുക്കാൻ കാരണമെന്നാണ് വിമർശനം.
തമിഴ്നാട്
തമിഴ്നാട് ഗവർണർ ബൻവരിലാൽ പുരോഹിത് കോവിഡ് പരിശോധനക്കായി എത്തിയത് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയായ കൗവരിയിലായിരുന്നു. ആഗസ്റ്റ് 1നായിരുന്നു അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായയ്. തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് ചികിത്സ തേടിയത്. തമിഴ്നാട് ഊർജ്ജ മന്ത്രി പി. തങ്കമണിയും അപ്പോളോ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി അൻപഴകൻ, സഹകരണമന്ത്രി സെല്ലൂർ കെ. രാജു എന്നിവരും സ്വകാര്യ ആശുപത്രിയായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർത്തോപീഡിയാക്സ് ആന്‍റ് ട്രോമറ്റോളജിയിലാണ് ചികിത്സ തേടിയത്.
കർണാടകയും മധ്യപ്രദേശും
മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും സ്വകാര്യ ആശുപത്രിയായ ബെംഗളൂരുവിലെ മണിപാൽ ആശുപത്രിയിലാണ് കോവിഡ് ചികിത്സ തേടിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാവട്ടെ ഭോപാലിലെ സ്വകാര്യ ആശുപത്രിയായ ചിരായുവിലാണ് ചികിത്സ തേടിയത്. ചൗഹാൻ മന്ത്രിസഭയിലെ മന്ത്രിമാരായ രാം കെൽവാൻ പട്ടേൽ, അരവിന്ദ് സിങ് ബഡോരിയ എന്നിവരും ചിരായുവിലാണ് കോവിഡ് പരിശോധനക്ക് എത്തിയത്.
പഞ്ചാബും ഡൽഹിയും
പഞ്ചാബിലാവട്ടെ 77കാരനായ നഗരവികസന മന്ത്രി ത്രിപ്തി സിങ് ബജ്്വ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയായ ഫോർടിസിലാണ് ചികിത്സ തേടിയത്. ഡൽഹിയിൽ ആരോഗ്യമന്ത്രി സത്യേന്ത്ര ജയിനെ ആദ്യം സർക്കാർ ആശുപത്രിയായ രാജീവ് ഗാന്ധി സൂപർ സെപെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് സാകേതിലെ സ്വകാര്യ ആശുപത്രിയായ മാക്സിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇത് വിവാദമായതോടെ അദ്ദേഹം പ്രസ്താവനയുമായി രഗംത്തെത്തിയിരുന്നു. പ്ലാസ്മ തെറപ്പിക്ക് സംവിധാനം ഇല്ലാത്തതിനാൽ ഡോട്കർമാരുടെ നിർദ്ദേശപ്രകാരമായിരുന്നു മാക്സിലേക്ക് മാറിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മഹാരാഷ്ട്രയും ബിഹാറും ഝാർഗണ്ഡും
മഹാരാഷ്ട്രയിൽ മന്ത്രിമാരായ അശോക് ചവാനും ധനഞ്ജയ് മുണ്ഡെയും മുംബൈയിലെ ബ്രീച്ച് കാന്‍റി ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. മറ്റൊരു മന്ത്രിയായ ജിതേന്ദ്ര ഔഹാദ് മുബൈയിലെ ഫോർടിസ് ആശുപത്രിയിലുമായിരുന്നു ചികിത്സ തേടിയത്.
ഝാർഗണ്ഡിൽ ഝാർഗണ്ഡ് മുക്തി മോർച്ച എം.എൽ.എയും മന്ത്രിയുമായ മിഥിലേഷ് താക്കൂർ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു ചികിത്സ തേടിയത്. മറ്റൊരു എം.എൽ.എയായ മാഥൂറ മാഥോയെ ആദ്യം ധൻബാദിലെ പാടലിപുത്ര മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ജാംഷെഡ്പൂരിലെ ടാറ്റയുടെ ആശുപത്രിയിലേക്കും മാറ്റി.
ബിഹാറിലും ഝാർഗണ്ഡിലും സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെ അഭാവം കാരണം നേതാക്കൾ സർക്കാർ ആശുപത്രികളെ തന്നെയാണ് ആശ്രയിക്കുന്നത്. ബിഹാറിൽ മുതിർന്ന ആർ.ജെ.ഡി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രഘുവൻഷ് പ്രസാദ് സിങ് പാറ്റ്ന എയിംസിലാണ് ചികിത്സ തേടിയത്. മന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ വിനോദ് കുമാർ സിങ് കത്യാറിലെ കോവിഡ് കെയർ സെന്‍ററായ സ്വകാര്യ ഹോട്ടലിൽ ഐസൊലേഷനിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.