ബി.ജെ.പിയെ അനുകരിക്കാനല്ല, ബദലാകാനാണ് കോൺഗ്രസ് ശ്രമിക്കേണ്ടത് -മണിശങ്കർ അയ്യർ
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നടന്ന രാമക്ഷേത്ര ശിലാപൂജക്ക് മുതിർന്ന കോൺഗ്രസ് നേതാക്കളക്കം പിന്തുണകൊടുത്തതിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ദി ഹിന്ദു പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് മണി ശങ്കർ അയ്യർ തെൻറ നിലപാട് വ്യക്തമാക്കിയത്.
ആരാണ് കൂടുതൽ ഹിന്ദു എന്ന കാര്യത്തിലല്ല, ആരാണ് കൂടുതൽ മതേതരർ എന്നകാര്യത്തിലാണ് ബി.ജെ.പിയുമായി കോൺഗ്രസ് മത്സരിക്കേണ്ടത്. നമ്മൾ അവരുടെ ഇടം അപഹരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ വില കൊടുക്കേണ്ടിവന്നാലും മതേതര ഇന്ത്യയെന്ന ആശയത്തിന് വേണ്ടിയാണ് പോരാടേണ്ടത്. ബി.ജെ.പിയുടെ നിറംമങ്ങിയ പതിപ്പായല്ല, ബി.ജെ.പിക്കുള്ള ബദൽ എന്ന നിലയിലാണ് കോൺഗ്രസ് നില നിൽക്കേണ്ടത്.
മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ എതിർത്തവരാണ് കോൺഗ്രസ്. അതുകൊണ്ടാണ് പാകിസ്താൻ ഇസ്ലാമിക രാജ്യമായപ്പോഴും ഇന്ത്യ മതേതര രാജ്യമായത്. ഒരു ഹിന്ദുരാജ്യം സൃഷ്ടിച്ച് നമ്മൾ ജിന്നയുടെ വാദത്തിന് ശക്തി പകരരുത്. സോമനാഥ് ക്ഷേത്രത്തിെൻറ പുനരുദ്ധാരണത്തിൽ സർദാർ വല്ലഭായ് പട്ടേലിെൻറ നിർദേശം പോലും മറികടന്ന് കേന്ദ്രസർക്കാർ പങ്കെടുക്കേണ്ടതില്ല എന്ന് നെഹ്റു പ്രഖ്യാപിച്ചത് മതേതര മൂല്യം ഉയർത്തിപ്പിടിക്കുന്നതിനാലാണ്.
രാജീവ് ഗാന്ധിയാണ് ബാബരിയുടെ താഴ് തുറന്നുകൊടുത്തത് എന്ന ചില കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന ശരിയല്ല. പ്രാദേശിക കോടതി വിധി പാലിക്കുകയാണ് അദ്ദേഹം ചെയ്തത്. ബാബരി മസ്ജിദ് സംരക്ഷിക്കുന്നതിന് തന്നെയായിരുന്ന അദ്ദേഹത്തിെൻറ പ്രഥമ പരിഗണന.
പള്ളി പൊളിച്ച അന്യായത്തെ ആഘോഷമാക്കാൻ സുപ്രീം കോടതി പറഞ്ഞിട്ടില്ല. മസ്ജിദിന് പുറത്തെ ഭൂമിയിൽ ശിലാന്യാസം നടത്താനാണ് രാജീവ് ഗാന്ധി അനുമതി നൽകിയത്. തകർത്ത മസ്ജിദിെൻറ സ്ഥാനത്ത് പള്ളി നിർമിക്കുമെന്ന് പി.വി നരസിംഹ റാവു പറഞ്ഞത് മറക്കരുതെന്നും മണിശങ്കർ അയ്യർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.