രാമക്ഷേത്രത്തിന് കോൺഗ്രസിെൻറ വക 11 വെള്ളിക്കട്ടകൾ നൽകും-കമൽ നാഥ്
text_fieldsഭോപ്പാൽ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് മധ്യപ്രദേശ് കോൺഗ്രസിെൻറ വക 11 വെള്ളിക്കട്ടകൾ നൽകുമെന്ന് സംസ്ഥാന അധ്യക്ഷൻ കമൽ നാഥ്. ക്ഷേത്രത്തിെൻറ ഭൂമിപൂജയുടെ തലേന്ന് അദ്ദേഹത്തിെൻറ വസതിയിൽ നടത്തിയ ഹനുമാൻ ഭജനയോടനുബന്ധിച്ചാണ് ഇതേക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് അംഗങ്ങൾ നൽകിയ സംഭാവനകളിൽ നിന്നാണ് വെള്ളിക്കട്ടകൾ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിെൻറ സന്തോഷത്തിനും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് ഹനുമാൻ ഭജന ചൊല്ലിയതെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ കമൽനാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് അയോധ്യയിൽ രാമക്ഷേത്രം പണിയാൻ ഞങ്ങൾ 11 വെള്ളിക്കട്ടകൾ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
1985ൽ രാമജന്മഭൂമി തുറന്നുകൊടുത്ത അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് യഥാർഥത്തിൽ ക്ഷേത്രത്തിന് അടിത്തറയിട്ടതെന്നും കമൽനാഥ് അവകാശപ്പെട്ടു. 'രാമരാജ്യം സ്ഥാപിക്കപ്പെടണമെന്ന് രാജീവ്ജി 1989ൽ പറഞ്ഞിരുന്നു. രാമക്ഷേത്ര സ്വപ്നം സാക്ഷാത്കരിക്കപ്പെടാൻ കാരണം രാജീവ് ഗാന്ധിയാണ്. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ വളരെയേറെ സന്തോഷിക്കുമായിരുന്നു" -കമൽനാഥ് പറഞ്ഞു.
താൻ മുഖ്യമന്ത്രിയായ കാലത്ത് പശുസംരക്ഷണത്തിനും ക്ഷേത്രവികസനത്തിനും നടത്തിയ പ്രവർത്തനങ്ങളും അദ്ദേഹം അക്കമിട്ട് നിരത്തി. കഴിഞ്ഞ ദിവസം മുതൽ തെൻറ ട്വിറ്റർ പ്രൊഫൈൽ ഇദ്ദേഹം കാവി നിറത്തിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.