പ്ലാസ്മ തെറാപ്പി കോവിഡ് മരണനിരക്ക് കുറക്കില്ലെന്ന് എയിംസ്
text_fieldsന്യൂഡൽഹി: പ്ലാസ്മ തെറാപ്പി കോവിഡ് മരണനിരക്ക് കുറക്കില്ലെന്ന് വ്യക്തമാക്കി ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസ്. പ്ലാസ്മ തെറാപ്പിയുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി എയിംസിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഗുരുതര കോവിഡ് രോഗികൾക്ക് പ്ലാസ്മ ചികിൽസ നൽകുന്നുണ്ട്.
30 കോവിഡ് രോഗികളിൽ നടത്തിയ പരിശോധനയിൽ പ്ലാസ്മ തെറാപ്പി കോവിഡ് മൂലമുണ്ടാകുന്ന മരണനിരക്ക് കുറക്കുമെന്നത് സംബന്ധിച്ച് കൃത്യമായ തെളിവുകൾ ലഭിച്ചില്ലെന്ന് എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ പറഞ്ഞു.
രോഗികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു എയിംസിലെ പരീക്ഷണം. ഇതിൽ ഒരു ഗ്രൂപ്പിന് സാധാരണ ചികിൽസ മാത്രം നൽകിയപ്പോൾ മറ്റുള്ളവർക്ക് ഇതിനൊപ്പം പ്ലാസ്മ തെറാപ്പിയും നൽകി. എന്നാൽ, ഇരു വിഭാഗങ്ങളിലും മരണനിരക്ക് എതാണ്ട് സമാനമായിരുന്നുവെന്നാണ് കണ്ടെത്തൽ. എന്നാൽ, ഇക്കാര്യത്തിൽ ഇടക്കാല പരിശോധനകൾ മാത്രമാണ് നടന്നതെന്നും കൂടുതൽ പരീക്ഷണങ്ങൾ വൈകാതെയുണ്ടാകുമെന്നും എയിംസ് ഡയറക്ടർ അറിയിച്ചു.
കോവിഡ് മുക്തനായ വ്യക്തിയുടെ രക്തത്തിലെ ആൻറിബോഡി കോവിഡ് രോഗിയിൽ കുത്തിവെക്കുകയാണ് പ്ലാസ്മ തെറാപ്പിയിൽ ചെയ്യുന്നത്. ഇതിലൂടെ കോവിഡ് രോഗിയിൽ രോഗപ്രതിരോധശേഷി കൈവരുമെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.