കർണാടക ഹൈകോടതി ജഡ്ജിയുടെ 'ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി' പ്രയോഗത്തിനെതിരെ തുറന്ന കത്ത്
text_fieldsബംഗളൂരു: തന്നെ ബലാത്സംഗം ചെയ്തയാൾക്കൊപ്പം ഉറങ്ങുന്നത് ഭാരതസ്ത്രീകൾക്ക് ചേർന്നതല്ലെന്ന നിരീക്ഷണത്തോടെ ബലാത്സംഗക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച കർണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതിെൻറ ഉത്തരവിനെതിരെ തുറന്നകത്ത്.
ജസ്റ്റിസിെൻറ നടപടി ഇടുങ്ങിയ ചിന്താഗതിയുടെയും പക്ഷപാതിത്വത്തിെൻറയും പ്രതിഫലനമാണെന്ന് ചൂണ്ടിക്കാട്ടി കർണാടകയിലെ 17 സംഘടനകളും 22 മാധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരും ഒപ്പിട്ട കത്ത് ജഡ്ജിക്ക് അയച്ചു.
രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ, നിയമ സംവിധാനങ്ങളിലടക്കം നിലനിൽക്കുന്ന വിവേചനത്തിനെതിരെ ദശകങ്ങളായി പൊരുതുന്നവരെ തീർത്തും നിരാശപ്പെടുത്തുന്നതാണ് പ്രസ്തുത ഉത്തരവെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
പരാതിക്കാരി ബലാത്സംഗത്തിന് ഇരയായ ശേഷം ക്ഷീണിച്ചുറങ്ങി എന്നു പറയുന്നത് ഭാരതസ്ത്രീകൾക്ക് ചേർന്നതല്ലെന്നും ഇത്തരത്തിലല്ല നമ്മുടെ സ്ത്രീകൾ പെരുമാറുകയെന്നും ജാമ്യ ഉത്തരവിൽ ജസ്റ്റിസ് കൃഷ്ണ വ്യക്തമാക്കിയിരുന്നു.
ബലാത്സംഗം നടന്നെന്ന് പറയുന്ന ദിവസം രാത്രി 11ന് എന്തിനാണ് പ്രതിയുടെ ഒാഫിസിൽ പരാതിക്കാരി പോയതെന്നും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും കാറിൽ സഞ്ചരിക്കുകയും െചയ്തിട്ടും യുവതി താൻ അപകടത്തിലാണെന്ന സൂചന പൊലീസിനോ പൊതുജനങ്ങൾക്കോ നൽകിയില്ലെന്നും ജാമ്യ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന സ്ത്രീകളെ മോശക്കാരായി കാണുന്ന ചിന്താഗതിയാണ് ഉത്തരവിൽ പ്രതിഫലിക്കുന്നതെന്നും ഇത് ഇടുങ്ങിയതും പക്ഷപാതപരവും മുൻവിധിയോടെയുള്ളതുമാണെന്ന് കത്തിൽ പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങളെ നിരാകരിക്കുന്ന ഇൗ നടപടി 19 ാം നൂറ്റാണ്ടിലെ വിക്ടോറിയൻ സദാചാര സങ്കൽപങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും പുതിയ കാലത്തിന് ചേർന്നതല്ലെന്നും അവർ പറഞ്ഞു. പരാതി നൽകാൻ യുവതി നൽകിയതിനെ കോടതി കുറ്റപ്പെടുത്തിയതിനെയും ഉത്തരവിൽ 'ലൈംഗികാതിക്രമം 'എന്ന നിയമപരമായ പദത്തിനുപകരം 'ബലാത്സംഗം' എന്ന് പ്രയോഗിച്ചതിനെയും കത്തിൽ വിമർശിച്ചു.
സ്ത്രീകളുടെ അവകാശത്തെയും അന്തസ്സിനെയും ഹനിക്കുന്നതും ഭരണഘടനാവിരുദ്ധവുമായ നടപടി സ്വയം തിരുത്താൻ ജസ്റ്റിസ് ദീക്ഷിത് തയാറാവണമെന്നും അവർ ആവശ്യപ്പെട്ടു.
എ.െഎ.സി.സി.ടി.യു, സ്വരാജ് അഭിയാൻ, ഒാൾ ഇന്ത്യ പ്രോഗ്രസിവ് വിമൻസ് അസോസിയേഷൻ, സ്ത്രീ ജാഗ്രതി സമിതി, ബ്ലാങ്ക് നോയ്സ് തുടങ്ങിയ സംഘടനകളും ചരിത്രകാരൻ രാമചന്ദ്രഗുഹ, സാമ്പത്തിക വിദഗ്ധ കാവേരി ബൊപ്പയ്യ, മാധ്യമ പ്രവർത്തക ശാരദ ഉഗ്ര, ഗായിക എം.ഡി. പല്ലവി അടക്കമുള്ളവരാണ് കത്തിൽ ഒപ്പുവെച്ചത്.
ബംഗളൂരുവിൽ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിെൻറ ഉടമ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി 42 കാരി നൽകിയ പരാതിയിൽ രാജരാജേശ്വരി നഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിവാദ ഉത്തരവ്.
കേസിൽ ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും െഎ.ടി ആക്ടിലെ 66 ബി വകുപ്പും ചുമത്തിയിരുന്നു. വിചാരണ കോടതി ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.