കേന്ദ്ര നോട്ടീസിന് പിന്നാലെ പ്രിയങ്ക വീടൊഴിഞ്ഞു; വീട് ഇനി ബി.ജെ.പി എംപിക്ക്
text_fieldsന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി ലോധി എസ്റ്റേറ്റ് ബംഗ്ലാവിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. പുതിയ വസതിയുടെ അറ്റകുറ്റപണികൾ പുരോഗമിക്കുന്നതിനാൽ കഴിയുന്നത് വരെ തത്കാലം ഗുരുഗ്രാമിലെ ഭർത്താവിന്‍റെ പേരിലുള്ള ഫ്ലാറ്റിലേക്ക് മാറി. 23 വർഷക്കാലം പ്രിയങ്ക താമസിച്ച വീടാണ് ഒഴിഞ്ഞത്. ബി.ജെ.പി എം.പിയും ദേശീയ വക്താവുമായ അനിൽ ബലൂനിയാണ് ബംഗ്ലാവിലെ പുതിയ താമസക്കാരൻ.
ജൂലൈ 1നാണ് കേന്ദ്ര നഗര വികസ മന്ത്രാലയം ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ആഗസ്റ്റ് 1നകം ഒഴിയണമെന്ന് കാണിച്ച് പ്രിയങ്കക്ക് നോട്ടീസ് നൽകിയത്. ഗാന്ധി കുടുംബത്തിനുള്ള സെപെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് ബംഗ്ലാവ് ഒഴിയാനുള്ള നിർദ്ദേശം ലഭിച്ചത്.
കഴിഞ്ഞ നവംബറിലാണ് എസ്.പി.ജി സുരക്ഷ പിൻവലിച്ചത്. നിലവിൽ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് പ്രിയങ്കക്കുള്ളത്. ഈ സുരക്ഷയുള്ളവർക്ക് ലോധി എസ്റ്റേറ്റിലെ വീടിന് അർഹതയില്ലാത്തതിനാലാണ് ഒഴിയാൻ നിർദ്ദേശമുണ്ടായതെന്നാണ് സൂചന.
1997ലാണ് ലോധി എസ്റ്റേറ്റിലെ 35ാം നമ്പർ ബംഗ്ലാവ് പ്രിയങ്കക്ക് അനുവദിച്ചത്. എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്‍റെ കുടുംബത്തിനും മുൻ പ്രധാനമന്ത്രിമാർക്കും മാത്രമായി കേന്ദ്രം നിജപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.