തലക്കാവേരിയിൽ മണ്ണിടിച്ചിലിൽപെട്ടവരെ കണ്ടെത്താനായില്ല
text_fieldsബംഗളൂരു: കുടകിലെ തലക്കാവേരി ബാഗമണ്ഡലയിലെ ബ്രഹ്മഗിരി കുന്നിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയവരെ കണ്ടെത്താനായില്ല. വൻ തോതിൽ മണ്ണിടിഞ്ഞതും കനത്ത മഴ തുടരുന്നതും ശക്തമായ കാറ്റുമാണ് രക്ഷാപ്രവർത്തനം ക്ലേശകരമാക്കുന്നത്. താഴ്വരയിലെ രണ്ടു വീടുകളും തകർന്നതായും കാണാതായ അഞ്ചുപേരും ജീവനോടെ മണ്ണിനടിയിലായതായും കരുതുന്നുവെന്ന് മടിക്കേരി ഡിവൈ. എസ്.പി ദിനേശ് കുമാർ പറഞ്ഞു. 30 ഏക്കറോളം ഭൂമി ഇടിഞ്ഞു താഴേക്കു പതിച്ചതിനാൽ താഴ്വരയിലുണ്ടായിരുന്ന വീടും ആളുകളും ഏറെ ആഴത്തിലായാണ് അകപ്പെട്ടിരിക്കുന്നതെന്ന് സംശയിക്കുന്നതായി ഡിവൈ. എസ്.പി പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ൈവകിയും തെരച്ചിൽ തുടരുകയാണ്. ബ്രഹ്മഗിരി മലയിലേക്കുള്ള റോഡിൽ മണ്ണിടിഞ്ഞും പാറവീണും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ടെന്നും ഇവ നീക്കിയ ശേഷമേ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാൻ കഴിയുകയുള്ളൂവെന്നും കുടക് ഡെപ്യൂട്ടി കമ്മീഷണറും മലയാളിയുമായ ആനീസ് കൺമണി ജോയ് വ്യക്തമാക്കി. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ ശ്രമം തുടരുകയാണ്.
തലക്കാവേരി ശ്രീകാവേരി ക്ഷേത്രത്തിലെ മുഖ്യ പൂജാരി ടി.എസ്. നാരായണാചാർ (70), ഭാര്യ ശാന്ത നാരായണ (68), ശാന്തയുടെ സഹോദരൻ ആനന്ദതീർഥ സ്വാമി (87), ക്ഷേത്ര ജീവനക്കാരായ രവികിരൺ ഭട്ട് (26), പവൻ ശ്രീനിവാസ് ഭട്ട് (30) എന്നിവരെയാണ് കാണാതായത്. പൂജാരിയുടെ വീട്ടിലെ 50 ലേറെ കന്നുകാലികളും അപകടത്തിൽ പെട്ടു.
കാവേരി നദിയുടെ ഉദ്ഭവ സ്ഥാനമാണ് തലക്കാവേരി. കുടകിലെ കനത്ത മഴയിൽ കാവേരി നദി കരകവിഞ്ഞൊഴുകുകയാണ്. പലയിടത്തും കുന്നുകളിൽനിന്ന് മരങ്ങളും മണ്ണും ഇടിഞ്ഞ് നദിയിൽ ചേർന്നതായും ജലനിരപ്പുയർന്നതിനാൽ രക്ഷാപ്രവർത്തനം സുഗമമല്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. മണ്ണിടിച്ചിൽ കുടുങ്ങിയ നാരായണ ആചാറും കുടുംബവും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് പ്രദേശവാസികൾ പറഞ്ഞു. അദ്ദേഹത്തിെൻറ കാറിെൻറ ഡോർ അപകടസ്ഥലത്തുനിന്ന് ഏതാനും കിലോമീറ്റർ അകലെ തലക്കാവേരി സംഗമ ഭാഗത്ത് ഒഴുകി നടക്കുന്നതായി കണ്ടെത്തിയിരുന്നു.
കുടകിൽ കരാടികോട്, വിരാജ്പേട്ട്, ഭാഗമണ്ഡല എന്നിവടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കരാടികോട് ക്യാമ്പിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തി. 2018ലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുടകിൽ 18 പേർ മരിക്കുകയും 7,000 പേർ ഭവന രഹിതരാവുകയും ചെയ്തിരുന്നു. കഴിഞ്ഞവർഷം തോറ വില്ലേജിലുണ്ടായ മണ്ണിടിച്ചിലിൽ 10 പേരും മരണമടഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.