അവസാന മിനിറ്റുകളിൽ ഇരട്ടപ്രഹരം; സെനഗാളിനെ രണ്ടു ഗോളിന് വീഴ്ത്തി ഓറഞ്ച് പട
text_fieldsദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ് എയിലെ രണ്ടാം മത്സരത്തിൽ സെനഗാളിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി നെതർലൻഡ്സ്. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ കോഡി ഗാക്പോ (84), ഡേവി ക്ലാസൻ (90+9) എന്നിവരാണ് ഓറഞ്ച് പടക്കായി ഗോൾ നേടിയത്.
അൽ തുമാമ സ്റ്റേഡിയത്തിൽ മത്സരം തുടങ്ങിയതു മുതൽ ഇരുടീമുകളും ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്. പന്തടക്കത്തിലും പാസിങ്ങിലും ഉൾപ്പെടെ നെതർലൻഡ്സിനൊപ്പം നിൽക്കുന്ന പ്രകടനമാണ് സെനഗാളും പുറത്തെടുത്തത്. നാലാം മിനിറ്റില്‍ നെതര്‍ലന്‍ഡിന്റെ ബെർഗ്വിജൻ മികച്ച അവസരം ലഭിച്ചെങ്കിലും സെനഗാൾ പ്രതിരോധം വിഫലമാക്കി.
എട്ടാം മിനിറ്റില്‍ സെനഗാളിന്റെ സിസ്സെയും മികച്ച അവസരം പാഴാക്കി. 19-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സിന്റെ സൂപ്പര്‍ താരം ഫ്രെങ്കി ഡിജോങ്ങിന് ബോക്‌സിന് മുന്നില്‍ മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇതോടെ ഒന്നാം പകുതി ഗോൾരഹിതമായി പിരിഞ്ഞു. രണ്ടാം പകുതിയിലും ഇരു ടീമുകളും അറ്റാക്കിങ്ങും കൗണ്ടർ അറ്റാക്കിങ്ങുമായി കളം നിറഞ്ഞു. 53ാം മിനിറ്റിൽ വാൻഡൈക്കിന്‍റെ ഹെഡർ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്.
73ാം മിനിറ്റിൽ സെനഗാളിന്‍റെ ഗ്യുയെയുടെ ഗോളെന്നുറച്ച തകർപ്പൻ ഷോട്ട് ഗോൾകീപ്പർ നോപ്പർട്ട് തട്ടിയകറ്റി. 84ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്ന് ബോക്സിനുള്ളിലേക്ക് ഫ്രെങ്കി ഡി ജോങ് ഉയർത്തി നൽകിയ പന്ത് ഗാപ്കോ ഹെഡറിലൂടെ വലയിലെത്തിച്ചു.
പന്ത് തട്ടിയകറ്റാനായി സെനഗാൾ ഗോളി എഡ്വേർഡ് മെൻഡി മുന്നോട്ടുവന്നെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ ഗോൾ മടക്കാൻ സെനഗാൾ പ്രതിരോധം മറന്നുകളിച്ചതോടെ വലയിൽ രണ്ടാം ഗോളുമെത്തി. ഗോളി തട്ടിയകറ്റിയ പന്ത് ഡേവി ക്ലാസൻ വലയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.