കലോത്സവത്തിന്‍െറ വരവറിയിച്ച് പാലുകാച്ചല്‍
text_fieldsതിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തിന്‍െറ ആവേശം അടുപ്പിലാവാഹിച്ച് ഊട്ടുപുരയുടെ പാലുകാച്ചല്‍ ചടങ്ങ് കെങ്കേമമായി. തിങ്കളാഴ്ച രാവിലെ തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ മേല്‍നോട്ടത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് അടുപ്പിലേക്ക് തീ പകര്‍ന്നത്. മേയര്‍ വി.കെ. പ്രശാന്ത്, ഡി.പി.ഐ എം.എസ്. ജയ, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ഉണ്ണികൃഷ്ണന്‍, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ വട്ടപ്പാറ അനില്‍, ജെ. മുഹമ്മദ് റാഫി, കെ.എസ്. മോഹനകുമാര്‍, പ്രദീഷ് നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഒരുനേരം 3000 പേര്‍ക്ക് ഇരിക്കാവുന്ന ഊട്ടുപുര ചൊവ്വാഴ്ച രാവിലെ മുതല്‍ സജീവമാകുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. പാലുകാച്ചല്‍ ചടങ്ങ് കഴിഞ്ഞതോടെ അച്ചാറുകള്‍ തയാറാക്കുന്ന ജോലി ആരംഭിച്ചു. മേളയുടെ ആദ്യദിവസമായ ചൊവ്വാഴ്ച ഉച്ചക്ക് അമ്പലപ്പുഴ പാല്‍പ്പായസം കൂട്ടിയുള്ള സദ്യയാണ് ഒരുക്കുന്നത്.
അമ്പലപ്പുഴ പാല്‍പ്പായസത്തില്‍ തുടങ്ങി ജയില്‍ ചപ്പാത്തിവരെ നീളുന്നതാണ് ഇത്തവണ വിഭവങ്ങള്‍. ഫണ്ടിന്‍െറ അപര്യാപ്തതയുണ്ടെങ്കിലും ദിവസവും പായസവും ഉണ്ടാകും. ഇതിന് സ്പോണ്‍സര്‍മാരെ തേടിയുള്ള ഓട്ടവും നടക്കുന്നുണ്ട്.
ഊട്ടുപുര സജീവമായതോടെ വിഭവങ്ങളും എത്തിത്തുടങ്ങി. പച്ചക്കറിയും അരിയും മറ്റ് പലവ്യഞ്ജനങ്ങളുമടക്കം നാലുദിവസത്തേക്കുള്ള വിഭവങ്ങളാണ് ഊട്ടുപുരയിലുള്ളത്. ഹോര്‍ട്ടികോര്‍പ്പില്‍നിന്നും ചാലയില്‍നിന്നുമാണ് പച്ചക്കറികള്‍ വാങ്ങിയത്. അതേസമയം ഏറെ കൊട്ടിയാഘോഷിക്കപ്പെട്ട മേളക്കൊരു നാളികേരം പദ്ധതി പരാജയമാണെന്ന വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. പദ്ധതിയോട് നഗരത്തിലെ പ്രമുഖ സ്കൂളുകള്‍ മുഖം തിരിച്ചെന്നാണ് ആക്ഷേപം. 30000ത്തോളം നാളികേരമാണ് പാചകക്കാര്‍ ആവശ്യപ്പെട്ടതെങ്കിലും 4600 ഓളം നാളികേരം മാത്രമാണ് ലഭിച്ചതെന്ന് സംഘാടകര്‍ പറയുന്നു.
ഫണ്ടിന്‍െറ അപര്യാപ്തയാണ് ഫുഡ് കമ്മിറ്റിക്ക് മുന്നിലെ വെല്ലുവിളി. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും 25 ലക്ഷമാണ് ഭക്ഷണത്തിന് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍, വില വര്‍ധനയുള്ളപ്പോള്‍ ഈ തുക അപര്യാപ്തമാണെന്ന് ഫുഡ് കമ്മിറ്റി കണ്‍വീനര്‍ വട്ടപ്പാറ അനില്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കൂടാതെ ഭക്ഷണപ്പന്തലില്‍ വെള്ളം എത്തിക്കുന്നതിന് ഒന്നരലക്ഷം രൂപയാണ് ചെലവിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.