കലയുടെ നൂപുര നാദമുണര്‍ത്തി ആര്യാംബിക
text_fields‘ആയിരമായിരം ആണ്ടുകള്‍ മുമ്പേ
ആദിമ വേദാക്ഷരമായി
കലയുടെ നൂപുരനാദമുണര്‍ന്നത്
കാലം ചെവിയോര്‍ക്കുന്നു...’
സംസ്ഥാന സ്കൂള്‍ കലോത്സവത്തെ വരവേറ്റ് ഡോ. ആര്യാംബിക രചിച്ച സ്വാഗതഗാനത്തിലെ വരികളാണിത്. കലകളുടെയും സംസ്കാരങ്ങളുടെയും നാടായ അനന്തപുരിയുടെ വൈവിധ്യങ്ങളും പഴമയും ഇഴചേരുന്നതാണ് അവതരണഗാനം. പാലാ പൂവരണി ഗവ. യു.പി സ്കൂളിലെ സംസ്കൃത അധ്യാപികയായ ആര്യാംബികയുടെ വാക്കുകളിലും ആശയങ്ങളിലും രമേശ് നാരായണന്‍െറ സംഗീതം ചേരുംപടി ചേര്‍ന്നതോടെ മഹാകലോത്സവത്തിന് പൊന്‍തിരശ്ശീലയുയര്‍ന്നു. ആര്യാംബിക സംസ്ഥാന കലോത്സവത്തിനായി അവതരണഗാനം രചിക്കുന്നത് ഇതാദ്യം. സുതാര്യകേരളം പരിപാടിക്കായി പാട്ടെഴുതിയിരുന്നു. ഇതു ശ്രദ്ധേയമായതോടെയാണ് ഡി.പി.ഐ എം.എസ്. ജയ അവതരണഗാനം എഴുതാന്‍ നിര്‍ദേശിച്ചത്.
1996ല്‍ കോട്ടയത്ത് നടന്ന സംസ്ഥാന കലോത്സവത്തില്‍ കാവ്യകേളിയില്‍ രണ്ടാം സ്ഥാനം നേടിയ ആര്യ ഒരുകാലത്ത് പദ്യംചൊല്ലല്‍, അക്ഷരശ്ളോകം വേദികളിലെ നിറസാന്നിധ്യമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം ആര്യാംബികയുടെ ‘തോന്നിയപോലൊരു പുഴ’ എന്ന കവിതാസമാഹാരത്തിനായിരുന്നു.
2006ല്‍ എഴുതിയ മണ്ണാങ്കട്ടയും കരിയിലയും എന്ന കവിതാസമാഹാരമാണ് ആദ്യത്തേത്. അമ്മ സാവിത്രിയമ്മ സംസ്കൃത അധ്യാപികയായിരുന്നു. എന്നാല്‍, ആര്യാംബികയുടെ സാഹിത്യതാല്‍പര്യത്തെ വളര്‍ത്തിയത് അച്ഛനും അധ്യാപകനുമായ വിശ്വനാഥന്‍ നായരായിരുന്നു. ഇദ്ദേഹമായിരുന്നു കലോത്സവവേദികളില്‍ ആര്യയുടെ സുഹൃത്തും വിധികര്‍ത്താവും. മകള്‍ക്ക് എഴുതാനുള്ള കഴിവുണ്ടെന്ന് മനസ്സിലാക്കിയ വിശ്വനാഥനാണ് കവിതയെഴുതാന്‍ ആര്യാംബികയെ പ്രോത്സാഹിപ്പിച്ചതും.
പക്ഷേ, മകളുടെ നേട്ടങ്ങള്‍ കാണാന്‍ ഇന്ന് അച്ഛനില്ലല്ളോ എന്ന വിഷമത്തിലാണ് അവര്‍. കഴിഞ്ഞ ജനുവരി 19നായിരുന്നു അദ്ദേഹത്തിന്‍െറ മരണം. അതിന് ഒരു വര്‍ഷം തികയുന്ന ദിവസമാണ് ആര്യയുടെ കവിത കലയുടെ നൂപുരനാദമുയര്‍ത്തുന്നത്. രാവിലെ അച്ഛന്‍െറ ആണ്ടുകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ആര്യാംബിക എത്തിയപ്പോള്‍ അത് അച്ഛന് മകളുടെ മധുരമാര്‍ന്ന ഗുരുദക്ഷിണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.