നിറപ്പകിട്ടിന്‍െറ മേളപ്പരപ്പില്‍ ‘കലസ്ഥാനം’
text_fieldsതിരുവനന്തപുരം: നിറപ്പകിട്ടിന്‍െറ മേളപ്പരപ്പില്‍ അനന്തപുരിക്ക് പൂരച്ഛായ പകര്‍ന്ന് സാംസ്കാരിക ഘോഷയാത്ര. സര്‍ഗാത്മക വസന്തത്തിന്‍െറ ഓര്‍മപ്പെടുത്തലിനൊപ്പം ഏഴു വര്‍ഷത്തിനുശേഷം തലസ്ഥാനത്തത്തെിയ കലോത്സവത്തെ നാട് ഉള്ളറിഞ്ഞ് വരവേറ്റു. ചെണ്ടമേളവും വാദ്യഘോഷവും ഇടമുറിയാതെ പെയ്തിറങ്ങിയ നിമിഷങ്ങളില്‍ കാഴ്ചക്കാര്‍ക്ക് ആഹ്ളാദവും ആവേശവും പകര്‍ന്നാണ് ഘോഷയാത്ര ഓരോ പോയന്‍റും പിന്നിട്ട് ഒഴുകിനീങ്ങിയത്. വൈകീട്ട് 3.15ന് സംസ്കൃത കോളജ് പരിസരത്തുനിന്നാണ് ഘോഷയാത്രക്ക് തുടക്കംകുറിച്ചത്.
മുക്കാല്‍ മണിക്കൂറോളം വൈകിയാണ് ഘോഷയാത്ര ആരംഭിച്ചത്. 56ാം സ്കൂള്‍ കലോത്സവത്തെ ഓര്‍മിപ്പിക്കാന്‍ 56 പേര്‍ ആതിര മുരളിയുടെ നേതൃത്വത്തില്‍ സാഹസിക പ്രകടനവുമായി ബൈക്കുകളില്‍ അണിനിരന്നു. തുടര്‍ന്ന് റോളര്‍ സ്കേറ്റിങ് സംഘങ്ങള്‍ ഒഴുകിനീങ്ങി. തൊട്ടുപിന്നില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഉള്‍പ്പെടെ ജനപ്രതിനിധികളും സാംസ്കാരികനായകരും അണിനിരന്നു.
വൈവിധ്യങ്ങള്‍ക്കപ്പുറം ഒത്തൊരുമയുടെയും സഹിഷ്ണുതയുടെയും സന്ദേശം പകരുന്നതായിരുന്നു ഓരോ സ്കൂളിന്‍െറയും കലാവിഷ്കാരങ്ങള്‍. നഗരത്തെ ആവേശംകൊള്ളിക്കുന്നതായിരുന്നു കുട്ടികളുടെ പ്രകടനം. ബാന്‍ഡ് മേളം, ചെണ്ട, ശിങ്കാരിമേളം തുടങ്ങിയവ ആകര്‍ഷകമായി. കളരിപ്പയറ്റും കരാട്ടേയും കാണികള്‍ക്ക് വിരുന്നായി. 56 മുത്തുക്കുടകള്‍ ചൂടിയ വിദ്യാര്‍ഥിനികള്‍, സൈക്ളിങ്, റോളര്‍ സ്കേറ്റിങ്, അശ്വാരൂഢസേന എന്നിവയാണ് ആദ്യം കടന്നുപോയത്. മാര്‍ഗംകളി, ഒപ്പന, മോഹിനിയാട്ടം, തെയ്യം, കരകാട്ടം, ആദിവാസിനൃത്തം തുടങ്ങിയ കലാരൂപങ്ങള്‍ മിക്കവാറും എല്ലാ ഫ്ളോട്ടുകളിലും അണിനിരന്നു.
ഭാരതാംബയും കര്‍ഷകരും പൂക്കുടയേന്തിയ മാലാഖമാരും സൂര്യകാന്തിപ്പൂക്കളും ചിത്രശലഭങ്ങളും വര്‍ണവിസ്മയം തീര്‍ത്തു. ദേശീയപതാകയുടെ നിറത്തിലുള്ള ബ്ളോക്കുകളും സഞ്ചരിക്കുന്ന വര്‍ണക്കൂടാരങ്ങളും ബലൂണ്‍റിങ്ങും മുന്തിരിത്തോട്ടവുമെല്ലാം കാണികള്‍ക്ക് വിരുന്നായി. വിവിധ സ്കൂളുകളില്‍നിന്നുള്ള ബാന്‍ഡ് ഗ്രൂപ്പുകള്‍ മിക്ക ബ്ളോക്കുകളിലുമുണ്ടായിരുന്നു. താലപ്പൊലിയും മുത്തുക്കുടയും പൂക്കാവടിയും പാണ്ടിമേളവും ഘോഷയാത്രക്ക് മാറ്റേകി. ഉത്തരേന്ത്യന്‍ വാദ്യോപകരണമായ നാസിക് ഡോളും ആവേശം പകര്‍ന്നു. കുട്ടിപ്പൊലീസിന്‍െറ പരേഡും അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.