ചൂണ്ടുവിരലായി നിശ്ചലദൃശ്യങ്ങള്‍
text_fieldsതിരുവനന്തപുരം: സാമൂഹിക വിഷയങ്ങളിലേക്കുള്ള ഗൗരവമേറിയ ചൂണ്ടുവിരലായി സാംസ്കാരിക ഘോഷയാത്രയില്‍ അണിനിരന്ന ഫ്ളോട്ടുകള്‍. ഭിന്നശേഷിക്കാരായ കുട്ടികളെ പരിഗണിക്കേണ്ടതിന്‍െറ പ്രാധാന്യം ചൂണ്ടിക്കാട്ടി റിസോഴ്സ് ടീച്ചേഴ്സ് ഫെഡറേഷന്‍ ഒരുക്കിയ ദൃശ്യാവിഷ്കാരമായിരുന്നു ഏറ്റവും ശ്രദ്ധേയം. ഭിന്നശേഷിക്കാരെ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയുള്ള ക്ളാസ്മുറിയുടെ മാതൃകയായിരുന്നു അവതരണിലുണ്ടായിരുന്നത്.
വൈകല്യങ്ങള്‍ അതിജീവിച്ച പ്രശസ്തരായ സ്റ്റീഫന്‍ ഹോക്കിങ്, ഹോമര്‍, ലൂയിസ് ബ്രെയ്ലി, വൈക്കം വിജയലക്ഷ്മി എന്നിവരുടെ ചിത്രങ്ങളുമേന്തി അധ്യാപകര്‍ മുന്നിലുണ്ടായിരുന്നു. കോട്ടണ്‍ഹില്‍ സ്കൂള്‍ അവതരിപ്പിച്ച ‘നവമാധ്യമങ്ങളുടെ കെണിയില്‍ വീഴാനല്ലീ ബാല്യം’ എന്ന ഫ്ളോട്ടും ആകര്‍ഷകമായി. മതേതരത്വത്തിന്‍െറ പ്രാധാന്യം കലാരൂപങ്ങളിലൂടെ അടിവരയിടുന്നതായിരുന്നു കാര്‍മല്‍ സ്കൂളിന്‍െറ ഫ്ളോട്ട്. ഇതിന് പുറമേ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍, സാംസ്കാരിക സംഘടനകള്‍, ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബുകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍ എന്നിവ ഉള്‍പ്പെട്ട പത്തോളം നിശ്ചലദ്യശ്യങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു.
ഘോഷയാത്ര വീക്ഷിക്കാന്‍ ജനം ഉച്ച മുതല്‍തന്നെ റോഡിന്‍െറ ഇരുവശങ്ങളിലും ഇടംപിടിച്ചിരുന്നു. ഘോഷയാത്ര ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ഫ്ളാഗ്ഓഫ് ചെയ്തു. മേയര്‍ വി.കെ. പ്രശാന്ത്, ഡി.പി.ഐ എം.എസ്. ജയ, മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, ശബരീനാഥന്‍ എം.എല്‍.എ, കണ്‍വീനര്‍ ജെ.ആര്‍. സാനു, സമീര്‍ സിദ്ദീഖി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.