സമാന്തര ജൂറിയുണ്ട്; സൂക്ഷിക്കുക
text_fieldsസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കാന്‍ ഒരു ജൂറി വരുന്നുവെന്ന് കരുതുക. അപ്പോള്‍തന്നെ ആ വേദിയിലേക്ക് സമാന്തര ജൂറിയെന്ന് പറഞ്ഞ് കുറേപ്പേര്‍ വന്നാലുള്ള അവസ്ഥയെന്തായിരിക്കും? അതുംപോരാഞ്ഞിട്ട് ഓരോ ജൂറിയുടെ പേര് പറയുമ്പോഴും സമാന്തരക്കാര്‍ കൂക്കുക. അവന്‍ മാഫിയയാണ്, മറ്റവന്‍ കള്ളനാണ്, അവള്‍ക്ക് ഈ കല അറിയില്ല എന്നൊക്കെ പരസ്യമായി വിളിച്ചുപറയുകകൂടി ചെയ്താല്‍ എന്തായിരിക്കും ഫലം. നല്ല ഭാഷയില്‍ പറഞ്ഞാല്‍ തല്ലുകൊടുക്കാതിരിക്കാന്‍ പറ്റാത്ത കാര്യം. ഇതാണ് നൃത്തവേദികളില്‍ സമാന്തര ജൂറിയെന്ന് പറയുന്നവര്‍ നടത്തുന്നത്. കഴിഞ്ഞ കോഴിക്കോട് കലോത്സവത്തില്‍ വളരെ മാന്യമായി സമാന്തര ജൂറിയുണ്ടായിരുന്നു.
ആസ്വാദകരുടെ മനസ്സ് ആര്‍ക്കാണെന്ന് അറിയാനാണ് അവര്‍ ശ്രമിച്ചത്. അന്നുതന്നെ ഇത്തരമൊരു സംവിധാനം വിധികര്‍ത്താക്കളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദത്തെക്കുറിച്ച് വിമര്‍ശവും ഉയര്‍ന്നിരുന്നു. ഇന്നത്തെ അബദ്ധം നാളത്തെ ആചാരമാവുമെന്നാണല്ളോ. ഇപ്പോഴിതാ അത് എന്തുമാത്രം കോമാളിക്കളിയായി മാറിയെന്ന് നോക്കുക. തങ്ങളുടെ അസോസിയേഷനില്‍പെട്ട അധ്യാപകരെ വിളിക്കാത്തതാണ് ഒരു വിഭാഗം നൃത്താധ്യാപകരെ ചൊടിപ്പിച്ചതത്രെ. ഇത് സത്യത്തില്‍ എല്ലാവര്‍ക്കുമൊരു മാതൃകയാണ്. ആഗ്രഹിച്ച കലോത്സവം കിട്ടാത്ത അധ്യാപക സംഘടന ഉടന്‍തന്നെ സമാന്തര കമ്മിറ്റിയുണ്ടാക്കട്ടെ. അങ്ങനെ എല്ലാ സമാന്തരന്മാരും ചേര്‍ന്ന് മേള നടത്തട്ടെ.
നടുക്കിയ നളവാചകം
കഴിഞ്ഞ കലോത്സവത്തില്‍ വലിയൊരു പ്രഖ്യാപനം കേട്ട് കേരളം നടുങ്ങിയതാണ്. മേളയുടെ നളനായ പഴയിടം ഇനി ഇങ്ങോട്ടില്ലത്രെ. ദേശീയ ഗെയിംസിന് ഭക്ഷണമൊരുക്കാനുള്ള തന്‍െറ ടെന്‍ഡര്‍ തള്ളിയതിന്‍െറ പ്രതിഷേധത്തിലായിരുന്നു ആ പ്രഖ്യാപനം. അതോടെ പത്രക്കാരും ചാനലുകാരും കൂട്ടനിലവിളിയായി. സദ്യയൊരുക്കാന്‍ ഇനിയാരുണ്ട്. പക്ഷേ, ഇത്തവണ വന്നപ്പോഴുണ്ട് പഴയിടം കലവറയില്‍ പാലുകാച്ചുന്നു. എല്ലാവര്‍ക്കും വാക്കുമാറാമെങ്കില്‍ പഴയിടമായിട്ട് എന്തിന് കുറക്കണം. പക്ഷേ, പ്രശ്നം അതല്ല, ഇത്രയൊക്കെ പറയാന്‍മാത്രം കലോത്സവ ഊട്ടുപുരയില്‍ എന്താണുള്ളതെന്ന് അറിയില്ളെന്നാണ് അത് കഴിക്കുന്നവര്‍ പറയുന്നത്. നാട്ടില്‍ സാമാന്യം പേരുള്ള ഏതു പാചകക്കാരനും ഇതൊക്കെ ഉണ്ടാക്കും. മൊത്തത്തില്‍ അതിശയോക്തികളുടെ ഹിമാലയമാണല്ളോ കലോത്സവം.
ചെരിപ്പിട്ടാലും വിവാദം
ചെരിപ്പഴിപ്പിച്ചാലും വിവാദം ചെരിപ്പിട്ടാലും വിവാദമെന്നതാണ് അനന്തപുരിയിലെ കഥ. മുമ്പ് സ്പീക്കര്‍ ശക്തന്‍ ചെരിപ്പഴിപ്പിച്ചതാണ് വിവാദമായതെങ്കില്‍ നമ്മുടെ അബ്ദുറബ്ബ് സാര്‍ പാദരക്ഷകള്‍ അഴിക്കാത്തതാണ് പ്രശ്നമായത്. വിദ്യാഭ്യാസ മന്ത്രി കലോത്സവ ഊട്ടുപുരയില്‍ ചെരിപ്പിട്ടു കയറിയതാണ് ഇപ്പോള്‍ ട്രോളന്മാര്‍ നവമാധ്യമങ്ങളില്‍ ആഘോഷമാക്കുന്നത്. എന്തും വിവാദമാകാനും വേണം ഒരു ഭാഗ്യം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.