Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഒരു വേഷത്തിന്‍െറ കഥ;...

ഒരു വേഷത്തിന്‍െറ കഥ; അപ്പുണ്ണി തരകന്‍െറയും

text_fields
bookmark_border
ഒരു വേഷത്തിന്‍െറ കഥ; അപ്പുണ്ണി തരകന്‍െറയും
cancel

തിരുവനന്തപുരം: അണിയറയിലെ വേഷപ്പകര്‍ച്ചകള്‍ക്ക്  ആറര പതിറ്റാണ്ടിന്‍െറ കൈയടക്കവുമായി അപ്പുണ്ണി തരകന്‍. 86ാം വയസ്സിലും  പ്രഫഷനല്‍ കഥകളിരംഗത്തും  സ്കൂള്‍ കലോത്സവവേദികളിലും നിറഞ്ഞുനില്‍ക്കുകയാണ് ഈ ചെറിയ മനുഷ്യന്‍. കഥകളി അണിയറയില്‍ ഉടുത്തൊരുക്കലെന്ന ‘വസ്ത്രാലങ്കാരം’ നിര്‍വഹിക്കുന്നതില്‍ 65 വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് അപ്പുണ്ണി തരകനെ വ്യത്യസ്തനാക്കുന്നത്.

നാലാം ക്ളാസില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്  ഉപജീവനമാര്‍ഗം തേടിയിറങ്ങിയതാണ് അപ്പുണ്ണി. എത്തിപ്പെട്ടത് വാഴേങ്കട ക്ഷേത്രത്തില്‍. അങ്ങനെ അക്കാലത്ത് കഥകളിയുടെ അണിയറപ്രവര്‍ത്തകരില്‍ പ്രശസ്തനായിരുന്ന കൊല്ലങ്കോട് ശങ്കരന്‍െറ കൂടെ പണി പഠിക്കാന്‍ കൂടി. ചുരുങ്ങിയകാലത്തിനുള്ളില്‍ ഉടുത്തൊരുക്കലില്‍ പ്രാവീണ്യം തെളിയിച്ചു. അവിടെ തുടങ്ങുകയായിരുന്നു കഥകളിയോടൊപ്പമുള്ള അപ്പുണ്ണി തരകന്‍െറ ജീവിതയാത്ര. 18ാം വയസ്സില്‍ സ്വതന്ത്രമായി ജോലി തുടങ്ങി.

ഇക്കാലത്തിനിടെ നൂറുകണക്കിന് പ്രശസ്തരായവരെ  ‘വേഷംകെട്ടിച്ചു’. വാനപ്രസ്ഥം സിനിമയില്‍ മോഹന്‍ലാലിനെ കഥകളിവേഷം അണിയിച്ച് വെള്ളിത്തിരയിലും സാന്നിധ്യമായി.  അണിയറക്കാരന്‍ പദത്തില്‍ ഒതുക്കാവുന്നതല്ല അപ്പുണ്ണി തരകന്‍െറ ഉടുത്തൊരുക്കലുകള്‍. കലോത്സവ വേദികളില്‍ പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് സുപരിചിതനാണ് അദ്ദേഹം.  കലാമണ്ഡലം മുകുന്ദരാജ പുരസ്കാരം, സംഗീത നാടക അക്കാദമി അവാര്‍ഡ്, സ്വന്തം തട്ടകമായ മാങ്ങോട് ദേശം നല്‍കിയ വീരശൃംഖല തുടങ്ങിയവ ലഭിച്ച പുരസ്കാരങ്ങളില്‍ ചിലതുമാത്രം.

കഥകളിരംഗത്തെ കുലപതികളുമായി അടുത്തിടപഴകാന്‍ കഴിഞ്ഞത്  അപൂര്‍വ സൗഭാഗ്യങ്ങളില്‍ ഒന്നാണെന്ന് ആശാന്‍ പറയുന്നു. കലാമണ്ഡലം കുഞ്ചുനായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം പത്മനാഭന്‍ നായര്‍, കലാമണ്ഡലം ഗോപിയാശാന്‍ തുടങ്ങിയവരുമായി  പ്രവര്‍ത്തിച്ച അപൂര്‍വം ചിലരിലൊരാളാണ് തരകന്‍. ജര്‍മനി, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലും കഥകളി അണിയറയില്‍ ശ്രീകൃഷ്ണനെയും അര്‍ജുനനെയും ദുര്യോധനനെയുമൊക്കെ ഉടുത്തൊരുക്കി. കഥകളിയോടുള്ള അടങ്ങാത്ത അഭിനിവേശം  രണ്ടു മക്കളെയും കഥകളിയില്‍തന്നെ കൊണ്ടത്തെിച്ചു. മൂത്തമകന്‍ ശിവരാമന്‍ ഇപ്പോള്‍ കലാമണ്ഡലത്തില്‍ അധ്യാപകനാണ്. ഇളയമകന്‍ മോഹനന്‍ ഉടുത്തൊരുക്കല്‍കലയില്‍ അച്ഛനൊപ്പമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school kalolsavam16
Next Story