കലോല്‍സവം ബാലപീഡനമാവുന്നു; ഇടപെടുമെന്ന് ബാലവകാശ കമീഷന്‍
text_fieldsതിരുവനന്തപുരം: കര്‍ട്ടന്‍ വീണ ഉടനെ തലകറങ്ങി വീഴുന്നവര്‍, ചിലര്‍ ഛര്‍ദിക്കുന്നു, വായില്‍നിന്ന് നുരവരുന്നവര്‍ വേറെ, ചിലര്‍ക്ക് കാല്‍ അനക്കാന്‍ വയ്യ, സ്ട്രച്ചറില്‍ ചുമന്നുപോലും കുട്ടികളെ പുറത്തേക്ക് കൊണ്ടുപോകുന്ന കാഴ്ചകളാണ് കലോല്‍സവത്തിന്‍െറ നൃത്ത ഇനങ്ങളിലെയും മറ്റും ഗ്രീന്‍ റൂമില്‍ കാണുന്നത്. മല്‍സരങ്ങള്‍ അനന്തമായി വൈകുന്നതോടെ കലോല്‍സവം അക്ഷരാര്‍ഥത്തില്‍ ബാലപീഡനമാവുകയാണ്. ഇക്കാര്യം കഴിഞ്ഞ തവണ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ കാര്യമായ നടപടികള്‍ എടുക്കാത്തതിനാല്‍ ബാലാവാകാശ കമീഷന്‍ നിലപാട് കര്‍ശനമാക്കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുമെന്നും അടുത്ത കലോല്‍സവം മുതല്‍ നടപടി ഉണ്ടാവുമെന്നും ബാലാവകാശ കമീഷന്‍ അംഗം കെ.നസീര്‍ 'മാധ്യമ'ത്തോടു പറഞ്ഞു.
‘കഴിഞ്ഞ കലോല്‍സവത്തില്‍തന്നെ ഇക്കാര്യങ്ങളില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം ബാലാവകാശ കമീഷന്‍ സര്‍ക്കാറിന് നല്‍കിയതാണ്. എന്നാല്‍ അവര്‍ കാര്യമായ നടപടി എടുത്തിട്ടില്ല. അപ്പീലുകള്‍ കുറക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പ് കാണിക്കുന്ന ജാഗ്രത കലോല്‍സവം ബാലപീഡനമാകുന്നതിനെതിരെയും ഉണ്ടാവണം. ബാലാവകാശ കമീഷന് അപ്പീല്‍ അനുവദിക്കാന്‍ അധികാരമില്ളെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചിട്ടില്ല -നസീര്‍ പറഞ്ഞു.
പ്രഥമശുശ്രൂഷക്കുള്ള മതിയായ സംവിധാനം പുത്തരിക്കണ്ടം മൈതാനിയിലെ മുഖ്യവേദിയില്‍ പോലും ഇല്ല. കഴിഞ്ഞ ദിവസം കേരള നടനത്തിനുശേഷം തളര്‍ന്നുവീണ ഒരുകുട്ടിയെ രക്ഷിതാക്കള്‍ ബഹളം വെച്ചതിന് ശേഷമാണ് സ്ട്രച്ചറില്‍ ആംബുലന്‍സിലേക്ക് മാറ്റിയത്. ശനിയാഴ്ച നടന്ന ഒപ്പനയിലും സംഘനൃത്തത്തിലും കൂടുതല്‍ കുട്ടികള്‍ കുഴഞ്ഞുവീണു. കഴിഞ്ഞ ദിവസം പൊരിവെയിലത്ത് ബാന്‍ഡ്വാദ്യം നടത്തിയശേഷം കുഴഞ്ഞു വീണ വിദ്യാര്‍ഥിക്കും പ്രഥമ ശുശ്രൂഷക്കുള്ള സംവിധാനമില്ലായിരുന്നു. ദീര്‍ഘനേരം മേക്കപ്പിട്ട് ഇരിക്കുന്ന കുട്ടികള്‍ക്ക് ഊര്‍ജനഷ്ടം ഉണ്ടാകാതിരിക്കാനുള്ള ശാസ്ത്രീയ സംവിധാനവും നിലവിലില്ല. ചുണ്ടിനകത്തേക്കുവരെ ചായംതേച്ച് മേക്കപ്പ് ഇടുന്നതിനാല്‍ കഥകളിയടക്കമുള്ള ഇനങ്ങളില്‍ വേഷം അഴിച്ച ശേഷമാണ് കുട്ടികള്‍ എന്തെങ്കിലും കഴിക്കാറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.