മൈലാഞ്ചിച്ചോപ്പുള്ള ഒപ്പനകിരീടം കോഴിക്കോട്ടേക്ക്
text_fieldsതിരുവനന്തപുരം: പതിറ്റാണ്ടുകള്‍ കൈവശംവെച്ച് കൈവിട്ടുപോയ മൈലാഞ്ചിച്ചോപ്പുള്ള ഒപ്പനകിരീടം വീണ്ടും കോഴിക്കോട്ടേക്ക്. അഞ്ചാം നാളിന്‍െറ മൊഞ്ചായി മാറിയ ഒപ്പനവേദിയില്‍ അഭിമാനകിരീടം ഉയര്‍ത്തിയത് കോഴിക്കോട് സില്‍വര്‍ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളാണ്. ഒപ്പന പെരുമയിലൂടെ നാടറിഞ്ഞ കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയുടെ പിന്മടക്കത്തിന് ശേഷം മലപ്പുറം, പാലക്കാട്, കാസര്‍കോട്, കൊല്ലം തുടങ്ങിയ ജില്ലകള്‍ക്കായിരുന്നു വിജയം.
എന്നാല്‍, മലപ്പുറത്ത് 2013ല്‍ നടന്ന കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒപ്പനയില്‍ നേടിയ വിജയത്തിലൂടെയാണ് സില്‍വര്‍ഹില്‍സ് സ്കൂള്‍ കിരീടവഴിയില്‍ കോഴിക്കോടിനെ തിരിച്ചത്തെിച്ചത്. അതിനുശേഷം നഷ്ടമായ വിജയം ഇത്തവണ അഭിമാനപോരാട്ടത്തിലൂടെയാണ് കൈപ്പിടിയിലൊതുക്കിയത്. പി. അമേയയും സംഘവുമാണ് കിരീടം ചൂടിയത്. മക്കത്തുദിത്തവരെ ഖദീജാബി താഹിറത്തായവരെ... എന്നു തുടങ്ങുന്ന വരികളില്‍ തുടങ്ങിയ സില്‍വര്‍ഹില്‍സ് സ്കൂളിനെ നാസര്‍ പറശ്ശിനിക്കടവാണ് പരിശീലിപ്പിച്ചത്.
14 അപ്പീല്‍ ഉള്‍പ്പെടെ 28 ടീമുകള്‍ ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തിയ വേദിയില്‍ മലപ്പുറത്തുനിന്ന് അപ്പീലിലൂടെ എത്തിയ കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസിലെ എന്‍. ഷിബിലി സുഹൈബയും സംഘവും രണ്ടും കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസിലെ അഭിസൂര്യ സുരേഷും സംഘവും മൂന്നും സ്ഥാനങ്ങള്‍ നേടി. 28 ടീമും എ ഗ്രേഡ് നേടി.
മോയിന്‍കുട്ടി വൈദ്യര്‍, ചേറ്റുവായി പരീക്കുട്ടി, ഹലീമാബീവി, ഒ.എം. കരുവാരകുണ്ട്, ഹസന്‍ നെടിയനാട്, മൊയ്തു വാണിമേല്‍ തുടങ്ങിയവരുടെ പാട്ടുകളാണ് മിക്കവരും ആലപിച്ചത്. വഴിനീളം പാടി മണവാട്ടിയെയുംകൊണ്ട് വേദിയിലത്തെി ഒപ്പനസംഘങ്ങള്‍ വിരുത്തം പാടി സദസ്സിനെ വര്‍ണിച്ചു. പ്രവാചക പത്നിമാരായ ഖദീജ, ആയിശ, സൗദാബീവി എന്നിവരുടെ കല്യാണങ്ങള്‍ വര്‍ണിക്കുന്നതായിരുന്നു കൂടുതലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.