കലോത്സവ നിയമാവലി പരിഷ്കരണം വരുന്നു; അപ്പീല്‍ നിയന്ത്രിക്കും
text_fieldsതിരുവനന്തപുരം: സ്കൂള്‍ കലോത്സവ നടത്തിപ്പില്‍ കൂടുതല്‍ സുതാര്യതയും സമഗ്രതയും കൊണ്ടുവരാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിയമാവലി പരിഷ്കരണത്തിലേക്ക്. ഇതിന്‍െറ ഭാഗമായി മുഴുവന്‍ വേദികളുടെയും ചുമതലയുള്ളവരില്‍നിന്നും അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ ഡയറക്ടര്‍ എം.എസ്. ജയ നിര്‍ദേശം നല്‍കി. നടത്തിപ്പിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ രേഖപ്പെടുത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. അപ്പീല്‍ നിയന്ത്രണം ഉള്‍പ്പെടെയുള്ളവ നിയമാവലി പരിഷ്കരണത്തില്‍ പരിഗണിക്കുമെന്ന് എം.എസ്. ജയ ‘മാധ്യമ’ത്തോട് പറഞ്ഞു.
അപ്പീലുകളുടെ ആധിക്യം കലോത്സവത്തെ പ്രതികൂലമായി ബാധിക്കുന്നെന്ന യാഥാര്‍ഥ്യം കാണാതിരുന്നുകൂടാ. ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് ആഗ്രഹം. സര്‍ക്കാറാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. നിയമാവലി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ ഉന്നതതല യോഗം ചേരും. തീരുമാനങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. 2012ലാണ് ഒടുവില്‍ നിയമാവലി പരിഷ്കരിച്ചത്. പുതിയ ഇനങ്ങള്‍ കൊണ്ടുവന്നും വിധികര്‍ത്താക്കളുടെ നിയമനരീതിയില്‍ മാറ്റംവരുത്തിയും അപ്പീല്‍ തുകയില്‍ വര്‍ധന വരുത്തിയുമായിരുന്നു അന്ന് പരിഷ്കരണം.
നേരത്തേ ബാലാവകാശ കമീഷന്‍ കലോത്സവ നടത്തിപ്പിലെ മാറ്റങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇക്കാര്യം അടുത്തവര്‍ഷം പരിഗണിക്കാനാണ് തീരുമാനിച്ചത്. ഇനങ്ങള്‍ കുറച്ച് കലോത്സവം കാര്യക്ഷമമാക്കണമെന്നതായിരുന്നു പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്. പ്രാദേശികമായി മാത്രം കണ്ടുവരുന്ന കലാരൂപങ്ങള്‍ പ്രദര്‍ശന ഇനങ്ങളാക്കി ചുരുക്കാനും കമീഷന്‍ നിര്‍ദേശിച്ചിരുന്നു. മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്ന രീതി ഒഴിവാക്കി ഗ്രേഡ് മാത്രം നല്‍കിയാല്‍ മതിയെന്നും പറഞ്ഞിരുന്നു. കമീഷന്‍െറ നിര്‍ദേശങ്ങളിലെ പ്രായോഗികതകൂടി പരിഗണിച്ചായിരിക്കും നിയമാവലി പരിഷ്കരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.