ഒപ്പനയിൽ കോഴയെന്ന്; വേദിയിൽ കുത്തിയിരിപ്പ്
text_fieldsതിരുവനന്തപുരം: ‘ഞങ്ങൾക്ക് ഫസ്റ്റ് വേണ്ട, പക്ഷേ അർഹതയുള്ളവർക്കത് കിട്ടണം...’ –ഹയർ സെക്കൻഡറി ഒപ്പനയുടെ വിധിപ്രഖ്യാപനത്തിനുശേഷം ഒരു വിഭാഗം കുട്ടികളുടെയും അധ്യാപകരുടെയും അഭിപ്രായം ഇതായിരുന്നു. ഒപ്പനയുടെ വിധിനിർണയത്തിൽ അഴിമതി ആരോപിച്ച് നെല്ലിമൂട് സെൻറ് ക്രിസോസ്റ്റംസ് സ്കൂൾ ടീമാണ് വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. ഒപ്പനക്കുശേഷം പരിചമുട്ടുകളി ആരംഭിച്ചപ്പോഴായിരുന്നു മത്സരാർഥികളുടെയും അധ്യാപകരുടെയും പ്രതിഷേധം. വേദിയിലേക്ക് കയറിയവരെ പൊലീസ് തടഞ്ഞതിനെതുടർന്ന് കുട്ടികൾ കുത്തിയിരിപ്പ് സമരം നടത്തി.
ഒപ്പനക്ക് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചത് കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിനാണ്. വിധികർത്താക്കളെ സ്വാധീനിച്ചാണ് സമ്മാനം നേടിയതെന്നാരോപിച്ചായിരുന്നു നെല്ലിമൂട് സ്കൂളിലെ കുട്ടികളുടെ പ്രതിഷേധം. സിൽവർ ഹിൽസിെൻറ മത്സരത്തിൽ അവസാനം ഒരു കുട്ടി കുഴഞ്ഞുവീണിരുന്നു. കമ്മൽ തെറിച്ചുവീഴുകയും ചെയ്തു. ഒപ്പനക്കിടെ പാവാട കാണിച്ചത് വിധികർത്താക്കൾക്കുള്ള സൂചനയായിരുന്നു.
ശനിയാഴ്ച നടന്ന എച്ച്.എസ് വിഭാഗം മത്സരത്തിലും ഞായറാഴ്ചത്തെ ഹയർ സെക്കൻഡറി മത്സരത്തിലും സിൽവർ ഹിൽസ് ടീമിൽനിന്ന് ഇത്തരം അനുഭവമുണ്ടായി –പ്രതിഷേധക്കാർ ആരോപിച്ചു. തങ്ങൾക്ക് സമ്മാനം കിട്ടിയില്ലെങ്കിലും വിധികർത്താക്കളെ സ്വാധീനിച്ച് സമ്മാനം നൽകിയത് റദ്ദാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഡി.പി.ഐക്ക് പരാതി നൽകുമെന്ന് ഇവർ അറിയിച്ചു. മറ്റു സ്കൂളുകളിലെ കുട്ടികളും പ്രതിഷേധത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.